Translate

Friday, December 2, 2011

സ്വാര്‍ത്ഥത - പുരോഹിതരുടെ സഹജഭാവം

കാര്യങ്ങള്‍  തെളിഞ്ഞുവരുന്നത് വളരെ വൈകിയാണ്. നാം അതിരുകടന്നു വിശ്വസിക്കുന്നവര്‍ നമ്മെക്കൊണ്ട് കാര്യം കാണുകയും അത് വഴി നമ്മെ സാരമായി ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, അത് നാം അറിയുന്നേയില്ലെങ്കില്‍, തെറ്റ് ഇരട്ടി ഗൌരവമുള്ളതാകുന്നു. അച്ചന്മാരെന്നു പറയുന്നവര്‍, വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണില്‍, ഒരിക്കലും ചതിക്കില്ലാത്തവരാണ്. അങ്ങനെയുള്ളവര്‍ വല്ലാതെ ചതിച്ചു എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
എന്റെ അനുഭവം കുറിക്കട്ടെ. ഒന്നാന്തരം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മിഡില്‍ സ്ക്കൂളില്‍ നിന്ന് TC യും വാങ്ങി മാന്നാനത്തുള്ള സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു. അവിടെയുള്ള സെന്റ്‌ അലോഷ്യസ് ബോര്‍ഡിങ്ങില്‍ താമസം. കാര്യങ്ങളൊക്കെ നന്നായി മുന്നേറി.

അസിസ്റ്റന്റ്‌ ബോര്‍ഡിംഗ് റെക്ടര്‍ ഫാ. റുഡോള്‍ഫ് പുസ്തകമെഴുത്തുകാരനായിരുന്നു. എന്റെ കൈയ്ക്ഷരം മനോഹരം. അച്ചനെഴുതുന്ന പുസ്തകങ്ങള്‍ മാന്നാനം പ്രസ്സില്‍ അച്ചുനിരത്താന്‍ കൊടുക്കാന്‍ മാന്യുസ്ക്രിപ്റ്റ്  തയ്യാറാക്കുന്നതിന്, വായിച്ചെടുക്കാന്‍ പറ്റാത്ത കൈപ്പടയില്‍ അച്ചനെഴുതുന്നതെല്ലാം എന്നെ ഏല്പിക്കും. ആദര്‍ശബാലന്‍ തുടങ്ങിയ സാമാന്യം വലിയ കൃതികള്‍. പലപ്പോഴും താളുകള്‍ എഡിറ്റു ചെയ്ത ശേഷം വീണ്ടും എഴുതണം. എന്റെ പഠനസമയമെല്ലാം ഇങ്ങനെ നഷ്ടപ്പെടുന്നതില്‍ അച്ചന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല! അച്ചനല്ലേ ആവശ്യപ്പെടുന്നത്, പറ്റില്ലെന്ന് പറയാമോ? തന്നെയല്ല, കൈയ്ക്ഷരത്തെ പുകഴ്ത്തി ഇടയ്ക്കിടയ്ക്ക് സോപ്പിടുമ്പോള്‍ പക്വതയില്ലാത്ത ഏത്‌ കിട്ടിയും വീണുപോകില്ലേ? ക്ലാസില്‍ ഞാന്‍ പുറകോട്ടായി. വളരെ കഷ്ടിച്ചാണ് ഞാന്‍ SSLC കടന്നുകൂടിയത്. ഞാനന്ന്‍ തോറ്റുപോയിരുന്നെങ്കിലോ? ഫസ്റ്റ്ക്ലാസ്സോടെ ജയിച്ച് ഒന്നാന്തരം ഉപരിപഠനത്തിനു വഴിയുണ്ടായിരുന്ന എന്റെ ഭാവിതന്നെ ഇയാള്‍ മാററിക്കുറിച്ചു.  

എത്ര സ്വാര്‍ത്ഥമതികളാകാം ഈ വൈദികര്‍ എന്നതിന് മറ്റൊരുദാഹരണം. ബോര്‍ഡിംഗ് റെക്റ്റര്‍ക്ക് അതിരാവിലെ എഴുന്നേറ്റു കുര്‍ബാന ചൊല്ലണം. അതിന് സഹായിക്കാന്‍ അച്ചന്‍റെ രണ്ടുമൂന്നു പൂച്ചക്കുട്ടികളെ നാല് മണിയാകുമ്പോള്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിക്കും. അക്കൂടെ ഞാനുമുണ്ട്. ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞ് വരുമ്പോളാണ് ബാക്കി കുട്ടികള്‍ എഴുന്നേല്‍ക്കുക. ഉറക്കം ശരിയാകാത്ത ഞങ്ങളിരുന്നു പഠിക്കാന്‍ ശ്രമിച്ചാലും പറ്റില്ല. തൂങ്ങിത്തൂങ്ങിയിരിക്കും. മൂന്ന് വര്‍ഷം ഇതായിരുന്നു കളി. അന്ന് ഇതിന്റെയൊന്നും ഭവിഷ്യത്തുകള്‍ അറിഞ്ഞിരുന്നില്ല. എത്ര ക്രൂരമായിട്ടാണ് ഈ പാതിരികള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ദുരുപയോഗിച്ചിരുന്നത്!            

സ്വാര്‍ത്ഥത പുരോഹിതരുടെ കൂടെപ്പിറപ്പാണ്. അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. എന്റെയടുത്തുള്ള പള്ളിയിലെ ചെറുപ്പക്കാരനായ വികാരി ചെയ്യുന്നത് കേട്ടോടൂ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള വീടുകളിലെ കുട്ടികളെ വിളിച്ച്‌ ഓരോ പണി കൊടുക്കും. പിള്ളേരല്ലേ, അവര്‍ക്കും രസം. പക്ഷേ, ഇയാള്‍ അറിയുന്നുണ്ടോ, മാതാപിതാക്കളുടെ ആവലാതികള്‍? വീട്ടില്‍ പലതുമുണ്ട് മക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കേണ്ടവ. പിള്ളേര്‍ പള്ളിമുറിയിലും ചുറ്റുവട്ടത്തുമാണ്, ദിവസം മുഴുവന്‍. എന്തു ചെയ്യാന്‍? പറഞ്ഞാല്‍ അച്ചന്‍ പിണങ്ങിയാലോ? പയ്യെപ്പയ്യെ കുട്ടികള്‍ ഇതൊരു ലാക്കായി കാണും, വീട്ടില്‍ നിന്ന് രക്ഷപ്പെടാം, അച്ചന്‍റെ നിഴലില്‍ നല്ല കുട്ടി ചമഞ്ഞുനടക്കാം. മാതാപിതാക്കള്‍ ഇതെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. 

1 comment:

  1. സ്വാര്‍ഥത പുരോഹിതരുടെ കൂടപ്പിറപ്പെന്നുള്ളത് വലിയ ഒരുസത്യമാണ്. കൊടുംഘോര തണുപ്പുരാജ്യങ്ങളിലും ചൂടുള്ള ആഫ്രിക്കയിലും കാറ്റുംപേമാരിയുള്ള ഉള്‍നാടന്‍ തെക്കേഅമേരിക്കന്‍ സ്ഥലങ്ങളിലും വേനല്‍ക്കാലകേരളത്തിലും എവിടെയാണെങ്കിലുംശരി പുരോഹിതരെ ദൈവം സൃഷടിച്ചത് പ്രത്യേക ഒരു അച്ചിന്‍റെഅകത്തു വാര്‍ത്താണ്.നാട്ടില്‍ വന്നാല്‍ ഇടവകവികാരിയെ പേടിച്ചു പള്ളിയില്‍ പോകാന്‍ സാധിക്കുകയില്ല. അയാള്‍ക്ക് ലക്ഷത്തില്‍ കുറഞ്ഞു ചോദ്യംഇല്ല. ഒളിഞ്ഞിരിക്കുന്ന പല കള്ളപുരോഹിതരുടെയും സ്വഭാവം കണ്ടുപിടിക്കുക വളരെ പ്രയാസമാണ്. അമ്മച്ചിമാരു വെള്ളംഊറി കൈകൂപ്പി നില്‍ക്കുന്നതു പോലെ സര്‍വരും തൊഴുതു നില്‍ക്കുവാനാണ് ഇവര്‍ പ്രതിക്ഷിക്കുന്നത്.

    ഞാന്‍ വലിയ ഒരു സുഹൃത്തായിരുന്ന വൈദികനെപ്പറ്റി ഇവിടെ എഴുതട്ടെ. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അമേരിക്കയില്‍ അദ്ദേഹം എന്‍റെ ചങ്ങാതിയായിരിന്നിട്ടും മനസിലാക്കുവാന്‍ സാധിച്ചില്ല. കര്‍മ്മലീത്താക്കാരന്‍ ആയിരുന്നതുകൊണ്ട് ഇടവക വികാരിയെപ്പോലെ അഹങ്കാരിയൊന്നുമായിരുന്നില്ല. നാട്ടില്‍ ഒരു കോളേജില്‍ പ്രൊഫസറും നൂറുകണക്കിന് ചപ്പുചവറു കണ്ണാടി പുസ്തകങ്ങളും എഴുതി പേരും പെരുമയുമുള്ള ഒരു വൈദികന്‍. എഴുതിയ ബീഡികുറ്റി പുസ്തകങ്ങള്‍ ഒരാളില്‍ നിന്നും നൂറുഡോളര്‍വരെ പ്രവാസിമലയാളികളില്‍ നിന്നും വസൂലാക്കി പണം ഉണ്ടാക്കാന്‍ ബഹുമിടുക്കന്‍. നിയമം അനുസരിച്ചു അതിന്‍റെ ഓഹരി കര്‍മ്മലീത്താക്കാര്‍ക്ക് കൊടുക്കാതെ മുഴുവന്‍ കീശ യിലിടുകയാണു പതിവ്. പോട്ടെ, ഇതൊക്കെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യം.

    പുസ്തകം ഗവേഷണങ്ങള്‍ നടത്തുവാന്‍ അദ്ദേഹം എന്നും ന്യുയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ വരുമായിരുന്നു. ഞാന്‍ അവിടെ അന്ന്ജോലി ചെയ്യുന്ന സമയം. അദ്ദേഹത്തിന്‍റെ ഗവേഷണകാര്യങ്ങള്‍ക്കായി ലേഖനങ്ങളും പുസ്തകങ്ങളും തപ്പിപിടിച്ചു സഹായിക്കും. ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ പോവും. ഇദ്ദേഹത്തിനു വേറെ ദുര്‍ഗുണങ്ങള്‍ ഒന്നുമില്ല. പരദൂഷണം, മനസ്സില്‍ വിരോധമുള്ള എല്ലാ അച്ചന്മാരുടെയും കുറ്റങ്ങള്‍, കക്കാന്‍ കഴിവില്ലാത്തതു കൊണ്ട് മറ്റുള്ളവരെ പറ്റിക്കുവാന്‍ ബഹുമിടുക്കനെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്.


    എനിക്കു പറ്റിയ അമളിയാണ്‌ ഇ‍വിടെ വിവരിക്കുന്നത്. രണ്ടായിരത്തില്‍പ്പരം അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിന്‍റെ ചരിത്രം ഞാന്‍ തയ്യാറാക്കി. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ അതിനു ബുദ്ധിമുട്ടി.അന്ന് ഇദ്ദേഹം പാലാ കൊവേന്ത ആശ്രമത്തില്‍ താമസിക്കുന്നു. പുസ്തകത്തിന്‍റെ പ്രിന്‍റിംഗ്, എഡിറ്റിംഗ്, ടൈപ്പിംഗ്‌ എല്ലാം ചെയ്തു ഒരു എഡിറ്റൊരിയലും തയ്യാറാക്കി
    തരാമെന്നു പറഞ്ഞതുകൊണ്ട് ആയിരത്തോളം പേജുകള്‍ ഉള്ള പുസ്തകത്തിന്‍റെ മാനുസ്ക്രിപ്റ്റ് ഈ പുരോഹിതനെ ഏല്‍പ്പിച്ചു. മാസങ്ങളോളം എന്നോട് ഡോളര്‍ മേടിച്ചതല്ലാതെ ഇദ്ദേഹം ഒന്നും ചെയ്തില്ല. ഇവിടെനിന്ന് വിളിക്കുമ്പോള്‍ പറയും ഒരു കോളേജു പ്രൊഫസര്‍ പുസ്തകം എഡിറ്റുചെയ്തു കൊണ്ടിരിക്കുകയാണ് എന്ന്. അവസാനം സഹികെട്ട് ഞാന്‍ നാട്ടില്‍എത്തി. അവിടെയും എന്നെ മൂന്നുനാല് മാസങ്ങള്‍ വട്ടംകറക്കി. കാണുമ്പോള്‍ എല്ലാം പതിനായിരകണക്കിന് രൂപ മേടിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്‍റെ രണ്ടുമൂന്നു ഇരട്ടി ദയാവധം പോലെ മാസങ്ങള്‍കൊണ്ട് വസൂലാക്കി. പിന്നെ അദ്ദേഹത്തിന്‍റെ ഒരു വൈക്കോല്‍ പുസ്തകത്തിനു ഞാന്‍ അമ്പതിനായിരം രൂപ കൊടുക്കണംപോലും. കിട്ടുകയില്ലായെന്നു മനസ്സിലായപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വരം മാറ്റുവാന്‍ തുടങ്ങി. ടൈപ്പിന്‍റെ ബാലപാഠംപോലും അറിയാത്ത ഒരു പാവപ്പെട്ട പെണ്‍കുട്ടിയാണ് അച്ചന് ജോലിചെയ്യുന്നത്. ഓരോപേജിലും ആയിരകണക്കിന് തെറ്റുകള്‍ വരുത്തി നൂറു കണക്കിന് വിടുതലുകളുമായി എന്നോട് ഇനി പുസ്തകം മറ്റു എവിടെയെങ്കിലും പോയി പ്രിന്‍റ്ചെയ്തു കൊള്ളുവാന്‍ പറഞ്ഞു. അമേരിക്കയില്‍ ആയിരുന്നുവെങ്കില്‍ എനിക്കു
    ആ വൈദികന്‍റെ പേരില്‍ കേസ് കൊടുത്തു നഷ്ടപരിഹാരം ഈടാക്കാമായിരുന്നു. പാലാ ST. ജോസഫ് പ്രസ്സില്‍ പോയി വീണ്ടും മാസങ്ങളോളം അവിടെ താമസിച്ചു വിടുതലുകള്‍ ഒക്കെ കണ്ടുപിടിച്ചു, എഡിറ്റുചെയ്തു പുസ്തകം തയാറാക്കി. പ്രസ്സില്‍ ചെന്നപ്പോഴാണ് അറിയുന്നതു അവിടുത്തെ അച്ചനെയും ഒരു പുസ്തകം പ്രിന്‍റ് ചെയ്തതിനു ഒരുലക്ഷം രൂപ ഈ വൈദികന്‍ പറ്റിച്ചെന്ന്. ഇദ്ദേഹത്തെ അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം അറിയാം. പലരുടെയും നോട്ടപുള്ളിയാണ്. ഈ പിരിവച്ചനെ കണ്ടാല്‍ പലരും ഓടും. എന്നിരുന്നാലും ഇദ്ദേഹത്തിനു വേറെ പല ഗുണങ്ങളുണ്ട്. പെണ്ണുപിടിക്കുകയില്ല, മദ്യപിക്കുകയോ ബീഡി വലിക്കുകയോ ചെയ്യുകയില്ല. ആള്‍ ചിലപ്പോള്‍ സരസനാണ്. ഒരിക്കല്‍ എന്‍റെ ഒരു പുത്തന്‍കാര്‍ മേടിച്ചതിന്‍റെ പിറ്റേദിവസം മോഷണംപോയി. അന്ന് ഈ
    പുരോഹിതനോട് എന്‍റെ കാറ് മോഷണംപോയ കഥ പറഞ്ഞ ഉടനെ തന്നെ അത്യാഹ്ലാദത്തോടെ ഹ ഹ ഹ എന്നുള്ള പൊട്ടിച്ചിരി ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ദിഗംബരങ്ങള്‍ പൊട്ടുന്നവിധത്തില്‍ വലിയ ഒരു പൊട്ടിച്ചിരി. അങ്ങനെ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന നല്ല ഒരു വൈദികനുമാണ് ഇദ്ദേഹം.

    ReplyDelete