Translate

Sunday, November 6, 2011

അല്മായ ശബ്ദം - ആമുഖം

'കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (Kerala Catholic church Reformation Movement - KCRM) 'അത്മായ ശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ്-ബ്ലോഗ് ആരംഭിക്കുന്നു. 'അല്‍മായര്‍' (Laity) എന്ന പദം വിശ്വാസികളെ തരംതാഴ്ത്തുന്നതിനായി പൗരോഹിത്യം രൂപംകൊടുത്തതാണ് എന്നറിയാമെങ്കിലും, പ്രചാരത്തിലുള്ള ആ പദം തന്നെ, സൗകര്യത്തെപ്രതി ഉപയോഗിക്കുകയാണ്.

എല്ലാ മതങ്ങളുടെയും ധര്‍മ്മം മനുഷ്യനെ ആത്മീയാവബോധത്തിലേക്കു നയിക്കുക എന്നതാണ്. അതായത്, സത്താപരമായി സര്‍വ്വതും ഒന്നാണെന്നും, അതുകൊണ്ട് എല്ലാവരും നേര്‍സഹോദരരാണെന്നുള്ള ആന്തരികാവബോധമുണര്‍ത്തുക; അങ്ങനെ, മനുഷ്യമനസ്സിനെ ഇടുങ്ങിയ സ്വകാര്യമാത്രപരതയില്‍നിന്നും വിശാലമായ പരാര്‍ത്ഥതാഭാവത്തിലേക്കു വിടര്‍ത്തിക്കൊണ്ടുവരിക; സര്‍വ്വത്രിക സ്‌നേഹത്തിലധിഷ്ഠിതമായ ഒരു പരസ്പരാനന്ദ ലോകവ്യവസ്ഥിതിക്കു വഴിയൊരുക്കുക- ഇതെല്ലാമാണ് എല്ലാ മതദര്‍ശനങ്ങളും ലക്ഷ്യമാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍, മാനുഷികമൂല്യങ്ങളുടെ ആഗോളവല്‍ക്കരണമാണ് എല്ലാ മതങ്ങളുടെയും മതസ്ഥാപകരുടെയും പ്രഖ്യാപിതലക്ഷ്യം.

എന്നാല്‍, ഈ ഉദാത്തലക്ഷ്യം തകിടംമറിഞ്ഞിരിക്കുകയാണിന്ന് എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍, അല്ലെങ്കില്‍ അവനവനിലേക്കൊന്നു ചുഴിഞ്ഞുനോക്കിയാല്‍, ആര്‍ക്കും കാണാനാകും. മനുഷ്യമനസ്സുകളില്‍ സ്‌നേഹം, ക്ഷമ, ആര്‍ദ്രത മുതലായ മാനുഷികമൂല്യങ്ങള്‍ വറ്റി വരളുകയും, പകരം മാത്സര്യം, സ്പര്‍ദ്ധ, വിദ്വേഷം മുതലായ കച്ചവടമൂല്യങ്ങള്‍ തഴച്ചുവളരുകയാണിന്ന്. കച്ചവടമൂല്യങ്ങളുടെ ആഗോളവല്ക്കരണമാണ് നടന്നുവരുന്നത്. തന്‍മൂലം ഒരു ആഗോളചന്തവ്യവസ്ഥിതിയുടെ പിടിയിലായിരിക്കുന്നു ലോകം. പണവും, പണത്തിന്റെ നിയമങ്ങള്‍ വാഴുന്ന വിപണിയും അവയുടെ സ്രഷ്ടാവായ മനുഷ്യനെ അടക്കിഭരിക്കുന്ന ഒരു ദുരവസ്ഥയിലേക്ക് മനുഷ്യകുലം തലക്കുത്തി വീണിരിക്കുന്നു.

ഇതെങ്ങനെ സംഭവിച്ചു എന്നാലോചിച്ചാല്‍ മതങ്ങളുടെ അപചയമാണതിനു മുഖ്യകാരണമെന്നു കാണാനാകും. കാരണം, ശ്വാസോച്ഛ്വാസത്തിലൂടെ ഓക്‌സിജനെന്നപോലെ, മനുഷ്യമനസ്സുകളില്‍ സദാ ആത്മീയാവബോധമെത്തിച്ച് മനഃശുദ്ധീകരണം നടത്തുക എന്ന മതധര്‍മ്മത്തിന്റെ അഭാവത്തില്‍ മനസ്സ് മലിനമാകുകയും, മനുഷ്യന്‍ സാംസ്‌കാരിക ജീര്‍ണ്ണതയ്ക്കടിമപ്പെടുകയും ചെയ്യും. അവനവനും സമൂഹത്തിനും ദോഷകരമായ നിഷേധഭാവങ്ങള്‍ ഉയര്‍ന്നു വരുകയും അതിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങള്‍ വ്യവസ്ഥാപിതമാകുകയും ചെയ്യും. അതിന്നു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ഈ ദുരവസ്ഥയില്‍ നിന്നു കരകയറാന്‍ ഒരു ആദ്ധ്യാത്മികവിപ്ലവം തന്നെ അനിവാര്യമായിരിക്കുന്നു എന്നു ഞങ്ങള്‍ കരുതുന്നു. കാരണം, എല്ലാ യഥാര്‍ത്ഥ വിപ്ലവങ്ങള്‍ക്കും അടിത്തറയായിരിക്കുന്നത് മതമേഖലയില്‍ നടക്കുന്ന വിപ്ലവമാണ്. ആദ്ധ്യാത്മികവിപ്ലവം സാംസ്‌കാരിക-വിപ്ലവങ്ങള്‍ക്കും അവ സാമൂഹിക-രാഷ്ട്രീയവിപ്ലവങ്ങള്‍ക്കും കാരണമായിത്തീരുകയാണ്.

അതുകൊണ്ട്, എല്ലാ മതസ്ഥരും തങ്ങളുടെ മതങ്ങളെ അവയുടെ ആദിമദര്‍ശനത്തിലേക്കു നയിക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.

പുരോഹിതാധിപത്യംകൊണ്ട് ഏറ്റവും ദുഷിച്ച്, മറ്റു മതങ്ങള്‍ക്കുപോലും ശക്തമായ ദുര്‍മ്മാതൃകയായിത്തീര്‍ന്നിരിക്കുന്ന കത്തോലിക്കാ മതത്തിനുള്ളില്‍ നിന്നുകൊണ്ട് സഭയില്‍ യേശുദര്‍ശനങ്ങളുടെ നഷ്ടപ്പെട്ട സാന്നിദ്ധ്യം വീണ്ടെടുക്കുവാനുള്ള പരിശ്രമത്തിലാണ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി 'കേരളകത്തോലിക്കാ സഭാനവീകരണ-പ്രസ്ഥാനം'(KCRM). അതിന്റെ ഭാഗമായി ക്രൈസ്തവസമുദായത്തിന്റെ മേലുള്ള പുരോഹിതരുടെ സാമ്പത്തികാധിപത്യത്തിന്റെ പിടി വിടുവിക്കാന്‍ സഹായിക്കുന്ന ചര്‍ച്ച് ആക്ട് ഗവണ്‍മെന്റിനെക്കൊണ്ട് പാസ്സാക്കിക്കുക എന്ന അടിയന്തിരലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിച്ചുവരുന്നു. ഇതേ ഉദ്ദേശ്യത്തോടെ രൂപംകൊണ്ട കേരളത്തിലെ ഒരു ഡസ്സനിലേറെ ക്രൈസ്തവസംഘടനകളുടെ ഏകോപനവേദിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'(JCC)ലിന്റെ ഭാഗവുമാണ്, KCRM.

KCRM- ന്റെ ഏറ്റവും പുതിയ കാല്‍വെയ്പ്പാണ് 'അത്മായ ശബ്ദം' എന്ന ഈ ഗ്രൂപ്പ് - ബ്ലോഗ്. ബ്ലോഗില്‍ Authorised Contributors കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുന്നു എന്നതാണ് ഗ്രൂപ്പ്-ബ്ലോഗിന്റെ പ്രത്യേകത. നിങ്ങളുടെ മത/സഭാസംബന്ധിയായ സ്വതന്ത്രചിന്തകളും ആശയങ്ങളും പ്രതികരണങ്ങളും 'അത്മായ ശബ്ദം' ബ്ലോഗിലൂടെ പങ്കുവയ്ക്കാന്‍ ക്ഷണിക്കുന്നു! അതിനായി, almayasabdam@gmail.com എന്ന ഈ-മെയില്‍ വിലാസത്തില്‍ നിങ്ങളുടെ രചനകള്‍ അയച്ചുതരുക. താല്പര്യമറിയിക്കുന്നവര്‍ക്ക് ഈ ബ്ലോഗിന്റെ അംഗമാകുന്നതിനുള്ള  ക്ഷണം ഞങ്ങള്‍ നിങ്ങള്‍ക്ക് മെയില്‍ ചെയ്യുന്നതാണ്.

എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്,

സ്‌നേഹാദരപൂര്‍വ്വം  
ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി,  KCRM
(On Behalf of Administrators, Almaya Sabdam)

1 comment:

  1. CONGRATULATIONS!
    First of all, I congratulate KCRM for launching a new blog because KCRM now created a forum for the general public for an ongoing conversation. In this electronic age, it is an outstanding tool for KCRM to make the faithful aware that the Catholic Church needs reformation and modernization. I believe that is its objective. Every blog is a two way information channel. That is the beauty of a blog. It benefits every body. Therefore, I earnestly encourage the public to contribute to the blog your valuable articles, comments, fresh news, or what ever you have in your mind. Be a part of it and make KCRM's effort a success.

    ReplyDelete