Translate

Monday, November 21, 2011

താങ്കള്‍ ഒരു പുരോഹിതനായിരുന്നെങ്കില്‍....


“Roman Polanski has for the first time apologised to a woman, whom he had raped in 1977 when she was 13 years old.”

റോമാന്‍ പോളാന്‍സ്‌കി. വിവാദങ്ങള്‍ പോളാന്‍സ്‌കിയെ തേടിയെത്തുകയായിരുന്നോ, അതോ പോളാന്‍സ്‌കി വിവാദങ്ങളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നോ എന്നു സംശയം ജനിപ്പിക്കുന്ന ഒരു ജീവിതം.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ മാക്‌സ്മുള്ളര്‍ ഭവനില്‍ വച്ചാണ് നൈഫ് ഇന്‍ ദ വാട്ടര്‍ (“Knife in the water”) എന്ന ചലച്ചിത്രം കാണുന്നത്. അങ്ങനെയാണ് റോമാന്‍ പോളാന്‍സ്‌കി എന്ന മഹാനായ ചലച്ചിത്ര സംവിധായകനെക്കുറിച്ച് അറിയുന്നത്. 1933-ല്‍ പോളിഷ് വംശജരായ ജൂതദമ്പതികളുടെ പുത്രനായി പാരീസില്‍ ജനിച്ചു. നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം പോളണ്ടിലേയ്ക്ക്. താമസിയാതെ തുടങ്ങിയ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് പോളണ്ടിലുണ്ടായ ജൂതവേട്ടയില്‍നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. ഔഷ്‌വിറ്റ്‌സില്‍ പൊലിയേണ്ടിയിരുന്ന ആ പ്രതിഭയെ വിധി രക്ഷപ്പെടുത്തി - ലോകോത്തര സിനിമകളും വിവാദങ്ങളും സൃഷ്ടിക്കാന്‍.

കണ്ടുമുട്ടിയിട്ടുള്ള പല പോളണ്ടുകാരോടും പോളാന്‍സ്‌കിയെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംസാരം തുടരാന്‍ അവരിലാരും താല്പര്യം കാണിച്ചിട്ടില്ല. അവരെല്ലാംതന്നെ സമര്‍ത്ഥമായി സംഭാഷണം അന്ദ്രേ വായ്ദാ (Andrzej Wajda) എന്ന മറ്റൊരു പ്രശസ്ത പോളിഷ് സംവിധായകനിലേക്ക് കൊണ്ടുപോകും. പോളാന്‍സ്‌കിയുടെ പേരു കേള്‍ക്കുന്നതുതന്നെ യാഥാസ്ഥിതിക കത്തോലിക്കരായ പോളണ്ടുകാര്‍ക്ക് ഇഷ്ടമല്ല.

1962-ല്‍ തന്റെ 29-ാമത്തെ വയസ്സിലാണ് നൈഫ് ഇന്‍ ദ വാട്ടര്‍ പോളാന്‍സ്‌കി സംവിധാനം ചെയ്തത്. വെറും മൂന്നു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടുപേരാകട്ടെ, അഭിനയത്തില്‍ യാതൊരു മുന്‍പരിചയമില്ലാത്തവരും. പക്ഷേ സിനിമയ്ക്ക് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഓസ്‌കാര്‍ അവാര്‍ഡിന് (വിദേശഭാഷയിലുള്ള ചിത്രം) നോമിനേഷനും ലഭിക്കുകയുണ്ടായി.

പോളാന്‍സ്‌കി വാരിക്കൂട്ടിയിട്ടുള്ള അവാര്‍ഡുകളുടെ കണക്കെടുക്കുക ബുദ്ധിമുട്ടാണ്. 1974-ല്‍ ഇദ്ദേഹം നിര്‍മ്മിച്ച ''ചൈനാ ടൗണ്‍'' എന്ന ഒറ്റപടത്തിനു തന്നെ പതിനൊന്നു ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു! ഇത്രയും വലിയൊരു കലാകാരനെക്കുറിച്ച് പോളണ്ടുകാര്‍ എന്തുകൊണ്ട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല?

പോളാന്‍സ്‌കിയുടെ കലാജീവിതം പോലെ തന്നെ വര്‍ണ്ണാഭവും സംഭവബഹുലവുമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. സ്വകാര്യജീവിതത്തിലെ ദുര്‍നടപ്പാണ് ഇദ്ദേഹത്തെ അനഭിമതനാക്കുന്നത്.

1959-ല്‍ പോളാന്‍സ്‌കി സംവിധാനം ചെയ്ത When Angels Fall എന്ന സിനിമയില്‍ അഭിനയിച്ച ബാര്‍ബറാ ലാസ്സ് (Barbara Lass) ആണ് പോളാന്‍സ്‌കിയുടെ ആദ്യഭാര്യ. 1959-ല്‍ വിവാഹം; 1961-ല്‍ വിവാഹമോചനം.

The Fearless Vampire Killers എന്ന സിനിമയിലൂടെ പരിചയപ്പെടുമ്പോള്‍ ഷാരോണ്‍ (Sharon Tate) അഭിനയിച്ചു തുടങ്ങുന്നതേയുള്ളായിരുന്നു. 1968-ല്‍ ഇവര്‍ വിവാഹിതരായി. തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തികരമായ കാലം എന്നാണ് ഷാരോണോടൊത്തു കഴിഞ്ഞ തന്റെ ഒന്നരക്കൊല്ലത്തെ ജീവിതത്തെക്കുറിച്ച് പോളാന്‍സ്‌കി ആത്മകഥയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാരോണ്‍ കൊല്ലപ്പെടുകയായിരുന്നു. ഈ കൊലപാതകം പോളാന്‍സ്‌കിയെ വല്ലാതെ ഉലച്ചുകളഞ്ഞു.

1976-ല്‍, തോമസ് ഹാര്‍ഡിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഇദ്ദേഹം സംവിധാനംചെയ്ത സിനിമയാണ് ടെസ്സ്. ടെസ്സിലെ നായിക, പവിഴംപോലെ മനോഹരമായ ചുണ്ടുകളും, ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യവും ഉള്ള നടാഷ കിന്‍സ്‌ക്കിയായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് 15-17 വയസ്സുണ്ടായിരുന്ന നടാഷ 43-കാരനായ സംവിധായകന്റെ കാമുകിയായി. അത്രയ്ക്കുണ്ടായിരുന്നു സംവിധായകന്റെ വശീകരണശക്തി. അവര്‍ പക്ഷേ വിവാഹിതരായില്ല. സിനിമ പൂര്‍ത്തിയായതോടെ ആ ബന്ധവും കഴിഞ്ഞു. ടെസ്സിന്റെ വിജയം നടാഷയെ വലിയൊരു താരമാക്കി.

1989-ല്‍ പോളാന്‍സ്‌കി എമ്മാനുവേല്‍ സെന്വേര്‍ (Emmanuella Seigner) എന്ന ഫ്രഞ്ച് നടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
13വയസ്സുകാരിയായ സമാന്ത ഗേയ്മര്‍ (Samantha Geimer) എന്ന പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിച്ചു എന്ന കുറ്റത്തിന് 1977 മാര്‍ച്ച് പത്തിന് അമേരിക്കയിലെ ലോസ് ഏഞ്ചലസ്സ് പോലീസ് പോളാന്‍സ്‌കിയെ അറസ്റ്റു ചെയ്തു. ഇത് അമേരിക്കയില്‍ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും, തന്റെ പണമോ പ്രശസ്തിയോ ഒന്നും ഇക്കാര്യത്തില്‍ തന്നെ സഹായിക്കുകയില്ലെന്നും മനസ്സിലാക്കിയ പോളാന്‍സ്‌കി 1978 ഫെബ്രുവരി ഒന്നാംതിയതി ലണ്ടന്‍ വഴി പാരീസിലേക്ക് പലായനം ചെയ്തു. അന്നു മുതല്‍ ഇദ്ദേഹം അമേരിക്കന്‍ നിയമപാലകര്‍ക്ക് പിടികൊടുക്കാതെ, ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയായിരുന്നു. എവിടെ നിന്നെങ്കിലും സഹതാപമോ സഹായമോ ലഭിച്ചില്ല. സ്വന്തക്കാരെല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പോളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇരട്ട പൗരത്വമുള്ള പോളാന്‍സ്‌കിയെക്കുറിച്ച് പോളിഷ് പ്രധാനമന്ത്രി (Donald Tusk) ഇക്കാര്യത്തില്‍ സംയമനം പാലിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് തന്റെ മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു, ''ഒരു കൊച്ചുകുട്ടിയെ ബലാല്‍സംഗം ചെയ്തതിന്റെ ശിക്ഷയാണദ്ദേഹം അനുഭവിക്കുന്നതെന്ന കാര്യം മറക്കരുത്.''

നിയമത്തിനു പിടികൊടുക്കാതെ അലയുന്നതിനിടയിലും പോളാന്‍സ്‌കിയുടെ സര്‍ഗ്ഗശേഷി കുറഞ്ഞില്ല. ഈ കാലയളവിലും ഒന്നാംകിടയെന്നു വിളിക്കാവുന്ന നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ എടുത്തുപറയേണ്ടവ പിയാനിസ്റ്റ് (2002), ഒളിവര്‍ ട്വിസ്റ്റ് (2005), ഗോസ്റ്റ് റൈറ്റര്‍ (2010) എന്നിവയാണ്.

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ''ലൈഫ് ടൈം അച്ചീവ്‌മെന്റ്'' അവാര്‍ഡ് സ്വീകരിക്കാനായി എത്തിയ പോളാന്‍സ്‌കിയെ സൂറിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത് സ്വിസ് പോലീസാണ്. അവിടെ നിന്നങ്ങോട്ട് നീണ്ട നിയമയുദ്ധമായിരുന്നു. 2010-ലാണ് അദ്ദേഹം മോചിതനാകുന്നത്.

കൊച്ചുകുട്ടിയായിരിക്കവേ തന്റെ ചാപല്യങ്ങളുടെ ഇരയായ സ്ത്രീയോട് പോളാന്‍സ്‌കി ഈയിടെ പരസ്യമായി ക്ഷമായാചന നടത്തി. ഒരു ഭ്രാന്തന്‍ നിമിഷത്തില്‍ ഒരു കൊച്ചുകുട്ടിയോടു തോന്നിയ അഭിനിവേശം മൂലം ചെയ്ത കുറ്റത്തിന് മഹാനായ ഈ കലാകാരന്‍ എത്രവര്‍ഷം മാനസികമായി പീഡിപ്പിക്കപ്പെട്ടു!

പോളാന്‍സ്‌കിയുടെ കുറ്റത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, നൈഫ് ഇന്‍ ദ് വാട്ടര്‍, റോസ് മേരീസ് ബേബി, ടെസ്സ്, തുടങ്ങിയ പടങ്ങള്‍ കണ്ടതുമൂലം അദ്ദേഹത്തിലെ കലാകാരനോടുള്ള ആരാധനമൂലം ആശിച്ചു പോവുകയാണ്.

പോളാന്‍സ്‌കീ, ഒരു കത്തോലിക്കാപുരോഹിതനായിരുന്നെങ്കില്‍ എത്ര സുരക്ഷിതനായിരുന്നേനേ, താങ്കള്‍!

(2011 നവംബര്‍ ലക്കം ബിലാത്തി മലയാളി-യില്‍ പ്രസധീകരിച്ചത്)

No comments:

Post a Comment