Translate

Friday, November 18, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക!

I

ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുകയാണ്. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മാര്‍ത്തോമ്മായുടെ നിയമത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'- പേജ് 71) മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി അദ്ദേഹം വളരെ കാര്യങ്ങള്‍ തുടര്‍ന്നുപറയുന്നുണ്ട്. ഏതാനും ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

(i) ''ഇന്‍ഡ്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ''മാര്‍ത്തോമ്മായുടെ നിയമം'' എന്ന പദം അവരുടെ ദൈവശാസ്ത്രപരവും ആരാധനാക്രമപരവും പള്ളികൂട്ടായ്മാപരവുമായ സന്യാസ-സാമൂഹ്യ-സാംസ്‌കാരിക ജീവിതശൈലീസവിശേഷതയെ വേണ്ടത്ര പ്രകടിപ്പിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് പോര്‍ട്ടുഗീസുകാരും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഡോം മെനെസിസ്, ശിക്ഷയ്ക്കു കീഴില്‍, ആര്‍ച്ചുഡീക്കനോട് മാര്‍ത്തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുമായുള്ള ആദ്യകാലബന്ധങ്ങളില്‍ മാര്‍ത്തോമ്മായുടെ നിയമം ഒരു സംഘട്ടനവിഷയമോ പാഷണ്ഡതാവിഷയമോ ആയിരുന്നില്ല എന്ന് പൊതുവെ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതൊരു പാഷണ്ഡതയായി മുദ്രകുത്തിയത്, റോമായുടെയും പോര്‍ട്ടുഗീസുകാരുടെയും സമ്പ്രദായങ്ങളെ മലബാറിലേക്ക് കടത്തിവിടുന്നതിന് പരിശ്രമിച്ചപ്പോള്‍, ഇത് (മാര്‍ത്തോമ്മായുടെ നിയമം) ഒരു വിലങ്ങുതടിയായി കണ്ടതിനുശേഷം മാത്രമാണ്. മാര്‍ത്തോമ്മാക്രൈസ്തവര്‍ മാര്‍ത്തോമ്മായുടെ നിയമത്തെ അമൂല്യനിധിയായി തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചു. കാരണം, അത് മാര്‍ത്തോമ്മായില്‍നിന്നും പൈതൃകമായി ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തെ മഹത്തായ ഒരു പൈതൃകമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അവരുടെ ആദ്ധ്യാത്മികജീവിതത്തില്‍ അവര്‍ക്കത് എല്ലാമെല്ലാമായിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്. ഒരേസമയം പൗരസ്ത്യവും, മലബാറിയനുമായ ഇത് മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ഏറ്റവും അനുയോജ്യവുമായിരുന്നു''(പേജ് 72).

(തുടരും)

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

No comments:

Post a Comment