Translate

Monday, March 19, 2018

ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ അത്മായര്‍

http://www.josephpulikunnel.com/wp-content/uploads/2017/03/April-June-2017.pdf

ജോസഫ് പുലിക്കുന്നേല്‍
ഓശാന ത്രൈമാസികയുടെ അവസാന (ഏപ്രില്‍- ജൂണ്‍ 2017) ലക്കത്തില്‍നിന്ന്

സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സ്വത്തു ഭരിക്കുന്നതിനുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വഖഫ് നിയമവും ദേവസ്വം നിയമങ്ങളും. എന്നാല്‍ ഗവണ്‍മെന്റ് ക്രിസ്ത്യാനികളുടെ പള്ളിഭരിക്കുന്നതിനുവേണ്ടി ഒരു നിയമവും ഉണ്ടാക്കാന്‍ തയ്യാറായില്ല. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കണമെന്നതായിരുന്നു അല്‍മായ അസ്സോസിയേഷന്‍ സ്ഥാപകരുടെ ലക്ഷ്യം.
2009-ല്‍ കേരള ഗവണ്‍മെന്റ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ ഒരു വിപുലമായ കമ്മറ്റിയെ നിയമിക്കുകയും ആ കമ്മറ്റി പള്ളിവകസ്വത്തുക്കള്‍ എങ്ങനെ ഭരിക്കണമെന്ന് നിയമം ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതു നടപ്പിലാക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തയ്യാറായില്ലെന്നുള്ളത് അതീവ ഖേദകരമാണ്.
ക്രിസ്ത്യാനികള്‍ പല സംഘടനകളിലൂടെയും ഈ ആവശ്യം പിന്നീട് ഉന്നയിച്ചെങ്കിലും ഇന്നും അതു സാധിതപ്രായമായില്ല. ക്രിസ്ത്യാനികളുടെ പരമ്പരാഗത പള്ളി ഭരണ സമ്പ്രദായമായ ഇടവകയോഗങ്ങള്‍ പുനരുദ്ധരിക്കണമെന്നായിരുന്നു കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല കേരള ഗവണ്‍മെന്റ് ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തയ്യാറായില്ല.
കേരള ക്രൈസ്തവരുടെ പള്ളിഭരണത്തിനുള്ള മാര്‍ത്തോമ്മായുടെ ഈ നിയമം എന്തുകൊണ്ടാണ് പുനരുദ്ധരിക്കാത്തത് എന്നത് ക്രൈസ്തവര്‍ക്ക് ഒരു അത്ഭുതമാണ്. ഇന്നും പള്ളികളെ ഭരിക്കുന്നത് വത്തിക്കാനില്‍ രൂപം കൊടുത്ത കാനോന്‍ നിയമമാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ഭരണം നിയന്ത്രിക്കുന്നത് ഒരു വിദേശ രാഷ്ട്രത്തിന്റെ നിയമമാണെന്ന സത്യം ലജ്ജിക്കേണ്ടതാണ്. വിദേശ ഭരണത്തിനെതിരെ ആദ്യമായി കലാപമുയര്‍ത്തിയ കൂനന്‍കുരിശു സത്യത്തിന്റെ കാര്‍മ്മികരായ ക്രിസ്ത്യാനികളെതന്നെ ഈ വിദേശ ഭരണനിയമം ഭരിക്കപ്പെടുന്നുവെന്നത് ഓരോ ഭാരതീയനും നാണക്കേടാണ്.
ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ അത്മായര്‍ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. അതു നിയമമാക്കിയാല്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന അധികാരത്തെ സംബന്ധിച്ച് മെത്രാന്മാരും പുരോഹിതരും വേവലാതിപ്പെടുകയാണ്. ഗവണ്‍മെന്റിനെതിരെ കത്തോലിക്കാ സഭ സമരത്തിനിറങ്ങുമോ എന്ന് ഗവണ്‍മെന്റ് ഭയപ്പെടുന്നു. വേണ്ടിവന്നാല്‍ ജനങ്ങളോടൊപ്പം നിന്ന് ഈ സമരത്തെ നേരിടാനുള്ള തന്റേടമാണ് ഗവണ്‍മെന്റ് കാണിക്കേണ്ടത്.
ശ്രീ. വി. ആര്‍ കൃഷ്ണയ്യര്‍ അതിപണ്ഡിതനായ ഒരു അഡ്വക്കേറ്റാണെങ്കിലും ഈ നിയമത്തിന്റെ ക്രോഡീകരണത്തില്‍ ചില പാകപ്പിഴകള്‍ വന്നുഭവിച്ചിട്ടുണ്ട്. അത് തിരുത്തിവേണം ഗവണ്‍മെന്റ് ചര്‍ച്ച് ആക്ട് പാസ്സാക്കാന്‍. ഉദാഹരണത്തിന് 4 definitios(i) 'Christian' means a person who believes in Jesus Christ as his Lord and Saviour' ഈ നിര്‍വചനം ശരിയല്ല. ക്രിസ്തുവിനെ ദൈവവും കര്‍ത്താവുമായി സ്വീകരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളല്ല. നേരെമറിച്ച് വിശ്വാസപ്രഖ്യാപനം നടത്തി മാമ്മോദീസ സ്വീകരിച്ച് ഓരോ സഭയിലും അംഗമാകുന്നവരാണ് ക്രിസ്ത്യാനികള്‍. കേരളത്തില്‍ വിവിധ സഭകള്‍ ഉണ്ട്; റോമന്‍ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, യാക്കോബായ, സി.എസ്.ഐ, പെന്തക്കോസ്ത്. ഈ സഭകളിലോരോന്നിലും അംഗമാകുന്നതിന് അതതുസഭകളിലെ മാമ്മോദീസാ ആവശ്യമാണ്. ഈ ഓരോ സഭയ്ക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ക്രിയയാണ് മാമ്മോദീസ. അതുപോലെതന്നെ ഈ മാമ്മോദീസാ മുങ്ങുന്ന ഓരോ വിശ്വാസിയും ഓരോ ഇടവകയില്‍ അംഗങ്ങളായിതീരുന്നു. ഇടവകയില്‍ അംഗമാകുമ്പോള്‍തന്നെ പ്രാദേശിക സഭയില്‍ അംഗമാകുന്നു. ഇങ്ങനെ മാമ്മോദീസാ മുങ്ങി സഭാംഗങ്ങളാകുന്നവര്‍ പ്രാദേശികമായി ഓരോ ഇടവകാംഗങ്ങളാകുന്നു. അവര്‍ക്ക് അവരുടേതായ പള്ളികളും ഉണ്ടാകാം. ഈ പള്ളികള്‍ ഓരോ ട്രസ്റ്റിന്റെ കീഴിലായിരിക്കും.

Sunday, March 18, 2018

കാനോന്‍നിയമവും ചര്‍ച്ച് ആക്ടും നേര്‍ക്കുനേര്‍!


ജോര്‍ജ് മൂലേച്ചാലില്‍
സത്യജ്വാല മാര്‍ച്ച് 2018 എഡിറ്റോറിയല്‍

കുറെ നാളായി കേരളകത്തോലിക്കാസമൂഹത്തെയാകെ നാണക്കേടിന്റെ പാതാളക്കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ്, സീറോ-മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമികുംഭകോണവിഷയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തെ ന്യായീകരിക്കാന്‍, കാനോന്‍നിയമം പൊക്കിപ്പിടിച്ച് അദ്ദേഹമുയര്‍ത്തുന്ന അവകാശവാദങ്ങള്‍ കേട്ട് പരിഷ്‌കൃതസമൂഹമെന്നല്ല, നിരക്ഷരകുക്ഷികള്‍പോലും മൂക്കത്തു വിരല്‍വയ്ക്കുകയാണ്. സഭ ഒരു ട്രസ്റ്റല്ലെന്നും, തന്റെ രൂപതയുടെ സ്വത്തുക്കള്‍ സ്വകാര്യസ്വത്തുപോലെ ക്രയവിക്രയം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നും, അതിലിടപെടാന്‍ വിശ്വാസികള്‍ക്ക് അവകാശമില്ലെന്നും, സഭാസ്വത്തുഭരണം ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കുകീഴില്‍ വരില്ലെന്നും, തന്നെ ശിക്ഷിക്കാന്‍ മാര്‍പാപ്പായ്ക്കുമാത്രമേ അധികാരമുള്ളൂവെന്നുമൊക്കെയുള്ള ധാര്‍ഷ്ട്യപ്രസ്താവനകള്‍ നടത്തി ഇന്ത്യന്‍ ഭരണഘടനയെയും എന്തിന്, സ്വന്തം ഇന്ത്യന്‍പൗരത്വത്തെത്തന്നെയും നിന്ദിക്കുകയാണദ്ദേഹം. സഭയെ നൂറ്റാണ്ടുകള്‍ നീണ്ട ഇരുണ്ടയുഗത്തിലേക്കു വലിച്ചിഴച്ച മുന്‍കാല മാര്‍പാപ്പമാരുടെയും മെത്രാന്മാരുടെയും നിലവാരത്തിലേക്ക് സ്വയം അധഃപതിക്കുകയാണോ അദ്ദേഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍, ഇന്ത്യയിലെ കത്തോലിക്കാസമൂഹം വത്തിക്കാന്റെ ഒരു കോളനിയാണെന്നും, കത്തോലിക്കാസഭ ഒരു ഭൗതികസാമ്രാജ്യമാണെന്നും, സമ്രാട്ടായ മാര്‍പാപ്പയ്ക്കുവേണ്ടി ഇവിടെ അധികാരഭരണംനടത്താന്‍ നിയോഗിതനായ വൈസ്രോയിയാണ് അദ്ദേഹമെന്നും ആര്‍ക്കും തോന്നിപ്പോകും. ഇന്ത്യയുടെ മണ്ണില്‍ ചവിട്ടിനിന്ന്, റോമന്‍ അധികാരമദം പൊട്ടി ദേശദ്രോഹം വമിക്കുന്ന ഇത്തരം ധിക്കാരവചനങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നടപടിയെ അപലപിക്കാന്‍ ആദ്യം തയ്യാറാകേണ്ടത് ഇവിടുത്തെ കത്തോലിക്കാസമൂഹംതന്നെയാണ്. അല്ലെങ്കില്‍, അദ്ദേഹം പുലര്‍ത്തുന്ന ദേശവിരുദ്ധതയും ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവും വത്തിക്കാന്‍ഭക്തിയും പിന്‍ചെല്ലുന്നവരാണ് ഇവിടുത്തെ കത്തോലിക്കര്‍ എന്നു വിലയിരുത്തപ്പെടാനും, ക്രൈസ്തവര്‍ക്കെതിരെ ഒരു സാമുദായിക ധൃവീകരണം രൂപപ്പെടാന്‍പോലും ഇടയുണ്ട്. അല്ലെങ്കില്‍ത്തന്നെ, അദ്ദേഹം സമുദായത്തിന് ഉണ്ടാക്കിവയ്ക്കുന്ന നാണക്കേടുകള്‍ ഏറ്റെടുക്കാനുള്ള ബാധ്യത ഈ സമുദായത്തിനില്ല; അത് അദ്ദേഹത്തിന്റെ തലയിലേക്കുതന്നെ വച്ചുകൊടുക്കുകയാണ് സമുദായത്തിന് അന്തസ്.
മാര്‍ ആലഞ്ചേരിയെപ്പറ്റി ഇത്രയും പറഞ്ഞതുകൊണ്ട് മറ്റു മെത്രാന്മാരുടെ കാര്യം വ്യത്യസ്തമാണെന്ന് അര്‍ത്ഥമില്ല. 'തനിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്കു മാത്രമേയുള്ളൂ' എന്ന വാദമൊഴികെയുള്ള അദ്ദേഹത്തിന്റെ മറ്റെല്ലാ വാദങ്ങളും മറ്റു മെത്രാന്മാരും വിവിധ കോടതികളില്‍ മുമ്പ് ഉന്നയിച്ചിട്ടുള്ളതാണ്. പൗരസ്ത്യകാനോന്‍ നിയമം സീറോ-മലബാര്‍ സഭയ്ക്കു ബാധകമായതിനുശേഷമുണ്ടായ അതിരമ്പുഴ പള്ളിക്കേസിലും എടത്വാപള്ളിക്കേസിലും സമാനവാദഗതികളുന്നയിച്ചുള്ള സത്യവാങ്മൂലമാണ്, അന്ന് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ കോടതിയില്‍ നല്‍കിയത്. മാര്‍ത്തോമ്മാ സ്ഥാപിച്ച ഇന്ത്യന്‍ അപ്പോസ്തലികസഭയുടെ തുടര്‍ച്ചയാണ് സീറോ-മലബാര്‍ സഭയെന്നും, 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) ആണ് ഈ സഭയുടെ പാരമ്പര്യനിയമമെന്നുമുള്ള പള്ളിക്കാരുടെ വാദത്തെ നിരാകരിക്കാന്‍, മാര്‍ത്തോമ്മായുടെ നിയമമെന്ന ഒരു നിയമമില്ല എന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ''... അവരുടെ (മാര്‍ത്തോമ്മാ ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു....'' എന്ന് 1996-ല്‍ റോമില്‍ ചേര്‍ന്ന സീറോ-മലബാര്‍ സിനഡില്‍ മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി വാചാലനായതും ഇതേ മാര്‍ പൗവ്വത്തിലായിരുന്നു എന്നോര്‍ക്കുക!
പൗരസ്ത്യസഭയല്ലാത്ത കേരളസഭയ്ക്ക് പൗരസ്ത്യകാനോന്‍നിയമം ബാധകമല്ലെന്നു വാദിച്ചും എല്ലാ സീറോ-മലബാര്‍ മെത്രാന്മാരെയും പ്രതിചേര്‍ത്തും ശ്രീ ജോസഫ് പുലിക്കുന്നേലും, സമാനവാദങ്ങളുന്നയിച്ച് 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ'നുവേണ്ടി ശ്രീ. എം.എല്‍. ജോര്‍ജും കൊടുത്തിട്ടുള്ള കേസുകളില്‍ അന്നത്തെ എല്ലാ സീറോ-മലബാര്‍ മെത്രാന്മാരും സംയുക്തമായി നല്‍കിയ സത്യവാങ്മൂലങ്ങളിലും, ഇപ്പോള്‍ മാര്‍ ആലഞ്ചേരി പറഞ്ഞിട്ടുള്ള അതേ വാദഗതികള്‍തന്നെയാണ് ഉന്നയിച്ചിരുന്നത്. ഇതില്‍, എം.എല്‍. ജോര്‍ജിന്റെ 1998-ലെ ഛട ചീ. 184 എന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് കോടതിയിലെ കേസില്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെടെ മുഴുവന്‍ സീറോ-മലബാര്‍ മെത്രാന്മാര്‍ക്കുംവേണ്ടി അന്നത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് പരേതനായ മാര്‍ വര്‍ക്കി വിതയത്തിലും പര്‍ട്ടിക്കുലര്‍ ലോകമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയും ചേര്‍ന്ന് ഒപ്പിട്ടുകൊടുത്ത സത്യവാങ്മൂലത്തില്‍ കൂടുതല്‍ കടുത്തതും തങ്ങളുടെ സഭാപൈതൃകത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് കേരളക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന ധാരണകളെയെല്ലാം തകിടംമറിക്കുന്നതുമായ വിചിത്രവാദഗതികളുമുണ്ടായിരുന്നു. ഉദാഹരണത്തിന,് അതിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: ''.... സീറോ-മലബാര്‍ സഭ ക്രിസ്തുവിന്റെ 12 ശിഷ്യരിലൊരാളായ മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായതല്ല; ബര്‍ത്തുലോമ്യായാല്‍ സ്ഥാപിതമായതാണ്. 'മാര്‍ത്തോമ്മായുടെ മാര്‍ ഗ്ഗവും വഴിപാടും' അനുസരിച്ചല്ല ഈ സഭയുടെ ഭരണം നടത്തിപ്പോന്നിട്ടുള്ളത്. സഭയുടെ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ജീവകാരുണ്യപ്രവര്‍ത്തനം മുന്‍ നിര്‍ത്തിയുള്ളതോ, മതപരമായി പൊതുവായിട്ടുള്ളതോ, ട്രസ്റ്റോ, ട്രസ്റ്റിന്റെ നിര്‍വ്വചനത്തില്‍പ്പോലുമോ വരുന്നതല്ല. അത്മായര്‍ക്ക് (പള്ളിക്കാര്‍ക്ക്) ഇവകളില്‍ യാതൊരു വക നിയന്ത്രണമോ അവകാശാധികാരങ്ങളോ ഇല്ല. ഇവകളുടെ ഭൗതിക ഉടമ റോമിലെ പോപ്പ് അവര്‍കളാണ്: പോപ്പിന്റെ സര്‍വ്വാധികാരങ്ങളും പോപ്പിന്റെ പ്രതിനിധികളായ ഇവിടുത്തെ അതാതു രൂപതാമെത്രാന്മാര്‍ക്ക് ഡെലിഗേറ്റ് ചെയ്തിട്ടുള്ളതാണ്....'' ഇതേ വാചകങ്ങളുള്ള സത്യവാങ്മൂലങ്ങളാണ്, ടി.ജെ. വര്‍ഗീസ് മുതല്‍പേര്‍ തിരൂര്‍ കോടതിയില്‍ കൊടുത്ത കേസിലും, മാര്‍ വര്‍ക്കി വിതയത്തിലും ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയും ഇടവക വികാരിയും കൊടുക്കുകയുണ്ടായത്. വി.വി. ജോയി മുതല്‍ പേര്‍ മുവാറ്റുപുഴ സബ്‌കോടതിയില്‍ കൊടുത്ത കേസില്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ കൊടുത്തതും ഇതേ ഉള്ളടക്കമുള്ള സത്യവാങ്മൂലമായിരുന്നു.
ലത്തീന്‍ റീത്തിലുണ്ടായിട്ടുള്ള എല്ലാ സഭാക്കേസുകളിലും, മുമ്പുമുതലേ സഭാസ്വത്തുക്കള്‍ മാര്‍പാപ്പയുടേതാണെന്നും തങ്ങളുടെ സമ്പൂര്‍ണ്ണ ഭരണാധികാരത്തിന്‍കീഴിലുള്ളവയാണെന്നുമുള്ള വാദഗതികള്‍തന്നെയാണ് മെത്രാന്മാര്‍ കൊടുത്തുപോന്നിട്ടുള്ളത്. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഡോ. ആര്‍ അരുളപ്പയ്‌ക്കെതിരെ ഉണ്ടായ ഒരു കേസില്‍ അദ്ദേഹമുന്നയിച്ചതും സമാനവാദങ്ങളായിരുന്നു. ഈ വാദമുഖങ്ങളെ ഖണ്ഡിക്കാനും സഭാസ്വത്തുഭരണത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഇജഇ 92-ാം വകുപ്പ് അപര്യാപ്തമാണെന്നും അതുകൊണ്ട്, സഭാസ്വത്തുക്കളുടെ ഭരണം സംബന്ധിച്ച് അടിയന്തിരമായി ഒരു നിയമനിര്‍മ്മാണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും ഈ കേസുകേട്ട ജസ്റ്റീസ് ടി. സത്യദേവ് 1980 നവം. 12-ലെ തന്റെ വിധി പ്രസ്താവത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (ഇതു സംബന്ധിച്ച് 1980 നവം. 13-ലെ 'ഹിന്ദു' പത്രത്തില്‍ ശ്രദ്ധേയമായ ഒരു വാര്‍ത്താലേഖനം വന്നിരുന്നു.)
ഇതെല്ലാമെഴുതിയത്, മാര്‍ ആലഞ്ചേരി മുന്നോട്ടുവച്ചിട്ടുള്ള അസത്യജഡിലവും അക്രൈസ്തവവും ഭരണഘടനാവിരുദ്ധവും സഭാവിരുദ്ധവും അധാര്‍മ്മികവും കപടവുമായ അവകാശവാദങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്നും, മിക്ക മെത്രാന്മാരും ഒറ്റ സ്വരത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ കോടതികളില്‍ പറഞ്ഞുപോന്നിട്ടുള്ളതാണെന്നും വ്യക്തമാക്കാന്‍വേണ്ടിയാണ്. അതൊന്നും അന്നു വാര്‍ത്തയായില്ല. ഒരു ചലനവും സൃഷ്ടിച്ചുമില്ല. മാര്‍ ആലഞ്ചേരിയുടെ ദൗര്‍ഭാഗ്യത്തിന്, സഭയെയാകെ ഉലയ്ക്കുന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രമാദമായ ഭൂമികുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ ജനവും മാധ്യമങ്ങളും സാകൂതം ചെവികൂര്‍പ്പിച്ചിരുന്നപ്പോളായിപ്പോയി, അദ്ദേഹത്തിന്റെ ജല്പനങ്ങള്‍ എന്നുമാത്രം! അതുകൊണ്ട്, അദ്ദേഹംമാത്രം മോശക്കാരനും പരിഹാസ്യനും ആയിരിക്കുകയാണ്. വാസ്തവത്തില്‍, മാര്‍ ആലഞ്ചേരിയെപ്പോലെതന്നെ വിശ്വാസിസമൂഹത്തിന്റെ അപലപനം അര്‍ഹിക്കുന്നവരാണ്, യേശുവിന്റെ സുവിശേഷം മാറ്റിവച്ച് കാനോന്‍നിയമമെന്ന മാമോന്‍നിയമത്തെ മാറോടുചേര്‍ത്ത് ദൈവജനത്തിന്റെ സ്വത്തുവകകള്‍ സൂത്രത്തില്‍ കൈയ്ക്കലാക്കുകയും അതു സംരക്ഷിക്കാന്‍ വേണ്ടി കോടതികളില്‍ കള്ള സത്യവാങ്മൂലങ്ങള്‍ നല്‍കി വാദിക്കുകയും ചെയ്തിട്ടുള്ള എല്ലാ മെത്രാന്മാരും. പക്ഷേ, എത്ര അപലപിച്ചാലും എത്ര നാണംകെട്ടാലും ഇതേ നിലപാടുതന്നെ തുടര്‍ന്നും സ്വീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാണ് എന്നതാണ് മറ്റൊരു കാര്യം. തങ്ങളുടെ അമിതാധികാര-നിക്ഷിപ്തതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റു വാദങ്ങളൊന്നും എവിടെയും കണ്ടെത്താന്‍ അവര്‍ക്കാവില്ല എന്നതാണ് അതിനു കാരണം. കാനോന്‍ നിയമമല്ലാതെ അവര്‍ക്കു മറ്റൊരാശ്രയമില്ലതന്നെ.
നാമിവിടെ വ്യക്തതയോടെ മനസ്സിലാക്കേണ്ട ഒരു കാര്യം അധികാരദാഹികളെയും ദ്രവ്യാഗ്രഹികളെയും സഭയുടെ ഉന്നതപീഠങ്ങളിലേക്കു മാടിവിളിച്ച് ആത്മീയത ചോര്‍ത്തിക്കളയുന്ന കാനോന്‍നിയമമെന്ന സാമ്രാജ്യത്വമതനിയമമാണ് ഇതിലെല്ലാം ഒന്നാംപ്രതി എന്നുള്ളതാണ്. അതിന്റെ ഉപാസകരായിരിക്കുന്ന മെത്രാന്മാര്‍ സഹതാപമര്‍ഹിക്കുന്ന സഹപ്രതികള്‍മാത്രമാണ്.
അതുകൊണ്ട്, പുരോഹിതാധിപത്യപരവും വൈദേശികവും അക്രൈസ്തവവുമായ കാനോന്‍നിയമത്തെ ഇന്ത്യയില്‍നിന്നു നാടുകടത്തുക; പകരം, ജനാധിപത്യപരവും ദേശീയവും ക്രൈസ്തവവുമായ മാര്‍ത്തോമ്മായുടെ നിയമത്തെ, അഥവാ അതിന്റെ ആധുനിക ആവിഷ്‌ക്കാരമായ ചര്‍ച്ച് ആക്ടിനെ, ഇന്ത്യന്‍ സഭകളിലേക്കു തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു.
കാനോന്‍ നിയമം ക്രിസ്തീയതയെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന ഒന്നാണെന്ന് അതു വ്യവസ്ഥാപിച്ചിരിക്കുന്ന ശ്രേണീബദ്ധമായ അധികാരഘടനയില്‍നിന്നുതന്നെ വ്യക്തമാണ്. യേശുവിന്റെ സഭ വിഭാവനംചെയ്യുന്നത്, ഒരേ സ്‌നേഹപിതാവിന്റെ മക്കളെന്ന നിലയില്‍ തുല്യതയും സാഹോദര്യവും പുലര്‍ത്തുന്നവരുടെ സ്‌നേഹക്കൂട്ടായ്മയാണെങ്കില്‍, വിവിധ അധികാരത്തട്ടുകള്‍ സൃഷ്ടിച്ച് മനുഷ്യരുടെ തുല്യതയും സാഹോദര്യവും അസാദ്ധ്യമാക്കിക്കൊണ്ട്, പൗരോഹിത്യാധികാരത്തിനുകീഴിലുള്ള ഒരു രാജാ-പ്രജാസംവിധാനത്തില്‍ വിശ്വാസിസമൂഹത്തെ ആക്കിത്തീര്‍ക്കുക എന്നതാണ് കാനോന്‍നിയമം ചെയ്യുന്നത്. യേശുവിന്റെ സഭ ശുശ്രൂഷാപരമാണെങ്കില്‍, കാനോന്‍നിയമപ്രകാരമുള്ള സഭ അധികാരപരമാണ്. അധികാരവും സമ്പത്തും സ്വയം വേണ്ടെന്നുവയ്ക്കുവാനുള്ള ആത്മീയപ്രചോദനമാണ് യേശുവിന്റെ സഭയില്‍ വിശ്വാസികള്‍ക്കുണ്ടാകേണ്ടതെങ്കില്‍, റോമന്‍ കാനോന്‍നിയമസഭയില്‍ സമ്പത്തും അധികാരവും എങ്ങനെയും പിടിച്ചെടുക്കാനുള്ള സ്വാര്‍ത്ഥ-രാഷ്ട്രീയപ്രേരണകളാണ് അവര്‍ക്കുണ്ടാകുന്നത്. ഒന്നാമന്‍ അവസാനക്കാരനാകാനുള്ള യേശുവിന്റെ കല്പനയ്‌ക്കെതിരെ, ഒന്നാമന്‍ കൂടുതല്‍ ഒന്നാമനാകാനും അവസാനക്കാരനെ കൂടുതല്‍ അവസാനക്കാരനായി തള്ളിയകറ്റാനുമുള്ള വ്യഗ്രതയാണ്, വിജാതീയമെന്ന് യേശു വിശേഷിപ്പിച്ച റോമന്‍ സാമ്രാജ്യത്വ അധികാരഘടനയുടേതന്നെ പുനരാവിഷ്‌ക്കാരമായ റോമന്‍ കാനോന്‍നിയമസഭാഘടന മനുഷ്യനില്‍ സൃഷ്ടിക്കുന്നത്. ഇപ്രകാരം യേശുവിന് എതിര്‍സാക്ഷ്യം വഹിച്ച് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ക്രൈസ്തവസഭകള്‍ നടത്തിയ യുദ്ധസമാനസന്നാഹങ്ങളാണ്, ലോകത്തെ മൂല്യബോധമില്ലാത്ത, അഥവാ കച്ചവടമൂല്യങ്ങള്‍ മാത്രമുള്ള, ഒരു ആഗോള ചന്തവ്യവസ്ഥിതിയിലേക്കു നയിച്ചിരിക്കുന്നതെന്ന് സൂക്ഷ്മമായി നോക്കിയാല്‍ ആര്‍ക്കും കാണാനാകും.  ഇന്ത്യയിലെങ്കിലും ഈ ദുരവസ്ഥയെ മാറ്റിമറിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിന്, കാനോന്‍നിയമത്തെ ഇന്ത്യയില്‍നിന്ന് ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. അതിനുപകരം, ഇവിടെ നിലനിന്നിരുന്ന, നമ്മുടെ പുരാതന പള്ളിയോഗസഭാപാരമ്പര്യത്തെ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിന്റെ ദേശീയനിയമമാക്കി വ്യവസ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇതു രണ്ടും ഒരേയൊരു ആവശ്യത്തിന്റെ രണ്ടു വശങ്ങള്‍മാത്രമാണ്. ചര്‍ച്ച് ആക്ട് നടപ്പാക്കുക എന്ന മുദ്രാവാക്യത്തിലൂടെ, നാം ഇതു രണ്ടുമാണ് ലക്ഷ്യമിടുന്നത്.
കേരളക്രൈസ്തവസമൂഹത്തിനാകെ ഒരു പുതിയ പ്രതീക്ഷ നല്‍കിക്കൊണ്ട്, ഈ ഒരേയൊരു ആവശ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ഒരു അഖിലകേരളപ്രസ്ഥാനം ഉണ്ടായിരിക്കുന്നുവെന്നത് ഏറെ ശുഭോദര്‍ക്കമാണ്. 2018 ഫെബ്രു. 24-ന് എറണാകുളം ഐ.എം.എ. ഹാളില്‍ ചേര്‍ന്ന വിവിധ സ്വതന്ത്രസഭാസംഘടനകളുടെ നേതൃതലകൂടിയാലോചനായോഗത്തില്‍ ജന്മംകൊണ്ട 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍' (AKCA  Action Council)  കേരളസഭാചരിത്രത്തില്‍ ഒരു വഴിത്തിരിവിനു തുടക്കംകുറിച്ചിരിക്കുകയാണ്. ഈ അഖിലകേരള ചര്‍ച്ച് ആക്ട് പ്രസ്ഥാനത്തിന്റെ ഉദയത്തോടെ കാനോന്‍നിയമവും ചര്‍ച്ച് ആക്ടും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു; എറണാകുളത്തെ 'മേജര്‍'ഭൂമികുംഭകോണത്തിലൂടെ കുടത്തിനുപുറത്തു ചാടിയ കുംഭകോണപരമ്പരകളുടെയും രൂപതാതല അഴിമതികളുടെയും ഭൂതം പര്‍വ്വതാകാരമായി വളരുകയാണ്. അതിനനുസരിച്ച്, വിശ്വാസിസമൂഹം അവഗണിച്ചു തള്ളിയിരുന്ന ചര്‍ച്ച് ആക്‌ടെന്ന ആശയം അവരുടെ മനസുകളിലും വളരുകയാണ്. കാനോന്‍നിയമത്തിന്റെ നിഷ്ഠൂരശക്തിക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ 'ചര്‍ച്ച് ആക്ട്' കരുത്തു നേടുകയാണ്. കാനോന്‍നിയമത്തെ മണിമഞ്ചലിലേറ്റി കിതച്ചുനില്‍ക്കുന്ന 'അഖിലകേരള കത്തോലിക്കാ മെത്രാന്‍സംഘ' (KCBC) വും ചര്‍ച്ച് ആക്ടിനെ ഹൃദയത്തിലേറ്റി ഊര്‍ജ്ജസ്വലമായി നിലകൊള്ളുന്ന 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി' (AKCA  Action Council) ലും ഇതാ മുഖാമുഖം വന്നിരിക്കുന്നു. ഒരു പുതിയ ധര്‍മ്മയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. വിശ്വാസികളുടെ അവകാശാധികാരങ്ങള്‍ കവര്‍ന്നെടുത്തു സൃഷ്ടിച്ച സ്വയംസംരക്ഷണ നൈയാമികവ്യവസ്ഥകളുടെ ഇരുമ്പുചട്ടകളും അവരുടെ സ്വത്തുക്കള്‍ കവര്‍ന്നെടുത്താര്‍ജ്ജിച്ച മസില്‍പവറുമായി ഗോലിയാത്തിനേപ്പോലെയാണ് KCBC നിലകൊള്ളുന്നതെങ്കില്‍, സത്യത്തിന്റെ കവണയില്‍, നീതിയുടെ കല്ലുകളുമായി, ദൈവികമായ ധാര്‍മ്മികശക്തിയൊന്നില്‍മാത്രം ഊന്നിയ ബാലകനായ ദാവീദിനേപ്പോലെയാണ് 'AKCA ആക്ഷന്‍ കൗണ്‍സില്‍' ഈ ധര്‍മ്മയുദ്ധത്തില്‍ ചുവടുറപ്പിച്ചിരിക്കുന്നത്.


എറണാകുളം ഭൂമിവിവാദവുമായി ബന്ധപ്പെട്ടുണ്ടായ മാര്‍ച്ച് 6-ലെ ഹൈക്കോടതി വിധിയും, 'കര്‍ദ്ദിനാള്‍ രാജാവല്ല' എന്നും, 'ആരും നിയമത്തിനതീതരല്ല, കാനോന്‍ നിയമത്തിനു പ്രസക്തിയില്ല' എന്നും മറ്റുമുള്ള അതിലെ പരാമര്‍ശങ്ങളും ജനമനസ്സുകളെ ചര്‍ച്ച് ആക്ടിലേക്കു വലിയ രീതിയില്‍ ആകൃഷ്ടമാക്കാന്‍ പര്യാപ്തമായിട്ടുണ്ട്. കേരളത്തിലെ സ്വതന്ത്രസഭാപ്രസ്ഥാനങ്ങളുടെയും ഇപ്പോഴുണ്ടായിരിക്കുന്ന 'AKCA ആക്ഷന്‍ കൗണ്‍സിലി'ന്റെയും ശക്തി ഇരട്ടിപ്പിക്കാനും ഈ കോടതിവിധി ഒരു നിമിത്തമായിരിക്കുന്നു.
''AKCA ആക്ഷന്‍ കൗണ്‍സിലി'ന്റെ ആഭിമുഖ്യത്തില്‍ വൈകാതെതന്നെ നടത്താനിരിക്കുന്ന 'ചര്‍ച്ച് ആക്ട് വിളംബര സെക്രട്ടറിയേറ്റുമാര്‍ച്ചും ധര്‍ണ'യും ചര്‍ച്ച് ആക്ടിന്റെ അനിവാര്യതയെക്കുറിച്ച് ഗവണ്‍ മെന്റിന്റെയും ക്രൈസ്തവരുള്‍പ്പെടെയുള്ള മുഴുവന്‍ കേരളജനതയുടെയും ശ്രദ്ധയാകര്‍ഷിക്കാനുദ്ദേശിച്ചുള്ളതാണ്. തുടര്‍ന്നു നടത്താനുദ്ദേശിക്കുന്ന 'ചര്‍ച്ച് ആക്ട് സംസ്ഥാനജാഥ'യോടെ, ക്രൈസ്തവരുടെ വോട്ടുബാങ്ക് ഇനിമേല്‍ മെത്രാന്മാരുടെ കൈയിലാവില്ല എന്ന സന്ദേശം ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളും ഗവണ്‍മെന്റും ഉള്‍ക്കൊള്ളും എന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന കിരാതമായ ജന്മിത്വത്തെ, അന്നത്തെ കുടിയാന്മാര്‍ക്കും അടിയാളര്‍ക്കുമൊപ്പംനിന്ന് ചെറുത്തുതോല്പിച്ച രാഷ്ട്രീയപാരമ്പര്യത്തിന് കേരളത്തില്‍ വീണ്ടും ചോരയോട്ടമുണ്ടാകുമെന്നും, അത് കേരളക്രൈസ്തവസമൂഹത്തിന്റെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളും കൈയടക്കി വളര്‍ന്നുകൊണ്ടിരിക്കുന്ന പുരോഹിതജന്മിത്വത്തിനെതിരെ, അവകാശാധികാരങ്ങള്‍ ചോര്‍ന്ന് അടിയാളരായിത്തീര്‍ന്നിരിക്കുന്ന വിശ്വാസിസമൂഹത്തോടൊപ്പം നില്‍ക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഭാസമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിയമനീക്കങ്ങളുള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനപദ്ധതികളാണ്, 'അഗഇഅ  അരശേീി ഇീൗിരശഹ' വിഭാവനം ചെയ്തിട്ടുള്ളത്.
സഭ ഒരു ട്രസ്റ്റല്ലപോലും! വിശ്വാസികള്‍ ആരുമല്ലപോലും! കര്‍ദ്ദിനാളിനെയും മെത്രാന്മാരെയും വേദപാഠം പഠിപ്പിക്കാന്‍ കേരളത്തിലെ ഏത് എളിയ വിശ്വാസിക്കും കഴിയുന്ന സാഹചര്യമുണ്ടായിരിക്കുന്നു! ''വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു'' (അപ്പോ.പ്രവ. 2:44-47) എന്ന ആദിമസഭയെപ്പറ്റിയുള്ള പരാമര്‍ശംമാത്രംമതി, ക്രൈസ്തവസഭ രൂപംകൊണ്ടതുതന്നെ പൊതുട്രസ്റ്റായിട്ടാണെന്നു സ്ഥാപിക്കാന്‍. വിശ്വാസികള്‍ 'രാജകീയപുരോഹിതഗണ'മാണെന്ന (1 പത്രോ. 2:9) പത്രോസ് ശ്ലീഹായുടെ ഒറ്റ പ്രഖ്യാപനംമതി, സഭയില്‍ അവര്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കാന്‍. സ്വകാര്യസ്വത്തുപോലെ രൂപതാസ്വത്തുക്കള്‍ ക്രയവിക്രയംചെയ്യാന്‍ രൂപതാധികാരിക്ക് അധികാരമുണ്ടുപോലും! അതേക്കുറിച്ച് ചോദിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലപോലും! സഭാസംവിധാനത്തെയും ഭരണക്രമത്തെയുംകുറിച്ച്, 12 അപ്പോസ്തലന്മാര്‍ ഒന്നിച്ചുകൂടി നടത്തിയ ആദ്യപ്രഖ്യാപന (അപ്പോ.പ്രവ. 6:2-4) മാണ് സഭാനടത്തിപ്പിലെ എക്കാലത്തെയും മാര്‍ഗ്ഗരേഖയെന്ന് നമ്മുടെ കര്‍ദ്ദിനാളിനും മെത്രാന്മാര്‍ക്കും അറിയില്ലെന്നോ?
'സീറോ-മലബാര്‍ സഭയെ പിശാചുബാധിച്ചിരിക്കുന്നു' എന്ന് മുന്‍ സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ മുമ്പ് ഒരു പ്രസ്താവന നടത്തുകയുണ്ടായി. (അദ്ദേഹത്തെയും ഈ പിശാചു ബാധിച്ചിരുന്നുവെന്നതു വേറൊരു സത്യം.) ഈ പിശാചാണ് മാര്‍ ആലഞ്ചേരിയെക്കൊണ്ടും മറ്റെല്ലാ മെത്രാന്മാരെക്കൊണ്ടും ദൈവത്തിനും സഭയ്ക്കും നിരക്കാത്ത ഇത്തരം അസത്യപ്രസ്താവനകള്‍ നടത്തിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. ഈ പിശാചിനെ സഭയില്‍നിന്ന് ഉച്ചാടനംചെയ്യാന്‍ സഭാമക്കള്‍ ഒന്നടങ്കം തയ്യാറായേപറ്റൂ. അതിന്റെ ആദ്യപടി, ഈ പിശാചിന്റെ ഇരിപ്പിടമായ കാനോന്‍നിയമത്തെ അറബിക്കടലില്‍ എറിയുക എന്നതാണ്; ഒപ്പം, ചര്‍ച്ച് ആക്ടിനെ മാറോടുചേര്‍ക്കുക എന്നതും.

Saturday, March 17, 2018

മർച്ചോ പുർത്താ!

വന്നുവന്ന് പള്ളിക്കാര്യം ക്നാനായാക്കാർ DNA ടെസ്റ്റ് എടുത്തതുപോലായിരിക്കുന്നു -  അവകാശപ്പെട്ടതു പോലെ കത്തോലിക്കാ സഭയിൽ കർത്താവിന്റെ അംശമില്ല. ക്നാനായാക്കാരുടെ റിസൽറ്റ്  വന്നപ്പോൾ 96%വും സൗത്ത് ഏഷ്യൻ വംശഗുണമാണു കാണിച്ചതെന്ന് അമേരിക്കൻ കാനായുടെ ദേശീയ പ്രസിഡന്റെഴുതിയിരിക്കുന്നു. ക്നായിതൊമ്മൻ ക്നാനായാക്കാരോടു പൊറുക്കുക! ഒരു ലക്ഷം തവളകൾക്ക് ഓർഡറെടുത്ത കർഷകന്റെ കാര്യം പറഞ്ഞപോലായി മറൈൻ ഡ്രൈവിലെ അത്മായാസമ്മേളനത്തിന്റെ കാര്യം. ചിന്തിക്കുന്നതു പോലല്ലല്ലോ കാര്യങ്ങൾ. സഭ മുഴുവൻ ഇളകുമെന്നു കരുതിയെങ്കിലും അഞ്ഞൂറുപേരേ അവിടെ ഉണ്ടായിരുന്നുള്ളൂവത്രെ! കർഷകനോർത്തത് കുളത്തിൽ കുറഞ്ഞത് ഒരു ലക്ഷം തവളകളെങ്കിലും കാണുമെന്നാണ്. അമ്മാതിരി കാറിച്ചയായിരുന്നു വെളുക്കോളം; പിടിച്ചു വന്നപ്പോഴോ, വെറും പതിനാറെണ്ണം മാത്രം. മൊത്തം നിരപ്പാക്കാനായിരുന്നു ആഹ്വാനമെങ്കിൽ മെറീനാബീച്ചും തികയാതെ വന്നേനെയെന്നതു വേറൊരു കാര്യം. 

കൊല്ലപ്പെട്ട തേലക്കാട്ടച്ചനെ കുറ്റപ്പെടുത്തിയും, കൊന്ന കപ്യാരെ ന്യായീകരിച്ചും ധാരാളം പോസ്റ്റുകൾ ഉണ്ടായി. അതുകണ്ട് അച്ചന്റെ ബന്ധുക്കളാരും സങ്കടപ്പെടണ്ട; എല്ലാം തന്നെ എറണാകുളവും കഴിഞ്ഞ് കാലത്തിനു പിന്നിലേക്ക് പീലി വിടർത്തി കുട്ടനാടു വഴി ചങ്ങനാശ്ശേരിക്കും, കാലത്തിനു മുന്നിലേക്ക് തൃശൂർ വഴി ഹെലികോപ്റ്ററിൽ മാനന്തവാടിക്കും, പിന്നെ ഹൈദ്രാബാദ് ഹരിയാന വഴി ഡൽഹിക്കുമൊക്കെ പോകേണ്ട ഏറുകളായിരുന്നു. പണ്ട് എനിക്കറിയാവുന്ന ഒരച്ചൻ മരിച്ചപ്പോൾ എത്രപേരാ കരയാനുണ്ടായിരുന്നത്! പലർക്കും ലക്ഷങ്ങൾ കിട്ടാനുണ്ടായിരുന്നു; ഇപ്പഴും അവർ കരഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാരും മലയാറ്റൂരിൽ ഇല്ലായിരുന്നു - പിന്നെന്താ? പത്തു കി.മീറ്റർ അകലെ ഇൻഫോ പാർക്കിന്റെ അടുത്തുനിന്നാണേൽ നിലക്കാത്ത കൂവിച്ചയാണു കേൾക്കുന്നത്. അവിടെയടുത്തുള്ള പള്ളിയിൽ  പത്തു വൈദികർക്ക് ആഹാരം കൊടുത്തതിന്റെ ചിലവായി പത്തുലക്ഷം എന്നൊരു കണക്കു മിന്നായം പോലെ എവിടെയോ കണ്ടെന്നാണ് ജനം ആരോപിക്കുന്നത്. ഈ പത്തു കന്യകന്മാർ തിന്നതെന്താണെന്നറിയാൻ അന്യമതസ്ഥരും കൗതുകപൂർവ്വം കാത്തിരിക്കുന്നുവെന്നും കേൾക്കുന്നു. ഇടക്കുള്ള  അങ്കമാലിയിലാണെങ്കിൽ കുർബ്ബാന സമയം മാറ്റുമോയെന്നു സംശയം. വിശ്വാസികൾക്കു ബാക്കി ചൊല്ലാനും സമയം കൊടുക്കണ്ടേ? 'കത്തോലിക്കാ സഭയും' നടത്തിപ്പുകാരും കൂടെയുണ്ടെങ്കിൽ ക്രിസ്ത്യാനി പിന്നെന്തിനു സംശയിക്കാതിരിക്കണം?

ഇതിനേക്കാൾ മണ്ടന്മാരായ ഉപദേശകരെ വല്യപിതാവിനു കിട്ടാതെ പോയോ, അതോ ഇതിനേക്കാൾ മണ്ടനായ വല്യപിതാവിനെ ഉപദേശകർക്കു കിട്ടാതെ പോയോ? 25 വർഷങ്ങൾ കാനോൻ കളിച്ചതിന്റെ ഫലം! സർവ്വതിന്റെയും ബുദ്ധി കെട്ടെന്നു തോന്നുന്നു! പരി.ആത്മാവിന്റെ ലക്ഷണങ്ങളിൽ സമാധാനം ഉണ്ട്. എറണാകുളത്തുള്ളതു പരി. ആത്മാവല്ലെന്നുറപ്പിക്കാം. പരി. ആത്മാവിനെ സ്വീകരിക്കാൻ കമ്മറ്റിയുണ്ടാക്കുന്നതിനു പകരം കേസുകൾ നടത്താനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. അത്മായർക്കു ലീഗൽ ഫോറം ഉണ്ടാക്കാമെങ്കിൽ സിനഡിനെന്താ കേസുഫോറം ഒരെണ്ണം ഉണ്ടാക്കിയാൽ? അറുപതിനുമേൽ നാട്ടുരാജാക്കന്മാരുണ്ടല്ലൊ! ഇവർക്കെന്താ ഒരു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചാൽ? കേസിന്റെ കാര്യത്തിൽ, അതുണ്ടാക്കിയവർക്കു തന്നെയാണ് നടത്താനും അർഹത. ആലഞ്ചേരിപ്പിതാവിന്റെ പേരിലുള്ള കേസുകൾ നടത്താൻ അറക്കൽ പിതാവിനെയും, അറക്കൽ പിതാവിന്റെ പേരിൽ വരാൻ സാദ്ധ്യതയുള്ള കേസുകൾ നടത്താനുള്ള ഉത്തരവാദിത്വം എടയന്ത്രത്തു പിതാവിനെയും ഏൽപ്പിക്കാം. കട്ടക്കു കട്ട നിൽക്കട്ടെ! വല്ലോരും കേസു നടത്തിക്കോളൂന്ന് കേട്ടപ്പോൾ പലർക്കും സന്തോഷമായിക്കാണും. മെത്രാന്മാർ കേസു നടത്തുകയും, അത്മായർ പള്ളി നടത്തുകയും ചെയ്യുന്ന ഒരു നല്ലകാലം വരില്ലെന്നാരറിഞ്ഞു? പക്ഷെ, അവിടെയും കരിഞ്ഞ മണം; ഇടയന്ത്രം പിതാവാണോ രാജാവിന്റെ ഉപമ വക്കീലിനു പറഞ്ഞുകൊടുത്തതെന്ന സംശയം ഒരു കൂട്ടർക്ക്, സിനഡിന്റെ കുറിപ്പിൽ, അതിറക്കിയവന്റെ ഒപ്പില്ലെന്നും ചിലർക്കു പരാതി. എന്തായാലും വൈദികർ പ്രകടനമായി അരമനയിലേക്കു മാർച്ചു ചെയ്തെന്നു വച്ച് അത്മായൻ അതു ചെയ്യാൻ പാടില്ല. അത്മായനില്ലേ ഒരു നിലവാരം? കുടുംബത്തൊരച്ചനുണ്ടാകുമ്പോഴും മെത്രാനുണ്ടാകുമ്പോഴുമൊക്കെ പല വീട്ടുകാർക്കും ഒരു തള്ളലാരുന്നു. അതു കംപ്ലീറ്റ് മാറിയെന്നു തോന്നുന്നു! ഇനിമേൽ മെത്രാന്മാരുടെ പേരിനു വീട്ടു പേരുകൊണ്ട് തൊങ്ങൽ വെക്കുന്ന പരിപാടി മാറ്റി, വീട്ടുനമ്പർ വെക്കുക (ഉദാ: മാർ കുട്ടപ്പൻ 3/സി കോട്ടയം മുനിസിപ്പാലിറ്റി തിരുമേനി); അവരുടെ ബന്ധുക്കളെങ്കിലും തലയിൽ മുണ്ടിടാതെ നടക്കട്ടെ! 
 
എങ്കിലും സിനഡ്, അറക്കൽ മെത്രാനെ കണ്ണടച്ചു വിശ്വസിച്ചതിന്റെ കാരണം അത്രക്കങ്ങു ക്ലിയറല്ല. അദ്ദേഹത്തിന്റെ കൈയ്യീന്നല്ലേ ദീപിക പോയത്? ആ കഥയും ഈ കഥയും തമ്മിൽ ബന്ധമുണ്ടെന്നു പി സി ജോർജ്ജ് ചാനലിലൂടെ തറപ്പിച്ചു പറയുന്നു. കഴിഞ്ഞ പ്രാവശ്യം പി.സി ജോർജ്ജിനെ തോൽപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചുവെന്നാരോ പറഞ്ഞു കേട്ടതിന്റെ വൈരാഗ്യം കൊണ്ടാണോ ജോർജ്ജിതു പറഞ്ഞതെന്നു സംശയമുണ്ട്. അറക്കൽ മെത്രാനോടു നന്ദി പറയുകയല്ലെ ജോർജ്ജ് ചെയ്യേണ്ടത്? ജോർജ്ജിനു വൻ ഭൂരിപക്ഷമല്ലേ കിട്ടിയത്. മോനിക്കാ തോമസിനെ അറക്കൽ പിതാവ് ഒരൊറ്റ ചരമപ്രസംഗത്തിലൂടെ തോൽപ്പിച്ചുവെന്നത് സത്യമാണ് (മാർക്ക് ആന്റണീ, മാപ്പ്!). അതുപോലാണോ ഇത്? ഒരു പക്ഷെ, കണ്ണന്താനം സാർ പട പടേന്നു കേന്ദ്രമന്ത്രിയായതിനു പിന്നിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടെന്ന് മറ്റു പിതാക്കന്മാർ സംശയിച്ചിട്ടുണ്ടാവാം! ഏതായാലും കേസ് നടത്താൻ അറിയാവുന്നവരുടെ കൈയ്യിൽ കേസ് വന്നപ്പോൾ സ്റ്റേ വന്നതു കണ്ടോ? റോമിൽ പോലും സ്വന്തംഭാഗം പറഞ്ഞു ജയിക്കാൻ കഴിയാത്ത മൂലേക്കാട്ട് തിരുമേനിയെ കേസ് കമ്മിറ്റിയിൽ വച്ചതിന്റെ കാര്യവും ക്ലിയറല്ല. ബോംബ് വെക്കാൻ പോയ ചിറക്കടവുകാരൻ തീവ്രവാദിയോട് പോലീസ് ചോദിച്ചു, ഇതുറപ്പിക്കുന്ന സമയത്തെങ്ങാനും പൊട്ടിയാൽ എന്തു ചെയ്യുമായിരുന്നെന്ന്. അയാൾ പറഞ്ഞത്, കൈയ്യിൽ രണ്ടെണ്ണംകൂടിയുണ്ടായിരുന്നെന്നാണ്. സഭാ തർക്കത്തിലുള്ളവരുടെ കൈകയ്യിലുണ്ടായിരുന്ന ഒരെണ്ണം പൊട്ടി. ഇനിയും ആ സൈസ്സ് കൈയ്യിൽ കാണുമായിരിക്കും. അഭയാക്കേസ് വന്ന കാലത്തു തന്നെ കേസ് നടത്താൻ ഒരു സിനഡു കമ്മറ്റി ഉണ്ടാക്കേണ്ടതായിരുന്നു. രാമപുരത്തു പോലീസ് സ്റ്റേഷനു വേണ്ടി സർക്കാരിനു മെമ്മോറാണ്ടം കൊടുത്തവർ വേണ്ടത്ര കേസുകളുണ്ടാക്കിക്കൊള്ളാമെന്നു കൂടി സർക്കാരിനുറപ്പു കൊടുത്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യം എല്ലാ പിതാക്കന്മാരും വൈദികരും ശ്രദ്ധിച്ചാൽ സിനഡിന്റെ കേസുകമ്മറ്റി പിരിച്ചുവിടേണ്ടി വരില്ല! 

എറണാകുളം സിറ്റിക്കുള്ളിൽ പലതും സംഭവിക്കും. അവിടെപ്പോയി വല്ലയിടത്തും നിന്ന്, അതുമിതും ചിന്തിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പൻസാറിനോട് ചോദിക്കുക. വൈദികസമിതിക്കു പങ്കെടുക്കാൻ മേജറിനു പോലും പറ്റിയിട്ടില്ല. ഇപ്പൻസാറിനു 'ചർച്ച് ആക്റ്റ് കടലാസുകളും പോയി', പഴം പൊരിയും കിട്ടി. പോലീസ് വണ്ടിക്കു കൈ കാണിച്ചതുപോലെയായി കാര്യങ്ങൾ. സഭയെയോ, മെത്രാനെയൊ, കർദ്ദിനാളിനെയോ എറണാകുളം നഗരത്തിൽവെച്ച്  ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നു സാർ അറിഞ്ഞിരുന്നില്ല. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അറിയാൻ വേണ്ടിയാണു ഞാനിതെഴുതുന്നത്. എന്നാൽ, കോതമംഗലം അനുരജ്ഞനത്തിന്റെ പാതയിലാണ്. അറേബ്യായിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നിട്ടും മാക്ബത്തിന്റെ കൈകളിൽ പറ്റിയ കറയൊന്നും മായ്ക്കാൻ ഷേക്സ്പിയറിനായില്ല; എങ്കിലും, ഒരാളുടെ രണ്ടേക്കർ സ്ഥലം തിരിച്ചുകൊടുക്കാൻ തീരുമാനിച്ചത് സന്തോഷകരം. അവിടെ 20 വീടുകളുണ്ടാകുമെന്നും അതാണ് സ്വർഗ്ഗത്തിലെണ്ണപ്പെടുന്നതെന്നും അവർക്കുമറിയാം നമ്മക്കുമറിയാം. വെട്ടിലായത് കാഞ്ഞിരപ്പള്ളിക്കാരാ. അന്യരുടെ കാരുണ്യത്തിൽ കഴിയുന്ന ജർമ്മൻകാരിക്ക് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് കത്തുകൾ വല്ലതും വന്നാൽ പോസ്റ്റുമാന്റെ അപ്പനും അമ്മക്കുമൊന്നും അവർ വിളിക്കാതിരുന്നാൽ മതിയായിരുന്നു. കപ്യാരന്മാരും പോസ്റ്റ്മാൻമാരും വെറും സാധുക്കളാണെന്നറിയുക. ജർമ്മൻ പൗരയെ സംബന്ധിച്ചിടത്തോളം ഇനിയെന്തു കിട്ടിയതുകൊണ്ടും കാര്യമില്ല. തട്ടുദോശ തിന്നു പരിചയമായിപ്പോയി. കൊച്ചു കൊച്ചു വഴക്കുകളിൽ ഓരോരുത്തരെ ഒതുക്കി ഒതുക്കിയാണ് ഇത്രയും ശത്രുക്കളെ സഭ ഉണ്ടാക്കിയത്. ആ പാരമ്പര്യം എവിടെ ചെന്നാലും കളയാനൊക്കുമോ?

തൃശ്ശൂർ നിന്ന് തട്ടിൽ മെത്രാൻ പോയപ്പോഴും എറണാകുളത്തു നിന്നു പുത്തൂർ മെത്രാൻ പോയപ്പോഴും ചിരിച്ചവരുണ്ടല്ലൊ, അവരെല്ലാം ഇപ്പോൾ അനുഭവിക്കുന്നു. പലരും കളിക്കുന്നുമുണ്ട്; ആലഞ്ചേരിക്കു ശേഷം ഒരു മേജറെ ആവശ്യമായി വന്നാലോ? മേജറാവാൻ അത്മായനു പടില്ലെന്നു കാനോനിലില്ലല്ലൊ! വടക്കേ ഇൻഡ്യയിൽ നിന്നു വരെ അത്മായർ മൽസരരംഗത്തുണ്ടെന്നു കേൾക്കുന്നു. ഉള്ള രൂപതയുടെ രാജാവായി വവ്വാലിനെപ്പോലെ മാർപ്പാപ്പാക്കും വിശ്വാസികൾക്കും പിടി കൊടുക്കാതെ വല്ലിടത്തും മരണം വരെ തൂങ്ങിക്കിടക്കുന്നതല്ലേ നല്ലത്? പക്ഷെ, ഒരു കുഴപ്പം കാണുന്നു, ചിലപ്പോൾ ജയിലിൽ കിടന്നു തൂങ്ങേണ്ടിയും വരും. ഏതായാലും, ഏതു മെത്രാനാ ആദ്യം ജയിലിൽ പോകുന്നതെന്ന് ഒരു വർഷത്തിനുള്ളിൽ അറിയാം.

കൃഷി വായ്പയെടുത്ത പെണ്ണുങ്ങൾ കിട്ടിയതും കൊണ്ട് ബാങ്കിന്റെ മുമ്പിൽ കാറിലിരുന്ന രക്ഷകനച്ചൻ കാണാതെ പിന്നിലൂടെ രക്ഷപ്പെടുകയായിരുന്നു. അന്നിവർക്കൊരു പ്രാക്കു കിട്ടിയതാ, പള്ളിയോടു കളിച്ചാൽ ഓട്ടോറിക്ഷായിടിച്ചു ചാകത്തേയുള്ളെന്ന്. ശാപം ഏറ്റത് പ്രാകിയോന്റെ മുന്നിൽ വേലിയേലിരുന്ന ഓന്തിനായിപ്പോയി! ശതോത്തരജൂബിലി ദണ്ഡവിമോചനാശിർവ്വാദം ഉണ്ടായപ്പോഴെങ്കിലും എവമ്മാരു മനസ്സു തിരിയുമെന്നു ഞാൻ കരുതി! സഭ രക്ഷപ്പെടാൻ ഒരുപായമുണ്ട്, കഷായവും രസായനവുമായി കഴിയുന്ന വയസ്സന്മാരെ മുഴുവൻ മാറ്റി സഖാവ് കാനം രാജേന്ദനെ പണിയേൽപ്പിക്കുക! സമാധാനത്തിൽ പോവാൻ പവ്വത്തിൽ തിരുമേനിക്കെങ്കിലും കഴിയട്ടെ. 

ഈ വർഷത്തെ 'നികൃഷ്ട ജീവി ഓഫ് ദി ഇയർ' അവാർഡ് എറണാകുളത്താർക്കെങ്കിലും കൊടുത്തേക്കാം അല്ലെ? 

സത്യജ്വാല മാര്‍ച്ച് 2018

ക്ലിക് ചെയ്ത് വായിക്കുക: 
https://drive.google.com/file/d/1Ugbx0mrTxb6vFuuO6poZhAYFi4wxfEDC/view?usp=sharing


ക്നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും
ജോസഫ് പടന്നമാക്കൽ 

ക്നാനായ തൊമ്മൻ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ, കേരളത്തിൽ വന്നുവെന്നോ, അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. പരിശുരാമൻ കേരളക്കര സൃഷ്ടിച്ചതുപോലെ, സെന്റ് തോമസ് കേരളത്തിൽ ഏഴര കുരിശ് സ്ഥാപിച്ചപോലെ, ക്നാനായ കഥകളും ചരിത്രമായി ക്നാനായ ജനത കൊണ്ടാടുന്നു. അദ്ദേഹം ഏതു രാജ്യത്തുനിന്ന് വന്നുവെന്നുള്ള ചരിത്രത്തെപ്പറ്റിയും  പൊതുവായ ഒരു ധാരണയില്ല. ഒരു ബിഷപ്പായിരുന്നുവെന്ന് ചരിത്രമുണ്ട്. അതല്ല ഒരു കച്ചവടക്കാരനായിരുന്നുവെന്നും വിശ്വസിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാക്കപ്പലിൽ കേരളത്തിൽ വന്നു താമസമാക്കിയെന്നു പറയുന്നു. എന്നാൽ ഭൂരിഭാഗം പേരും നാലാം നൂറ്റാണ്ടിൽ വന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രത്തെക്കാളുപരി അനുമാനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ തൊമ്മന്റെ കഥകൾ  ഐതിഹ്യമാലകളാൽ കോർത്തിണക്കിയിരിക്കുന്നതും സ്പഷ്ടമാണ്.

1980-മുതലാണ് തെക്കുംഭാഗരെ ക്നാനായക്കാരെന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് തെക്കുംഭാഗരെന്നതിനേക്കാൾ കൂടുതലായും ഈ സമൂഹത്തെ അറിയപ്പെടുന്നത് ക്നാനായക്കാരെന്നാണ്. 1939-ൽ തിരുകൊച്ചി നിയമസഭാ സാമാജികനായിരുന്ന ശ്രീ ജോസഫ് ചാഴികാടൻ ക്നാനായക്കാരുടെ ഐതിഹ്യങ്ങൾ കോർത്തിണക്കി 'തെക്കുംഭാഗം സമുദായ ചരിത്രം' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് തർജിമയുമുണ്ട്. അതിൽ  ചരിത്രത്തോടൊപ്പം അവരുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിവരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനുമുമ്പ് തെക്കുംഭാഗരെപ്പറ്റി പരാമർശിച്ചിരിക്കുന്നതായ രേഖകളൊന്നും ചരിത്രത്തിൽ കാണാൻ സാധിക്കില്ല. ഒരു പക്ഷെ തെക്കുംഭാഗർ എന്നതിന് പകരം മറ്റേതെങ്കിലും നാമത്തിൽ അവരെ അറിയപ്പെട്ടിരിക്കാം.

പൊതുവെ ക്നാനായക്കാർ സൽക്കാര പ്രിയരാണ്. യഹൂദർക്ക് നിഷിദ്ധമായ കള്ളും പന്നിയിറച്ചിയും അവരുടെ പ്രിയമുള്ള പാനീയവും ആഹാരവുമാണ്. കാഴ്ചയിൽ 'തെക്കും ഭാഗർ' തനി കേരളീയരെപ്പോലെ തന്നെ. ഒരു യഹൂദനെപ്പോലെയോ മിഡിലീസ്റ്റ് രാജ്യക്കാരെപ്പോലെയോ ശരീരഘടന ആർക്കും തന്നെയില്ല. യഹൂദ ജനം കുടിയേറുന്ന പ്രദേശങ്ങളിൽ അവരുടെ ഭാഷയായ ഹീബ്രുവും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാൽ ഹീബ്രു അറിയാവുന്ന ക്നാനായക്കാർ ആരും തന്നെയില്ല. ചിലർ പൈതൃകം തേടി അടുത്ത കാലത്ത് ഹീബ്രു പഠനം ആരംഭിച്ചിട്ടുമുണ്ട്.

ക്നാനായക്കാരെ സ്വവംശ വർഗ്ഗമെന്നും അറിയപ്പെടുന്നു. ഇന്ത്യയിലും വിവിധ ഭാഗങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷം ക്നാനായക്കാരുണ്ടെന്നു കണക്കാക്കുന്നു. തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടുതരം ക്രിസ്ത്യാനികൾ ഉണ്ടായെതെങ്ങനെയെന്ന് അറിയില്ല! ക്നാനായ ചരിത്രം ആറായിരം വർഷങ്ങൾക്കപ്പുറമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യഹൂദ ജനങ്ങളുടെ ചരിത്രംവരെ എത്തിക്കുന്നുണ്ട്. ഇത്തരം പൊള്ളയായ വാദങ്ങൾ ഭൂരിഭാഗം ക്നാനായ ജനതയും വിശ്വസിക്കുന്നു. മിക്ക പുരോഹിതരുടെയും പ്രഭാഷണങ്ങളിൽ ക്നാനായ മൂലചരിത്രം ആരംഭിക്കുന്നത് ദാവീദിന്റെ വംശാവലിയിൽ നിന്ന് കേൾക്കാം!

യൂറോപ്യന്മാർ ഇന്ത്യയിൽ കോളനികൾ സ്ഥാപിക്കാൻ തുടങ്ങിയ കാലങ്ങൾമുതലാണ്, ക്നാനായക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ  ഇവർ കേരള സമൂഹത്തിൽ ഒരു പ്രധാന വിഭാഗമായി അറിയപ്പെടാൻ തുടങ്ങി. ക്നാനായക്കാരിൽ അനേകമാളുകൾ പടിഞ്ഞാറൻ പ്രദേശങ്ങളിലും അമേരിക്കയിലും കുടിയേറിയിരിക്കുന്നു. അവിടെയെല്ലാം അവരുടെ പള്ളികളും സമൂഹവും ഉയർത്തിയിട്ടുണ്ട്. അമേരിക്കയിൽ ഷിക്കാഗോയിലാണ്  കൂടുതലായും അവരുടെ ജനം കുടിയേറിയിരിക്കുന്നത്.

ക്നാനായക്കാരെ ചാരം കെട്ടികളെന്നു വിളിക്കുന്ന പതിവുണ്ട്. അത് ക്നാനായക്കാരെ മാത്രമല്ല, ജൂതന്മാരെയും ചാരൻ കെട്ടികളെന്ന് വിളിക്കാറുണ്ട്. എ.ഡി. എഴുപതിൽ ജെറുസേലം ദേവാലയം തകർക്കപ്പെട്ടു. അന്ന് അവിടെനിന്നും ജൂതൻമാർ പലായനം ചെയ്തപ്പോൾ അന്നത്തെ കത്തിയ ദേവാലയത്തിന്റെ ചാരം കിഴിയായി കെട്ടിക്കൊണ്ടായിരുന്നു അവർ പോയത്. പിൽക്കാലത്ത് ഓരോ യഹൂദനും മരിക്കുമ്പോൾ ശവമഞ്ചത്തിനുമേലെ ഈ ചാരത്തിന്റെ അവശിഷ്ടം നിക്ഷേപിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യഹൂദ പാരമ്പര്യത്തിൽ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നതുകൊണ്ട് യഹൂദരെയും ചാരൻ കെട്ടികളെന്നു വിളിച്ചിരുന്നതായും ക്നാനായ ചരിത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പോർട്ടുഗീസുകാർ വന്നപ്പോൾ കൊച്ചിയിലെ പല ജൂതപ്പള്ളികളും അവർ കത്തിച്ചു കളഞ്ഞു. ആ കത്തിച്ചു കളഞ്ഞ ചാരവുമായിട്ടായിരുന്നു തെക്കുംഭാഗർ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കാൻ തുടങ്ങിയത്. അങ്ങനെ ക്നാനായക്കാർക്കും ആ പേര് വന്നുചേരുകയും ചെയ്തു. ക്നാനായക്കാർ എഡേസായിൽനിന്നു പുറപ്പെട്ടപ്പോൾ അവരുടെ ഭവനങ്ങളും കത്തിച്ച ശേഷം ചാരക്കിഴിയുമായി വന്നുവെന്നും ചരിത്രമുണ്ട്.

നാലാം നൂറ്റാണ്ടിൽ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും കൊടുങ്ങല്ലൂരിന്റെ തെക്കേ ഭാഗത്ത് താമസിച്ചിരുന്നു. ഇന്നും മലബാറി ജൂതന്മാരെ തെക്കുംഭാഗരെന്നും എറണാകുളത്തുള്ള ജൂതപ്പള്ളികളെ  തെക്കുഭാഗം പള്ളികളെന്നും അറിയപ്പെടുന്നു. മണിഗ്രാമം എന്ന സ്ഥലം ചേരമാൻ പെരുമാൾ ക്നാനായ തൊമ്മനും അനുയായികൾക്കും നൽകിയിരുന്നതായും പറയപ്പെടുന്നു. കൂടാതെ 72 രാജ പദവികളും നൽകിയിരുന്നു. ക്നാനായക്കാരുടെ വിവാഹം സംബന്ധിച്ച ചടങ്ങുകളും രാജപദവികളിൽ വിവരിച്ചിട്ടുണ്ട്. അവരുടെ താലിക്കുപോലും പ്രത്യേകതയുണ്ട്. കുമ്പളത്താലിയാണ് ഉപയോഗിക്കുന്നത്. ഇരുപത്തൊന്നു സുവർണ്ണ വരകളുള്ള ഈ താലി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. താലിയുമായി വരുമ്പോൾ വരന്റെ വീട്ടുകാർ വധുവിന് എന്തൊക്കെ കൊടുക്കണമെന്ന വിവരങ്ങൾ രാജപദവികളിൽ പറഞ്ഞിട്ടുണ്ട്. പതിനേഴു ജാതികളുടെ മേലെയുള്ള അധികാരവും ചേരമാൻ പെരുമാൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. നടവിളി, ചന്ദം ചാർത്തൽ അനുഷ്ഠിക്കൽ, ഇതെല്ലാം 72 പദവികളിൽപ്പെട്ട ജൂത പാരമ്പര്യങ്ങളായി കണക്കാക്കുന്നു. തരിസാപ്പള്ളി ചെപ്പേട്, മണിഗ്രാമം ചെപ്പേട് എന്നിവകളിൽ പദവികൾ കൊടുത്തതായി പറഞ്ഞിട്ടുണ്ട്. കാലാ കാലങ്ങളിൽ വന്ന ചേരമാൻ പെരുമാൾമാർ ക്നാനായക്കാർക്ക് കൊടുത്ത ഈ പദവികൾ പുതുക്കി കൊടുത്തതായും അവരുടെ ചരിത്രത്തിലുണ്ട്.

ക്നാനായക്കാർ മഹത്തായ രാജകീയ പിന്തുടർച്ചക്കാരെന്നുള്ളതാണ് മറ്റൊരു ചരിത്രം. ഉദയംപേരൂർ കേന്ദ്രമായി വല്ല്യാർ വട്ടം എന്ന സ്ഥലത്ത് ക്രിസ്ത്യാനികളായ തോമ്മാ രാജാക്കന്മാർ ഭരിച്ചിരുന്നുവെന്നും ക്നാനായക്കാർ വിശ്വസിക്കുന്നു. ക്നാനായ ജനത ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ രാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും 'യൂട്യൂബിൽ' വരുന്ന ചില പ്രഭാഷണങ്ങളിൽ  ശ്രവിക്കാം. പോർട്ടുഗീസുകാർ കേട്ടിരുന്നത് കേരളത്തിലെ അക്കാലത്തെ ജനതകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളെന്നായിരുന്നു. ക്നാനായ തൊമ്മന്റെ പിന്തുടർച്ചക്കാർ തോമ്മാ രാജാക്കന്മാരുടെ അനുയായികളെന്നായിരുന്നു കേട്ടിരുന്നത്. ക്ഷേത്രങ്ങൾ മാതാവിന്റെ നാമത്തിലുള്ള പള്ളികളെന്നു വാസ്കോഡിഗാമ തെറ്റി ധരിച്ചു. റോമ്മാ പോപ്പ് പലതവണ തോമ്മാ രാജാക്കന്മാർക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അങ്ങനെ രാജാക്കന്മാരുടെ പാരമ്പര്യം, ആറായിരം വർഷം പഴക്കമുള്ള യഹൂദ പാരമ്പര്യം, ദാവീദ് രാജാവിന്റെയും തോമ്മാ രാജാക്കന്മാരുടെയും പിന്തുടർച്ച, രാജകീയ അവകാശങ്ങൾ, ചേരമാൻ പെരുമാളിന്റെ വാത്സല്യം എന്നിവകൾ ഭൂതകാലത്തിന്റെ സ്മരണകളായി ക്നാനായ സമുദായം കൊണ്ടാടുന്നു. ആത്മീയതക്കുപരിയായി പാരമ്പര്യത്തിനും പൈതൃകത്തിനും പ്രാധാന്യം അവർ കൽപ്പിക്കുന്നു.

സാംസ്‌കാരികമായി ക്നാനായ്ക്കാർക്ക് തനതായ നാടോടി പാട്ടുകളുണ്ട്. കലാ സാംസ്ക്കാരിക മൂല്യങ്ങളുമുണ്ട്. കല്യാണാഘോഷങ്ങളിലും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളിലും മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും ക്നാനായക്കാർ വ്യത്യസ്തത പുലർത്തുന്നതും കാണാം. നൂറ്റാണ്ടുകളായി അവർ തനതായ ആചാരങ്ങൾ കൊണ്ടാടുന്നു. ക്നാനായക്കാരുടെയിടയിലുള്ള പാട്ടുകൾ കൊച്ചിയിലെ യഹൂദ പാട്ടുകളുമായി താദാത്മ്യമുണ്ടെന്ന് അവരുടെ എഴുതപ്പെട്ട കൃതികളിൽ കാണുന്നു. മാർഗം കളി ഡാൻസ്, പെസഹാ, എന്നീ ആചാരങ്ങൾ പടിഞ്ഞാറും കിഴക്കുമുള്ള സുറിയാനി പാരമ്പര്യത്തിൽ നിന്നുമുള്ളതാണ്. അത് തെക്കൻ ക്രിസ്ത്യാനികളും വടക്കൻ ക്രിസ്ത്യാനികളും ഒരുപോലെ ആഘോഷിക്കുന്നു.

കോട്ടയം അടുത്തുളള ചിങ്ങവനത്തിൽ 1910-ൽ യാക്കോബായ ക്നാനായ രൂപത സ്ഥാപിച്ചു. ക്നാനായ സമുദായത്തിന് തനതായ കോട്ടയം വികാരിയത്തു നേടിയെടുക്കാൻ മാർ മാത്യു മാക്കിലും മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിലുമൊന്നിച്ച് 1911 മെയ് ഇരുപത്തിയഞ്ചാം തിയതി റോമിൽ പത്താം പിയൂസ് മാർപ്പാപ്പായെ നേരിൽ കാണുകയുണ്ടായി. ഇവരുടെ ശ്രമഫലമായി 1911 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി തെക്കുംഭാഗർക്ക് തനതായ വികാരിയത്തു സ്ഥാപിച്ചുകൊണ്ടുള്ള കൽപ്പന റോമിൽനിന്നും ലഭിച്ചു. മാർ മാക്കിൽ, രൂപതയുടെ ആദ്യത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണശേഷം അലക്‌സാണ്ടർ ചൂളപ്പറമ്പിൽ കോട്ടയം രൂപതയുടെ മെത്രാനായി ചുമതലകൾ വഹിച്ചുവന്നു. കോട്ടയം കേന്ദ്രമായി 1923-ൽ ക്നാനായ രൂപതയും സ്ഥാപിതമായി. 2005-ൽ അത് അതിരൂപതയായി ഉയർത്തപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ മാത്രമേ വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള വേറിട്ട രണ്ടായ ക്രിസ്തീയ ചരിത്രം അറിവിലുള്ളൂ. പോർട്ടുഗീസ് ചരിത്രങ്ങളിൽ ക്നാനായ തൊമ്മൻ വരുന്നതിനുമുമ്പ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന് മാത്രമേ കുറിച്ചിട്ടുള്ളൂ. പോർട്ടുഗീസുകാർ വന്നതിൽ പിന്നീടാണ് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടായി തിരിയാൻ കാരണമായത്. കാലക്രമേണ വ്യത്യസ്ത പള്ളികൾ ഇരുകൂട്ടരും പണിയാനും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കുംഭാഗരും വടക്കുംഭാഗരുമായി സാമൂഹികാചാരങ്ങളിൽ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ 1910-ൽ യാക്കോബാ മലങ്കര ഓർത്തോഡോക്സ് സമുദായത്തിൽ ക്നാനായ സമുദായത്തിനു മാത്രമായി രൂപത വന്നപ്പോൾ യഹൂദ ആചാരങ്ങളിൽ പലതും അവർ പകർത്താനാരംഭിച്ചു. തെക്കുംഭാഗരും വടക്കുംഭാഗരും രണ്ടായി തിരിയാനുള്ള ചരിത്രത്തിന്റെ വഴിത്തിരിവിനും അത് കാരണമായി. 1911-ൽ സുറിയാനി കത്തോലിക്കരുടെയിടയിൽ കോട്ടയം രൂപതയുടെ സ്ഥാപകനായ മാക്കിൽ മെത്രാന്റെ നേതൃത്വത്തിൽ ആ ചേരി തിരിവ് ശക്തമാക്കി.

തെക്കും ഭാഗ ജനതയുടെ ആരംഭം യഹൂദ ക്രിസ്ത്യാനികളെന്നു ചരിത്രരേഖകളില്ല. അതേ സമയം പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ഡോക്യൂമെന്റുകളിൽ ബിഷപ്പ് തോമസോ അല്ലെങ്കിൽ കച്ചവടക്കാരൻ തോമസോ അനേകരെ ക്രിസ്ത്യാനികളായി മലബാറിൽ മതപരിവർത്തനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചരിത്രമനുസരിച്ച് ചേരമാൻ പെരുമാളിന്റെ ചരിത്രം തുടങ്ങുന്നത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ്. നാലാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളിന്റെ ചരിത്രവും ക്നാനായി തൊമ്മന്റെ ചരിത്രവുമായി യോജിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. കോപ്പർ പ്ലേറ്റുകളിൽ ഓരോ കാലത്ത് പല വിധ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നുള്ളതും ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്.

വടക്കൻ ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ കാലത്ത് മത പരിവർത്തനം ചെയ്തവരെന്നു വിശ്വസിക്കുന്നു. തെക്കൻ ക്രിസ്ത്യാനികൾ ഒരു മിഷ്യനറിയും കച്ചവടക്കാരനുമായ ക്നാനായ തൊമ്മന്റെ ഒപ്പം വന്ന കുടിയേറ്റക്കാരുടെ അനുയായികളെന്നും കരുതുന്നു. നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ക്നാനായ തൊമ്മൻ എഴുപത്തി രണ്ടു കുടുംബങ്ങളുമായി വന്നുവെന്നാണ് ക്നാനായക്കാരുടെ നാടൻ പാട്ടുകളിൽ വ്യക്തമാക്കുന്നത്. ക്നാനായ തൊമ്മനെപ്പറ്റി നിരവധി കഥകൾ നെയ്തെടുത്തിട്ടുണ്ട്. സത്യമാണോ സത്യമല്ലെന്നോ അറിഞ്ഞുകൂടാ. പലതും നാടോടി പാട്ടുകളിൽക്കൂടി  ഐതിഹ്യങ്ങളായി നെയ്തെടുത്തതാണ്. ക്നാനായ നാടോടി കഥ ആദ്യം എഴുതിയുണ്ടാക്കിയത് 1700-ൽ സിറിയൻ ഓർത്തോഡോക്സ് ബിഷപ്പായിരുന്ന മാർ ഗാവ്രിൽ എന്ന് കരുതപ്പെടുന്നു.

1518-ലെ ഒരു പോർട്ടുഗീസ് ഡയറിയിൽ ക്നാനായ തോമ്മായെപ്പറ്റി പെൺടീടോ  എന്നയാൾ ഏതാനും വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള തോമസ് ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നു. ക്രിസ്തു ശിക്ഷ്യനായ തോമ്മാശ്ലീഹാ വന്നതിനു ശേഷം വൃദ്ധനായ ഒരു അർമേനിയൻ കച്ചവടക്കാരൻ വന്നുവെന്നും തിരിച്ചു പോകാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ ആദായമുള്ള ഒരു പുരയിടം സ്ഥലത്തെ രാജാവിൽ നിന്നും മേടിച്ചുവെന്നും എഴുതിയിരിക്കുന്നു. ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. വസ്തുവിലുള്ള ആദായം മൂത്ത മകന് കൊടുത്തുകൊണ്ട് അദ്ദേഹത്തിൻറെ വസ്തുക്കൾ പള്ളിക്ക് എഴുതിക്കൊടുത്തു. ഈ കച്ചവടക്കാരന് അടിമകളുമുണ്ടായിരുന്നു. അവരെയെല്ലാം ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്തിരുന്നു. അടിമകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും ന്യായാധിപനെപ്പോലെ തീർപ്പു കല്പിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തിൻറെ രണ്ടാമത്തെ മകനായിരുന്നു. ഇതിനിടെ മക്കൾ തമ്മിൽ വഴക്കുണ്ടായി. മതം മാറിയ അടിമകൾ രണ്ടാമത്തെ മകനൊപ്പം മൂത്തയാളിനോട് വഴക്കുണ്ടാക്കി. മൂത്ത മകൻ യഹൂദരുടെ സഹായം ആവശ്യപ്പെട്ടു. അവർ വന്നു രണ്ടാമത്തെ മകനെയും മതം മാറിയ ക്രിസ്ത്യാനികളെയും അവിടെനിന്നു ഓടിച്ചു. ആ വസ്തുക്കളുടെ ഉടമസ്ഥാവകാശം യഹൂദർക്ക് ലഭിച്ചു. അവർ കൊച്ചി രാജാവിന് സേവനം ചെയ്തുകൊണ്ട് കൃഷികാര്യങ്ങളും രാജസേവനവും ചെയ്തു ജീവിച്ചുവെന്നാണ് ഒരു കഥ. അവരുടെ അനന്തര തലമുറകളാണ് ക്നാനായക്കാരെന്നും പറയുന്നു.

കൽദായ ബിഷപ്പായിരുന്ന മാർ ജേക്കബ് ആബൂന 1533-ൽ ഒരു കച്ചവടക്കാരനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. കാനൻ ദേശത്തുനിന്ന് ഒരു കച്ചവടക്കാരൻ തീർത്ഥാടനത്തിനായി മൈലാപ്പൂർ വന്നുവെന്നും അവിടെ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കണ്ടതുകൊണ്ടു അദ്ദേഹം കൊടുങ്ങല്ലൂർക്കു പോയിയെന്നും ഐതിഹ്യം പറയുന്നു. കൊടുങ്ങല്ലൂർ സ്ഥലം മേടിക്കുകയും പള്ളി പണിയുകയും ചെയ്തു. ഈ കച്ചവടക്കാരൻ മരിച്ചപ്പോൾ പള്ളിക്കു സമീപം കുഴിച്ചിടുകയും ചെയ്തു. 1564-ലെ കോറീയ  എഴുതിയ കുറിപ്പിലും ആബൂനായുടെ കാഴ്ചപ്പാടാണുള്ളത്. അർമേനിയൻ കച്ചവടക്കാരനായ ഒരാൾ അപ്പോസ്തോലൻ തോമസിന്റെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയെന്നും എഴുതിയിരിക്കുന്നു.  കച്ചവടക്കാരൻ തന്റെ വസ്തു മേടിക്കുന്നതിനുമുമ്പ് അയാളോടുകൂടി താമസിച്ചിരുന്നുവെന്നും കുറിച്ചുവെച്ചിട്ടുണ്ട്.

1578-ൽ ഡിയോണിസിയോ  എന്നയാൾ ക്നാനായി തൊമ്മനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വന്നത് മാർ ശബരിശോയും മാർ പിറുസിനു ശേഷമെന്നും പ്രാമാണികരിച്ചിരിക്കുന്നു. ബാബിലോണിയൻ ദേശക്കാരനായ കച്ചവടക്കാരനായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ വന്നു കച്ചവടം തുടങ്ങി. പണവും സ്വാധീനവുമായപ്പോൾ സ്ഥലത്തെ രാജാവുമായി കൂട്ടായി. തോമ്മാശ്ലീഹായുടെ നാമത്തിൽ പള്ളി വെക്കുവാൻ രാജാവ് 500 അടി സ്ഥലം കൊടുത്തു. അന്നുള്ള ക്രിസ്ത്യൻ ജനതയെ ഒന്നാകെ യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനേകരെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനവും ചെയ്തു. പള്ളി പണിയാനുളള ഭീമമായ തുകയും രാജാവ് കൊടുത്തു. അദ്ദേഹത്തിൻറെ കാലത്ത് ക്രിസ്തുമതം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. തോമ്മാ, നാട്ടുകാരത്തി ഒരു സ്ത്രീയെ വിവാഹം ചെയ്തു. നായർ സ്ത്രീയെ വിവാഹം ചെയ്തെന്നു പറയുന്നു. ക്രിസ്ത്യാനികളെ നായന്മാർക്ക് തുല്യമായി തുല്യ ആദരവോടെ അക്കാലങ്ങളിൽ ഗൗനിച്ചിരുന്നു.

മോൺസെറാറ്റെ  1579-ൽ എഴുതിയിരിക്കുന്നു, 'ക്നാനായ തൊമ്മൻ വന്നപ്പോൾ കൊല്ലത്തും കൊടുങ്ങല്ലൂരും ക്രിസ്ത്യാനികളെ കണ്ടു. അവർ തോമ്മാശ്ലീഹായുടെ പിൻഗാമികളായിരുന്നു. ക്രിസ്ത്യാനികൾ നായന്മാരെ വിവാഹം ചെയ്തിരുന്നു. അവർ ക്രിസ്ത്യൻ പേരിലറിയപ്പെട്ടിരുന്നു. കഴുത്തിൽ കുരിശുകളും ഉണ്ടായിരുന്നു. ക്നാനായ തൊമ്മൻ അവരെ യോജിപ്പിക്കുകയും ജാതിയിൽ കൂടിയ സമൂഹമായി ഉയർത്തുകയുമുണ്ടായി.

ക്നാനായ തൊമ്മനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ കോപ്പർ പ്ളേറ്റിനെപ്പറ്റി 'ഫ്രാൻസിസ് റോസ്' (1603)വിവരിച്ചിട്ടുണ്ട്. അവസാന ചേരമാൻ പെരുമാളിന്റെ കാലത്ത് ബാബിലോണിയായിൽനിന്ന് ക്നാനായ തൊമ്മൻ വന്നു. രാജാവിന് വലിയ ഒരു തുക പണം കൊടുത്തു. അവിടെ സെന്റ്. തോമസ് പള്ളി പണിതു.' എന്നിരുന്നാലും തൊമ്മൻ വരുന്നതിനു മുമ്പ് ആ പ്രദേശമാകെ ക്രിസ്ത്യാനികളുണ്ടായിരുന്നു. മറ്റൊരു ചെപ്പേടിൽ പറയുന്നു, ക്നാനായ തൊമ്മൻ കൊടുങ്ങല്ലൂർ വന്നെത്തിയപ്പോൾ ചേരമാൻ പെരുമാൾ നേരിട്ട് വന്നു അദ്ദേഹത്തെ സ്വീകരിച്ചു. അത് ഒരു ഫെബ്രുവരി ഏഴാംതീയതി നിലാവുള്ള  രാത്രിയായിരുന്നു. മഹോദരം പട്ടണം ക്നാനായ തൊമ്മനായി രാജാവ് നൽകി. അവിടെ തൊമ്മൻ  മതപരമായ ആവശ്യത്തിനായി  പള്ളിയും താമസിക്കാൻ വീടും പണിതു. പൂന്തോട്ടങ്ങൾ സഹിതം രാജാവിന്റെ സഹായത്താൽ 62 വീടുകൾ പണി കഴിപ്പിച്ചു. വഴികളും ഉണ്ടാക്കി. ഇപ്പറഞ്ഞ തൊമ്മന് ഒരു ഭാര്യയും ഒപ്പം താമസിക്കാൻ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. അവർ രണ്ടുപേരും മാർഗം കൂടിയ മലബാറിയൻ ക്രിസ്ത്യാനികളായിരുന്നു. ക്നാനായ തൊമ്മന്റെ വംശാവലിയിൽ ഒരു ക്രിസ്ത്യൻ സമൂഹം തന്നെയുണ്ടായി.

അടുത്ത കാലത്ത് ക്നാനായക്കാർ അന്യമതക്കാരെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തിൽ കാനഡയിലെ ബിഷപ്പ് 'മൈക്കല്‍ മുല്‍ഹാലിന്റെ' നേതൃത്വത്തിലുള്ള കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ക്നാനായക്കാർ പുറത്തുള്ള മറ്റു കത്തോലിക്കരെ വിവാഹം ചെയ്‌താൽ സമുദായത്തിൽനിന്നും പുറത്താക്കുന്നത് നീതീകരിക്കാൻ സാധിക്കുന്നില്ലെന്നും അത് ക്രിസ്തീയതയല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അമേരിക്കയിൽ രൂപതകളും പള്ളികളും സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ക്നാനായ സമുദായത്തിലുള്ള ആൾ സീറോ മലബാർ രൂപതയിൽപ്പെട്ടവരെ വിവാഹം കഴിച്ചാലും സമുദായ ഭ്രഷ്ട്ട് കൽപ്പിക്കുന്ന നടപടിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്നാനായുടെ അസ്തിത്വത്തെ തകരാറാക്കുന്ന വിധമാണ് ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. കേരളത്തിലും അമേരിക്കയിലും സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷമാണ് കാനേഡിയൻ ബിഷപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വളരെയധികം ആശങ്കകളോടെയാണ് സമുദായം ഈ റിപ്പോർട്ടിനെ കാണുന്നത്. നൂറ്റാണ്ടുകളായി പവിത്രമായി കരുതുന്ന സ്വവംശ വിവാഹമെന്ന പാരമ്പര്യത്തിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്വവംശ വിവാഹത്തെ സംബന്ധിച്ച് വത്തിക്കാൻ പുറത്തുവിട്ട വിവാദ ഉത്തരവിൽ ക്നാനായ സമുദായം അസന്തുഷ്ടരാണ്. റോമിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങൾക്കും കാരണമായേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവനും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം ഒരുലക്ഷം ക്നാനായക്കാർ സമുദായത്തിന് വെളിയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് സ്വന്തം സഹോദരങ്ങളോടൊപ്പം മാതാപിതാക്കളോടൊപ്പം ആചാരങ്ങളിൽ പങ്കു ചേരാൻ സാധിക്കാതെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ക്നാനായ സമുദായത്തിൽനിന്നുമല്ലാത്തവരെ വിവാഹം ചെയ്‌തുവെന്ന കാരണത്താൽ അവർ സഭയ്ക്ക് പുറത്തു പോവുന്നതും ക്രിസ്തീയ പാരമ്പര്യത്തിനെതിരാണ്. അത്തരം വൈകൃതങ്ങളായ പാരമ്പര്യങ്ങളെ ശ്രദ്ധിക്കാതെ വത്തിക്കാന്  കൈകെട്ടി നിൽക്കാനും സാധിക്കില്ല. വത്തിക്കാൻ നിയമിച്ച കമ്മീഷന്റെ നിലപാടും അതുതന്നെയായിരുന്നു.

വത്തിക്കാൻ നിർദ്ദേശം അവഗണിച്ചുകൊണ്ട് ക്നാനായ സമുദായം എങ്ങനെ മുമ്പോട്ട് പോകും? ഒന്നുകിൽ ഇവർക്ക് സ്വതന്ത്രമായ സഭയുണ്ടാക്കാം. അല്ലെങ്കിൽ ക്നാനായ യാക്കോബാ സമുദായത്തോട് ചേരുവാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ക്നാനായ സഭയുടെ സ്വത്തുക്കളിൽ തീരുമാനത്തിനായി കോടതികളെ ആശ്രയിക്കേണ്ടി വരും. യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ളതുപോലെ ഒരു പൊരിഞ്ഞ യുദ്ധത്തിനും കാരണമാകാം. ക്നാനായിലെ വലിയൊരു വിഭാഗം റോമിന്റെ ഭരണത്തിൻകീഴിൽ തുടരാൻ താല്പര്യപ്പെടുന്നതിനാൽ സമുദായത്തിനുള്ളിൽ അത് പിളർപ്പിലേക്കും വഴിതെളിയിക്കും. യുവ ജനങ്ങളിൽ അനേകർ ക്നാനായ സമുദായത്തിൽ നിന്ന് വിട്ട് പുറത്തുള്ള സഭകളുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും കാണാം. ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാവുമെന്നതിലും സംശയമില്ല.

അമേരിക്കയിൽ സീറോ മലബാർ സഭയുടെ ബിഷപ്പ് അങ്ങാടിയത്തും ബിഷപ്പ് മൂലെക്കാട്ടിലും മുത്തേലത്തച്ചനുമൊത്ത് ക്നാനായക്കാരെ ചതിച്ചുവെന്നുള്ള വിവാദങ്ങളുമുണ്ട്. മുത്തേലത്തച്ചൻ എന്ന പുരോഹിതൻ ക്നാനായക്കാരെക്കൊണ്ട് പള്ളികൾ മേടിപ്പിച്ച ശേഷം ആ പള്ളികൾ മുഴുവൻ അങ്ങാടിയത്തിനു തീറെഴുതി കൊടുക്കുകയാണുണ്ടായത്. സഭ മാറി കെട്ടിയ ക്നാനായക്കാർക്കും അവരുടെ കുടുംബത്തിനും ക്നാനായ പള്ളിയിൽ അംഗത്വം കൊടുക്കുന്നതും ക്നാനായ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഭാവിയിൽ ഈ ഫോർമുല മൂലെക്കാട്ടിൽ കേരളത്തിലും കൊണ്ടുവരുമെന്നും ഭയപ്പെടുന്നു. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണിതെന്നു സമുദായത്തിലുള്ളവർ ആശങ്കപ്പെടുന്നു. അമേരിക്കൻ ക്നാനായ സഭകളുടെമേൽ തനിക്ക് അധികാരമില്ലെന്നു ബിഷപ്പ് മൂലേക്കാടൻ പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായിരുന്നു.Friday, March 16, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യ'ങ്ങളായി!


പ്രൊഫ: പി. എല്‍. ലൂക്കോസ് ഫോണ്‍: 944 657 8174

''രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 - ലെ മെത്രാന്മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി  1992-ല്‍ പ്രസിദ്ധീകരിച്ചതുമായ 'Catechism of the Catholic Church' എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പി. ഓ. സിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം.' കത്തോലിക്കാസഭ വിശ്വസിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഈ ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. ഭാവിയില്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിവേണം മതബോധനഗ്രന്ഥങ്ങള്‍ രചിക്കാന്‍'' (ഒന്നാം പതിപ്പിന്റെ പ്രസ്താവനയില്‍ നിന്ന്). കത്തോലിക്കാ സഭയുടെ ഏറ്റവും ആധികാരികരേഖയായ ഈ ഗ്രന്ഥത്തിന്റെ 2011-ല്‍ ഇറക്കിയ രണ്ടാം പതിപ്പിന്റെ 100 മുതല്‍ 107 വരെ പേജുകളില്‍ 'ഉത്ഭവപാപം-കാതലായ ഒരു വിശ്വാസസത്യം' എന്ന തലക്കെട്ടിലുള്ള പ്രബോധനത്തില്‍നിന്ന് പ്രസക്തമെന്നു കരുതുന്ന ചില വാക്യങ്ങള്‍ ഈ ഗ്രന്ഥം വായിക്കാത്തവര്‍ക്കുവേണ്ടി താഴെ ഉദ്ധരിക്കുന്നു:
            ''പാപത്തിന്റെ പ്രഭവമായി ആദത്തെ മനസ്സിലാക്കുന്നതിന് കൃപാവരത്തിന്റെ പ്രഭവമായി ക്രിസ്തുവിനെ മനസ്സിലാക്കണം...... ക്രിസ്തുരഹസ്യത്തെ വികലമാക്കിക്കൊണ്ടുമാത്രമേ ഉത്ഭവപാപത്തെ
ക്കുറിച്ചുള്ള വെളിപാടിനെ അനുചിതമായി (?) തിരുത്തുവാന്‍ നമുക്കു കഴിയുകയുള്ളുവെന്നു ക്രിസ്തുവിന്റെ മനോഭാവമുള്ള സഭയ്ക്കു നന്നായി അറിയാം..... നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്ന് വെളിപാടുവഴി നമുക്കു വിശ്വാസപരമായ സ്ഥിരീകരണം ലഭിച്ചിരിക്കുന്നു. പിശാചിന്റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലുള്ള വിശ്വാസം അവന്റെ ഹൃദയത്തില്‍ നിര്‍ജ്ജീവമാക്കി;. സ്വാതന്ത്ര്യം ദുര്‍വിനിയോഗിച്ചുകൊണ്ടു ദൈവകല്പന ലംഘിച്ചു. മനുഷ്യന്റെ ആദ്യപാപം ഇതില്‍ അടങ്ങിയിരിക്കുന്നു. സര്‍വ്വമനുഷ്യരും ആദത്തിന്റെ പാപത്തില്‍  ഉള്‍പ്പെടുന്നു. വി. പൗലോസ് പ്രസ്താവിക്കുന്നു.; ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി...... ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോക
ത്തില്‍ പ്രവേശിച്ചു........ അപ്രകാരം എല്ലാവരും  പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു... നാമെല്ലാവരും പാപത്തോടുകൂടെ ജനിക്കത്തക്കവിധം ആദം നമ്മിലേക്ക് ആത്മാവിന്റെ മരണമാകുന്ന പാപം പകര്‍ന്നുതന്നു..... വിശ്വാസം നല്കുന്ന ഈ ഉറപ്പു നിമിത്തം, വ്യക്തിപരമായ പാപമൊന്നും ചെയ്തിട്ടില്ലാത്ത ശിശുക്കള്‍ക്കുപോലും പാപമോചനത്തിനായി സഭ മാമ്മോദീസ നല്കുന്നു. ആദത്തിന്റെ പാപം എങ്ങനെയാണ് അവന്റെ സര്‍വ്വസന്തതികളുടെയും പാപമായിത്തീര്‍ന്നത്? ആദത്തില്‍ മനുഷ്യവംശം മുഴുവനും ഒരു മനുഷ്യന്റെ ഏക ശരീരം പോലെയാണ്. മനുഷ്യവംശത്തിന്റെ ഈ ഐക്യംമൂലം സര്‍വ്വമനുഷ്യരും ആദത്തിന്റെ പാപത്തില്‍ പങ്കുകാരായി. ഉത്ഭവപാപത്തിന്റെ സംക്രമണം നമുക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാകാത്ത ഒരു രഹസ്യമാണ്. പ്രജനനത്തിലൂടെ അതായത്, ഉത്ഭവശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയുടെ സമ്പ്രദാനത്തിലൂടെയാണ് ഈ പാപം സമസ്തമാനവരാശിയിലേക്കും സംക്രമിക്കുന്നത്..... മാമ്മോദീസാ ക്രിസ്തുവിന്റെ കൃപാവരത്തിന്റെ ജീവന്‍ പ്രദാനംചെയ്തുകൊണ്ടു മനുഷ്യനിലെ ഉത്ഭവപാപം നീക്കിക്കളയുകയും അവനെ തിരികെ ദൈവത്തിങ്കലേക്കു കൊണ്ടുവരുകയും ചെയ്യുന്നു.'''
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ ഈ വാചകക്കസര്‍ത്ത് രസാവഹമായ രണ്ടു മൂന്നൂ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, തിരുവനന്തപുരത്തുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സ്വര്‍ണ്ണവും രത്‌നങ്ങളും കുമിഞ്ഞുകൂടിക്കിടക്കുന്നതുപോലെ കത്തോലിക്കാവിശ്വാസം വെളിപാടുകളുടെയും രഹസ്യങ്ങളുടെയും വലിയ ഒരു നിലവറയാണ്. ആര്‍ക്കൊക്കെ എപ്പോഴെല്ലാം എവിടെയൊക്കെ
വെച്ചാണ് ഈ വെളിപാടുകള്‍ ലഭിച്ചത് എന്നു സഭ വ്യക്തമാക്കുന്നില്ല. വിശ്വാസികള്‍ക്കു ഗ്രഹിക്കാനാവാത്ത മഹാരഹസ്യങ്ങളുടെ ചുരുളുകള്‍ അഴിച്ച മഹാപ്രതിഭകള്‍ ആരൊക്കെയാണെന്നു സഭ പറയുന്നില്ല. അതൊക്കെ മറ്റൊരു രഹസ്യമായി തുടരട്ടെ! രണ്ട്, മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഇന്നോളം അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഗുരുതരമായ സാംക്രമികരോഗം 20-25 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, ആദത്തിന്റെ കാലംമുതല്‍, ഓരോ തലമുറയിലേക്കും സംക്രമിച്ചുകൊണ്ടിരിക്കുന്ന ഉത്ഭവപാപമാണ്. അതിനു സഭ കണ്ടെത്തിയിരിക്കുന്ന ഒരേയൊരു പ്രതിവിധി-ഒറ്റമൂലി-മാമ്മോദീസമാത്രമാണ്. പ്രജനനം (ഗര്‍ഭധാരണം, പ്രസവം) വഴിയാണ് ഈ രോഗം പകരുന്നതെന്നു കൃത്യമായി കണ്ടെത്തിയതുകൊണ്ടാണോ വൈദികരുടെ വിവാഹം സഭ മുടക്കിയത്? രോഗം പിടിപെട്ടിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. വൈദികരെപ്പോലെ കഴിയുന്നിടത്തോളം വിശ്വാസികള്‍ വിവാഹം കഴിക്കരുതെന്നു സഭ നിഷ്‌കര്‍ഷിക്കുന്നതല്ലേ ഉത്ഭവപാപം തടയാനുള്ള ഉത്തമമാര്‍ഗ്ഗം? അപ്പോള്‍ ഇടയന്മാര്‍ക്ക് 'അജപാലന ശുശ്രൂഷ' നടത്താനുള്ള ആടുകളുടെ എണ്ണം കുറഞ്ഞു പോകും എന്നൊരു ദോഷമുണ്ട്! 'മനുഷ്യപ്രകൃതിയുടെ സമ്പ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിക്കുന്നത്' എന്നുള്ള അത്ഭുതകരമായ കണ്ടുപിടുത്തം സഭ നടത്തിയത് ഉത്ഭവപാപം കണ്ടുപിടിച്ചതോടുകൂടി ആയിരിക്കണമല്ലോ. അപ്പോള്‍ പാരമ്പര്യശാസ്ത്രശാഖ (Genetics) യുടെ ആദിപിതാവ് 19-ാം നൂറ്റാണ്ടില്‍ ആസ്ട്രിയയില്‍ ജീവിച്ചിരുന്ന അഗസ്റ്റീനിയന്‍ സന്യാസിയും സസ്യശാസ്ത്രജ്ഞനുമായിരുന്ന ഫാ. ഗ്രിഗറി മെന്‍ഡല്‍ അല്ലെന്നും ജനിതകശാസ്ത്രം നാലാം നൂറ്റാണ്ടില്‍ത്തന്നെ കത്തോലിക്കാസഭ വികസിപ്പിച്ചെടുത്തതാണെന്നും ശാസ്ത്രലോകം അംഗീകരിക്കാത്തത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്! എന്നാല്‍, അനേകലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ആദിമാതാപിതാക്കളുടെ പാപം ഇപ്പോഴും നവജാതശിശുക്കളിലേക്കു സംക്രമിച്ചുകൊണ്ടിരിക്കുന്ന ജനിതകശാസ്ത്രമാണ് സഭ വികസിപ്പിച്ചെടുത്തത് എന്നറിയുമ്പോള്‍ കത്തോലിക്കര്‍ക്കെല്ലാം മുഴുവട്ടാണെന്ന് ലോകം മുഴുവന്‍ വിധിയെഴുതും!
കഴിഞ്ഞ പതിനാറു നൂറ്റാണ്ടു കാലം ഒരു ദുര്‍ഭൂതത്തെപ്പോലെ കത്തോലിക്കാസഭയെ ആവേശിച്ച ഉത്ഭവപാപം എങ്ങനെയാണുണ്ടായത്? ഉത്ഭവപാപം ഉണ്ടെന്നും അതിന്റെ ബന്ധനത്തില്‍നിന്നു മാനവകുല
ത്തെ മോചിപ്പിക്കാനാണ് യേശുക്രിസ്തു ഭൂമിയില്‍ അവതീര്‍ണ്ണനായതെന്നും കുരിശില്‍ മരിച്ചതെന്നും ഉറച്ചു വിശ്വസിക്കുകയും ദിവ്യരക്ഷകന്‍ പാപവിമോചകന്‍ എന്നൊക്കെ യേശുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്ന നമ്മള്‍, ജന്മപാപത്തെപ്പറ്റി ഒരു വാക്കെങ്കിലും യേശു ഉച്ചരിച്ചതായി നാലു സുവിശേഷങ്ങളിലും കാണുന്നില്ല എന്ന സത്യം ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. പഴയനിയമത്തിന്റെ കാനോനികമായി അംഗീകരി
ക്കപ്പെട്ടിട്ടുള്ള 45 ഗ്രന്ഥങ്ങളിലോ സുവിശേഷങ്ങളും ശ്ലീഹന്മാരെഴുതിയ ലേഖനങ്ങളും ഉള്‍പ്പെടെയുള്ള 27 പുതിയനിയമഗ്രന്ഥങ്ങളിലോ ഉത്ഭവപാപത്തെപ്പറ്റി യാതൊരു സൂചനയുമില്ല. യേശുവിനെ അടുത്തറി
ഞ്ഞിരുന്ന അവിടുത്തേ ശിഷ്യന്മാരില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും യഥാര്‍ത്ഥ ക്രിസ്തീയവിശ്വാസം നേരിട്ടു ലഭിച്ചവരും ആദ്യത്തെ നാലു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരുമായ ക്രിസ്ത്യാനികള്‍ ഉത്ഭവപാപത്തില്‍ വിശ്വസിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ലഭിച്ചിട്ടില്ല. ഉത്ഭവപാപത്തെക്കുറിച്ചുള്ള വെളിപാടായി ക.സ.മ. ഗ്രന്ഥം ഉദ്ധരിച്ചിരിക്കുന്നത് പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ അഞ്ചാം അദ്ധ്യായത്തിലുള്ള 12-ഉം 19-ഉം വാക്യങ്ങളാണ്. ഉത്ഭവപാപത്തെപ്പറ്റി യാതൊന്നുംതന്നെ പൗലോസ് ശ്ലീഹാ സൂചിപ്പിച്ചിട്ടില്ലെങ്കിലും പ്രധാനമായും മേല്പറഞ്ഞ 12-ാം വാക്യം ദുര്‍വ്യാഖ്യാനിച്ചാണ് ഈ ദുര്‍ഭൂതത്തിനു ജന്മം കൊടുത്തിരിക്കുന്നത്.
ദൈവശാസ്ത്രപണ്ഡിതനല്ലാത്ത ഒരു അത്മായന്‍ സഭയുടെ ഗഹനമായ വിശ്വാസസത്യത്തെക്കുറിച്ച് എഴുതുമ്പോള്‍ വിശ്വാസ്യത കുറഞ്ഞാലോ എന്നു ഭയമുള്ളതുകൊണ്ട് പ്രഗത്ഭനായ ഒരു ദൈവശാസ്ത്രജ്ഞന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കാം. റവ. ഡോക്ടര്‍ സിപ്രിയന്‍ ഇല്ലിക്കമുറി OFM Cap. ജര്‍മ്മനിയിലെ മ്യൂന്‍സ്റ്റര്‍ സര്‍വ്വകലാശാലയില്‍ വിശ്വവിഖ്യാതരായ ദൈവശാസ്ത്രജ്ഞരുടെ കീഴില്‍ പരിശീലനംനേടുകയും ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സെമിനാരികളില്‍ ദൈവശാസ്ത്രാദ്ധ്യാപകനായി വളരെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. ഇംഗ്ലീഷ്, ജര്‍മ്മന്‍, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തതുപോലെ ഉത്ഭവപാപത്തെപ്പറ്റി കാലാനുസൃതവും പ്രസക്തവുമായ പുനര്‍വിചിന്തനം നടത്തുന്ന ദൈവശാസ്ത്രജ്ഞന്മാരുടെകൂടെയാണ് ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഉല്പത്തി രണ്ടും മൂന്നും അദ്ധ്യായങ്ങള്‍ നാം ധരിച്ചുവച്ചിരുന്ന രീതിയില്‍ ഉത്ഭവപാപത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ലെന്നാണ് ആധുനിക ബൈബിള്‍ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. 'ആദം' (ha adam) എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മനുഷ്യന്‍ എന്നാണ്. മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല ആദം എന്നത്. മനുഷ്യകുലത്തിന്റെ ആദിമാതാപിതാക്കള്‍ രണ്ടു വ്യക്തികളായിരുന്നില്ല (monogenism); പ്രത്യുത, പല വ്യക്തികളായിരുന്നു (polygenism) എന്നാണ് മാനവശാസ്ത്രവിദഗ്ദ്ധന്മാര്‍ ഇന്നു പൊതുവേ അഭിപ്രായപ്പെടുന്നത്. ബൈബിളിന്റെ പ്രബോധനവും ഈ അഭിപ്രായവുമായി യാതൊരു പൊരുത്തക്കേടുമില്ല.... ആദത്തിന്റെയും ഹവ്വയുടെയും പാപത്തിനുശേഷം ലോകത്തില്‍ പാപം വളരെ വേഗം വര്‍ദ്ധിച്ചു പെരുകിയതായി ഉല്പത്തിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും അത് ഈ ആദ്യപാപത്തിന്റെ ഫലമായിരുന്നുവെന്ന് ഉല്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിക്കുന്നില്ല. ആദത്തിന്റെയും ഹവ്വയുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ കാര്യമായ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. ഉത്ഭവപാപമുണ്ടെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല. പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതു തന്നെയാണ് അതിനു കാരണം. ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിന് ആധാരമായി വി. ആഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജ്ഞരും ത്രെന്ത്രോസ് സുനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമാ 5: 12-21 വാക്യങ്ങളാണ്. ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു.; അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു (5:12), ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും (5:19). ആദത്തിന്റെ പാപം വഴി പാപം ആദ്യമായി ലോകത്തില്‍ പ്രവേശിച്ചു; പിന്നീട് എല്ലാ മനുഷ്യരും പാപംചെയ്തു; അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു; പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്‍ക്കും അനുഭവപ്പെടുന്നു. ഇതാണ് 5:12-ല്‍ പ്രകടമാകുന്ന പൗലോസ് ശ്ലീഹായുടൈ വീക്ഷണം. അന്നത്തേ യഹൂദര്‍ ധരിച്ചിരുന്നതുപോലെ പൗലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത്... ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ എന്ന് 5:19-ല്‍ പറയുമ്പോഴും ഒരു മനുഷ്യന്റെ അനുസരണക്കേട് മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിത്തീര്‍ന്നുവെന്ന് അര്‍ത്ഥമില്ല. ആദത്തിന്റെ പാപത്തിന് ആദ്യത്തെ പാപമെന്ന നിലയിലും ലോകത്തിലേക്കു പാപത്തിനു പ്രവേശനം നല്കി എന്ന നിലയിലുംമാത്രമേ പൗലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍, മറ്റുള്ളവരുടെ പാപവുമായി ബന്ധമുള്ളു. അല്ലാതെ, ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്കു പരമ്പരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൗലോസ് വിവക്ഷിക്കുന്നില്ല. അങ്ങനെ കൃത്യമായി പറഞ്ഞാല്‍, മേല്പറഞ്ഞ ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല. ആഗസ്റ്റിനോസ് പുണ്യവാനാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. ഉത്ഭവപാപത്തിന് ഉപോത്ബലകമായി ആഗസ്തിനോസ് ഉപയോഗിച്ച വിശുദ്ധഗ്രന്ഥഭാഗം റോമാ 5;12-21 തന്നെയായിരുന്നു. ഇതില്‍ സുപ്രധാന വാക്യമായ 5 :12-ന് ശരിയായ ഒരു വ്യാഖ്യാനമല്ല അദ്ദേഹം നല്കിയത്'' (വചനം വിശ്വാസം ജീവിതം ക:43-54)
റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറിയുടെ വ്യക്തവും സത്യസന്ധവുമായ അപഗ്രഥനത്തില്‍നിന്ന് പൗലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി ഒരക്ഷരംപോലും എഴുതിവച്ചിട്ടില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. മാജിക്ക്കാരന്‍ തന്റെ തൊപ്പിയില്‍നിന്നു മുയലിനെ പുറത്തെടുക്കുന്നതുപോലെ പൗലോസ് ശ്ലീഹായുടെ അക്ലിഷ്ടമെന്നു കരുതേണ്ട വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചാണ് ആഗസ്തിനോസ് ഉത്ഭവപാപം കണ്ടെത്തിയത്. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലുള്ള സുതാര്യമായ രണ്ടു വാചകങ്ങള്‍ക്ക് ആഗസ്തിനോസ് നല്‍കിയ നൂറു ശതമാനം തെറ്റായ വ്യാഖ്യാനം പൊക്കിപ്പിടിച്ചുകൊണ്ടാണ്, ''നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്ന് വെളിപാടുവഴി നമുക്ക് വിശ്വാസപരമായ സ്ഥീരീകരണം ലഭിച്ചിരിക്കുന്നു'' (ക.സ.മ.ഗ്രന്ഥം  പേജ് 100) എന്ന് റോമന്‍ ക്യൂരിയ (Curia) നിയമിച്ച വിദഗ്ദ്ധന്മാര്‍ എഴുതിവച്ചിരിക്കുന്നത്! സഭ കൊട്ടിഘോഷിക്കുന്ന വെളിപാടുകള്‍ എന്തുമാത്രം പൊള്ളയാണെന്നു തെളിയിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം ഇതാണ്. ഉള്ളി തൊണ്ടുപൊളിച്ചാല്‍ ഒന്നുമില്ലാതാകുന്നതുപോലെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഇല്ലാതാകുന്ന അടിത്തറയില്‍ 'കാതലായ വിശ്വാസ സത്യ'ങ്ങള്‍ കെട്ടിപ്പൊക്കുന്നത് എത്ര ഗര്‍ഹണീയമാണ്! വിശ്വാസികളെ കബളിപ്പിച്ച് തങ്ങളുടെ ചൊല്പടിയില്‍ നിറുത്താനായി സഭാധികാരികള്‍ കരുതിക്കൂട്ടി തയ്യാറാക്കുന്ന തന്ത്രങ്ങളല്ലേ ഇതെല്ലാം? ''നിങ്ങള്‍ക്ക് കുറച്ചുപേരെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം; എല്ലാവരെയും കുറേക്കാലത്തേക്ക് വിഡ്ഢികളാക്കാം; എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാനാവില്ല'' എന്നു പറഞ്ഞത് ഏബ്രഹാം ലിങ്കണാണെന്നു തോന്നുന്നു. കത്തോലിക്കാസഭ പതിനാറു നൂറ്റാണ്ടുകളായി വിശ്വാസികളെ വിഡ്ഢികളാക്കുകയാണ്.
(തുടരും)

Thursday, March 15, 2018

ചര്ച്ച് ആക്ട് - ജോസഫ് പുലിക്കുന്നേല്‍

ഓശാന ഏപ്രില്‍ - ജൂണ്‍ 2015

ഓരോ സഭയ്ക്കും അതിന്റേതായ തനിമകളുണ്ട്. കേരള സഭയും (സീറോ മലബാര്‍ സഭയും, സീറോ മലങ്കര സഭയും) അതിന്റേതായ പാരമ്പര്യങ്ങള്‍ വച്ചുപുലര്‍ത്തിപ്പോന്നു. ആ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഓരോ സഭകളും ചിന്തിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നമ്മെ ഓര്‍മിപ്പിക്കുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇങ്ങനെ പറയുന്നു : ''സാര്‍വത്രിക സഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പിതൃത്വത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്‍വത്രികസഭയുടെതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. .....
നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല, അതിനാല്‍ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കയും പൂര്‍ണമായി ആചരിക്കുകയും വേണം. കാലത്തിന്റേയോ വ്യക്തികളുടേയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണികപാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, മൂന്നാം പതിപ്പ്, പേജ് 158)
ആദിമസഭയില്‍ ക്രിസ്തുവിനു ശേഷം ശിഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി സുവിശേഷ പ്രഘോഷണം നടത്തി. അന്ന് സഭയ്ക്ക് പൊതുവായ പ്രത്യേക ശിക്ഷണക്രമങ്ങളും ആരാധനാരീതികളും ഉണ്ടായിരുന്നില്ല. ആദിമനൂറ്റാണ്ടുകളില്‍ സഭ വികസിച്ചത് റോമാ സാമ്രാജ്യത്തിനുള്ളിലായിരുന്നു. രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ഓരോ സഭകള്‍ക്കും പ്രത്യേകമായ ശിക്ഷണക്രമങ്ങളും ആരാധനാക്രമങ്ങളും ഉരുത്തിരിഞ്ഞത്. റോമന്‍ സാമ്രാജ്യം മൂന്നാം നൂറ്റാണ്ടില്‍ രണ്ടായി വിഭജിക്കപ്പെട്ടു. റോമാ കേന്ദ്രമാക്കിയുള്ള പാശ്ചാത്യ റോമാ സാമ്രാജ്യവും  കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകൃതമായ പൗരസ്ത്യ റോമാ സാമ്രാജ്യവും.
ഇക്കാര്യത്തില്‍ പൗരസ്ത്യ സഭകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നു. ഇന്ന് സഭയില്‍ കാണുന്ന ആരാധനാരീതികളില്‍ മിക്കതും പൗരസ്ത്യ സഭകളുടെ  സംഭാവനയായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (നാലാം നൂറ്റാണ്ടില്‍) റോമാ സാമ്രാജ്യം ക്രൈസ്തവ സഭയെ അംഗീകരിച്ചതിനുശേഷം എല്ലാ സഭകളും സാമ്രാജ്യത്തിനു കീഴില്‍ ഒന്നായിരിക്കണമെന്നുള്ള ചിന്തയില്‍ സഭയില്‍ പ്രത്യേകമായ ഭരണരീതികളും ശിക്ഷണക്രമങ്ങളും ഏര്‍പ്പെടുത്തി. ഇന്ന് പാശ്ചാത്യ സഭയെന്ന് അറിയപ്പെടുന്ന സഭയുടെ നാലാം നൂറ്റാണ്ടിനുശേഷമുള്ള വളര്‍ച്ച റോമാ സാമ്രാജ്യത്തില്‍ ഉരുത്തിരിഞ്ഞ  ഹൈരാര്‍ക്കിക്കല്‍ ഭരണരീതി സ്വീകരിച്ചതിനുശേഷമാണ് ആരംഭിച്ചത്. അധികാരപരമായ കേന്ദ്രീകരണം അക്കാലഘട്ട ത്തില്‍ ഉണ്ടായ സവിശേഷതയാണ്. റോമാ സാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണരീതിയെ അംഗീകരിച്ചുകൊണ്ട് അതേ ഭരണരീതിയാണ് റോമന്‍ സഭ യിലും ഉരുത്തിരിഞ്ഞത്. ദൈവശാസ്ത്രവും ഘടനയുമെല്ലാം ഒന്നാം നൂറ്റാണ്ടുമുതല്‍ നാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ വികസിച്ചു. സഭയിലെ അതിപ്രധാനങ്ങളായ ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ നാലാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. റോമില്‍ കേന്ദ്രീകൃതമായ ഭരണരീതി വിഭജനങ്ങളെ തടുത്തുനിര്‍ത്തി. റോമിലെ മെത്രാന്റെ കീഴില്‍ സഭകളെല്ലാം ഒന്നാണെന്ന കാഴ്ചപ്പാട് ഈ കാലഘട്ടത്തിലാണ് ഉരുത്തിരിഞ്ഞത്. പൗരസ്ത്യ സഭകള്‍ ഓരോന്നായി റോമാ സഭയില്‍ നിന്നും വേര്‍പിരിഞ്ഞു. കാരണം റോമാസഭ പ്രധാനമായും ഏകശാസനാധികാരമുള്ള റോമന്‍ കേന്ദ്രീകൃതമായ സഭയായിരുന്നു. അന്ത്യോഖ്യയും അലക്‌സാണ്ട്രിയായും കോണ്‍ സ്റ്റാന്റിനോപ്പിളുമെല്ലാം റോമന്‍ ഭരണരീതി സ്വീകരിച്ചുകൊണ്ട് വളര്‍ന്നു. ഏഴാം നൂറ്റാണ്ടോടുകൂടി അധികാരപരമായ ഈ വിഭജനം കൂടുതല്‍ കൂടു തല്‍ ശക്തി പ്രാപിച്ചു. റോമാ, അന്ത്യോഖ്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, അലക്‌സാണ്ട്രിയ എന്നീ പാത്രിയര്‍ക്കേറ്റുകളില്‍ ഏതാണ് പ്രധാനമെന്ന ചോദ്യം ഉയര്‍ന്നുവന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകൃതമായ പൗരസ്ത്യസഭ യാണ് റോം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനി എന്ന് തീരുമാനിക്കപ്പെട്ടു. കോണ്‍ സ്റ്റാന്റിനോപ്പിള്‍ രണ്ടാം റോം ആയി കണക്കാക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് രണ്ടാം സ്ഥാനിയായി നിശ്ചയിക്കപ്പെട്ടു. ദൈവശാസ്ത്രപരമായ ഭിന്നതകളുണ്ടായപ്പോള്‍ ഓരോ പാത്രിയര്‍ക്കാമാരും അവരവരുടേതായ രീതികള്‍ സ്വീകരിച്ചു. അങ്ങനെ പാശ്ചാത്യ സഭയെന്നും പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗം സഭകള്‍ ഉണ്ടായി.
ആദിമനൂറ്റാണ്ടില്‍തന്നെ ക്രിസ്തുവിന്റെ സുവിശേഷം ഭാരതത്തില്‍ പ്രചരിച്ചതായി തെളിവുകളുണ്ട്. ഭാരതസഭ ഒരു പാത്രിയര്‍ക്കായുടെയും കീഴിലായിരുന്നില്ല. അതിന് സ്വയംഭരണാവകാശമുണ്ടായിരുന്നു. നാലാം നൂറ്റാണ്ടായപ്പോഴേക്കും കോണ്‍സ്റ്റാന്റിനോപ്പിളും മറ്റു പാത്രിയര്‍ക്കാമാരും തമ്മില്‍ ദൈവശാസ്ത്രപരമായ ഭിന്നതയുണ്ടായി.
റോമന്‍ സാമ്രാജ്യത്തോട് അടുത്തു കിടന്നിരുന്ന രാജ്യമായിരുന്നു പേര്‍ഷ്യ. അന്ത്യോഖ്യയില്‍ നിന്നും മിഷനറിമാര്‍ പേര്‍ഷ്യയിലെത്തി പേര്‍ഷ്യന്‍ സഭ സ്ഥാപിച്ചു. അന്ത്യോഖ്യയില്‍നിന്നായിരുന്നു പേര്‍ഷ്യന്‍ സഭ ആദ്യമൊക്കെ മെത്രാന്മാരെ സ്വീകരിച്ചിരുന്നത്. റോമന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും തമ്മില്‍ അധികാരപരമായ തര്‍ക്കങ്ങളുണ്ടായി രുന്നു. പേര്‍ഷ്യന്‍ സഭ അന്ത്യോഖ്യയില്‍നിന്നും മെത്രാന്മാരെ സ്വീകരിക്കുന്നത് സംശയദൃഷ്ടിയോടുകൂടിയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കണ്ടത്. തന്മൂലം അഞ്ചാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യന്‍ മെത്രാന്മാര്‍ സൂനഹദോസു കൂടി സെലൂഷ്യ-സ്റ്റെസിഫോണ്‍ എന്ന സ്വതന്ത്ര സഭ സ്ഥാപിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസായിരുന്ന നെസ്‌തോറിന്റെ ദൈവശാസ്ത്രമായിരുന്നു പേര്‍ഷ്യന്‍ സഭ സ്വീകരിച്ചത്. നെസ്‌തോറിയന്‍ ദൈവശാസ്ത്രത്തെ റോമന്‍ സഭ അപലപിച്ചു. കന്യകാമറിയം ക്രിസ്തുവിന്റെ മാത്രം മാതാവാണെന്നും ദൈവത്തിന്റെ അമ്മയല്ലെന്നും നെസ്തര്‍ പ്രഖ്യാ പിച്ചു. ഇതിനോട് റോമന്‍ സഭ വിയോജിച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ക്രിസ്തുവിന് ഏകസ്വഭാവമാണുണ്ടായിരുന്നതെന്നും അന്ത്യോഖ്യന്‍ സഭ പ്രഖ്യാപിച്ചു. അങ്ങനെ ദൈവശാസ്ത്രപരമായി പേര്‍ഷ്യന്‍ സഭ ഇതര പൗരസ്ത്യ സഭകളില്‍ നിന്നും വ്യത്യസ്തമായി. നെസ്‌തോറിയന്‍ വിശ്വാസം സ്വീകരിച്ചിരുന്ന പേര്‍ ഷ്യന്‍ സഭ അനേകം മിഷനറിമാരെ പേര്‍ഷ്യക്ക് പുറത്തുള്ള ഭൂപ്രദേശങ്ങളിലേക്ക് അയച്ചു. അങ്ങനെ അവര്‍ ഇന്ത്യന്‍ സഭയുമായും ബന്ധപ്പെട്ടു. പേര്‍ ഷ്യന്‍ ചക്രവര്‍ത്തി സാപ്പോര്‍ ക്രിസ്തുമത വിശ്വാസികളെ പീഢിപ്പിക്കാനാരംഭിച്ചു. പീഢനത്തില്‍നിന്നും രക്ഷപ്രാപിക്കാന്‍ കുറെ ക്രൈസ്തവ കുടും ബങ്ങള്‍ കച്ചവടക്കാരന്‍ തോമ്മായുടെ (ക്‌നായി തൊമ്മന്‍) നേതൃത്വത്തില്‍ കേരളത്തില്‍ കുടിയേറിപാര്‍ത്തു. അങ്ങനെ ആദ്യമായി ഭാരത സഭ ഇന്ത്യക്കു പുറത്തുള്ള ഒരു ക്രൈസ്തവസമൂഹവുമായി ബന്ധപ്പെട്ടു. പേര്‍ഷ്യന്‍ സഭ ഘടനാപരമായി റോമന്‍ സഭയുടെ രീതികള്‍ സ്വീകരിച്ചി രുന്നു. മെത്രാന്മാര്‍ രാജകീയ പ്രതാപത്തോടെയാണ് സഭയെ ഭരിച്ചിരുന്നത്.
പേര്‍ഷ്യക്കാര്‍ ഇവിടെയെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ഭരണരീതിയുള്ള ക്രൈസ്തവരെയാണ് കണ്ടത്. മാമ്മോദീസ, കുര്‍ബാന മുതലായ കൂദാശകള്‍ക്ക് പ്രത്യേകമായ ക്രമങ്ങളൊന്നും അന്ന്് ഇന്ത്യന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെയധികം വളര്‍ച്ച പ്രാപിച്ച ഒരു സഭയാണ് അന്ന് കേരളത്തില്‍ ഉണ്ടായിരുന്നത്. കുടിയേറ്റക്കാരായ പേര്‍ഷ്യന്‍ ക്രിസ്ത്യാനികളുടെ പ്രേരണയനുസരിച്ച് കേരളസഭ പേര്‍ഷ്യന്‍ മെത്രാന്മാരെ കേരളത്തിലേക്ക് ക്ഷണിച്ചു. കേരള ക്രിസ്ത്യാനികള്‍ പേര്‍ഷ്യന്‍ ക്രിസ്ത്യാനികളോടൊപ്പം ചേര്‍ന്ന് പേര്‍ഷ്യന്‍ മെത്രാന്മാരെ സ്വീകരിക്കുകയും ആരാധനാക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മാത്രമല്ല, അവരുടെ ക്രമമനുസരിച്ച് പുരോഹിതരെ തെരഞ്ഞെടുക്കുകയും അവരെ പേര്‍ഷ്യന്‍ ആരാധനാക്രമമനുസരിച്ചുള്ള സുറിയാനി ഭാഷ പഠിപ്പിക്കുകയും ചിലര്‍ക്ക് പട്ടം കൊടുക്കുകയും ചെയ്തു. എന്നാല്‍ പേര്‍ഷ്യന്‍ ക്രമമനുസരിച്ച് മെത്രാന്മാര്‍ക്ക് മാത്രമേ കുര്‍ബാന അനുഷ്ഠിക്കാന്‍ (റാസ) അനുവാദമുണ്ടായിരുന്നുള്ളൂ. പേര്‍ഷ്യന്‍ മെത്രാന്മാര്‍ കേരളത്തില്‍ വരുമ്പോള്‍ കൂദാശ സമര്‍പ്പണത്തില്‍ പേര്‍ഷ്യന്‍ മെത്രാന്മാരെ സഹായിക്കുക മാത്രമാണ് കേരളത്തിലെ പുരോഹിതര്‍ ചെയ്തിരുന്നത്.
കേരളീയ ക്രൈസ്തവര്‍ക്ക് അന്ന് ഒരു തലവനുണ്ടായിരുന്നു. ആര്‍ച്ച്ഡീക്കന്‍ എന്നാണ് അദ്ദേഹത്തെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്. അദ്ദേഹം ജാതിക്കുകര്‍ത്തവ്യനായിരുന്നു. അദ്ദേഹത്തിനുപോലും കുര്‍ബാനപട്ടം കൊടുത്തിരുന്നില്ല. പേര്‍ഷ്യന്‍ കുര്‍ബാന സമ്പ്രദായം അനുസരിച്ച് മെത്രാനെ സഹായിക്കാന്‍ ഒരു ആര്‍ച്ച് ഡീക്കന്‍ ആവശ്യമായിരുന്നു.  ആ പദവി മാത്രമാണ് കേരളസഭയ്ക്ക് പേര്‍ഷ്യക്കാര്‍ നല്കിയത്. അവരുടെ ക്രമമനുസരിച്ച് മാമ്മോദീസ മെത്രാന്മാരുടെ അധികാരത്തില്‍പെട്ടതായിരുന്നു. അങ്ങനെ വിദേശീയരായ പേര്‍ഷ്യക്കാര്‍ കേരളത്തില്‍ വരുകയും മാമ്മോദീസ മുക്കുകയും കുര്‍ബാന അനുഷ്ഠിക്കുകയും ചെയ്തുപോന്നു. അതിനായി ഒരു വലിയ തുക കേരളത്തില്‍നിന്നും പിരിച്ചെടുത്തിരുന്നു. അത് ദരിദ്രരായ പേര്‍ഷ്യന്‍ സഭാ മെത്രാന്മാര്‍ക്ക് വലിയ സഹായവുമായിരുന്നു.
കേരളസഭാഭരണം നടത്തിയിരുന്നത് ഓരോ ഇടവകയിലേയും യോഗക്കാരായിരുന്നു. പുരോഹിതരെ തെരഞ്ഞെടുത്തിരുന്നത് ഇവടകക്കാരാണ്. മെത്രാന്മാര്‍ കേരള സഭയില്‍ ഉണ്ടായിരുന്നില്ല. ആ സ്ഥാനം ജാതിക്കു കര്‍ത്തവ്യനായിരുന്നു. അങ്ങനെ മറ്റ് പാത്രിയര്‍ക്കാ സഭകളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭരണരീതി ആയിരുന്നു കേരളസഭയ്ക്കുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും മറ്റു പാശ്ചാത്യ സഭയില്‍നിന്നും മിഷനറിമാര്‍ ഭാരതത്തില്‍ വന്നു തുടങ്ങി. പേര്‍ഷ്യന്‍ സഭയും റോമന്‍ സഭയും തമ്മിലുണ്ടായിരുന്ന അധികാരതര്‍ക്കം ഇവിടെയും പ്രകാശിതമായി. പോര്‍ട്ടുഗീസുകാര്‍ റോമന്‍ സഭയ്ക്ക് അതിശക്തരായ പിന്തുണക്കാരായിരുന്നു. പോര്‍ട്ടുഗീസുകാര്‍ കച്ചവടത്തിനായി കേരളത്തിലുമെത്തി. അവര്‍ കേരള സഭയില്‍ പേര്‍ഷ്യന്‍ മെത്രാന്മാര്‍ ക്കുള്ള സ്വാധീനവും സ്ഥാനവും മനസ്സിലാക്കി. അവരെ സംബന്ധിച്ചിടത്തോളം നെസ്‌തോറിയരായ പേര്‍ഷ്യന്‍ മെത്രാന്മാര്‍ അനഭിമതരായിരുന്നു. റോമില്‍നിന്നും എത്തിയ മിഷനറിമാര്‍ ലത്തീന്‍ ഭാഷയിലാണ് കുര്‍ബാന ചൊല്ലിയിരുന്നത് (ലത്തീന്‍ റീത്ത്). പേര്‍ഷ്യന്‍ മെത്രാന്മാരാകട്ടെ സുറിയാനിയിലും. പോര്‍ട്ടുഗീസുകാര്‍ കേരളവുമായുള്ള കച്ചവടത്തില്‍ ശക്തി പ്രാപിച്ചു. കേരളീയ രാജാക്കന്മാര്‍ ഓരോരുത്തരേയും  പോര്‍ട്ടുഗീസ് രാജ്യത്തിന്റെ പിന്തുണക്കാരാക്കി. അറബികളായിരുന്നു കേരളവുമായുള്ള കച്ചവടത്തില്‍ പ്രമുഖര്‍. ഇസ്ലാംമതം നേരത്തെതന്നെ കേരളത്തില്‍ ശക്തിപ്രാപിച്ചിരുന്നു. മുസ്ലീമുകളുടെ കേന്ദ്രമായിരുന്ന കോഴിക്കോടുമായിട്ടായിരുന്നു പോര്‍ട്ടുഗീസുകാരുടെ ആദ്യബന്ധം. അറബികളുടെ പിന്തുണക്കാരായിരുന്ന കോഴിക്കോട് സാമൂതിരിയും പോര്‍ട്ടുഗീസുകാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പോര്‍ട്ടുഗീസുകാര്‍ കേരളത്തിലെ മറ്റൊരു നാട്ടുരാജ്യമായ കൊച്ചിയുമായി ബന്ധപ്പെട്ടു. കോഴിക്കോടിനു തെക്കുള്ള ചെറിയ ചെറിയ നാട്ടുരാജ്യങ്ങള്‍ പോര്‍ട്ടുഗീസുകാരുടെ സ്വാധീനത്തിന്‍കീഴിലായിരുന്നു. ഇതിനിടെ പോര്‍ട്ടുഗീസുകാര്‍ ഗോവ അവരുടെ ആസ്ഥാനമായി സ്വീകരിക്കുകയും അവിടെ മെത്രാപ്പോലീത്തായെ നിയമിക്കുകയും ചെയ്തു. കേരളസഭയുടെ ഭരണം പോര്‍ട്ടുഗീസ് രാജാവിന് (പദ്രുവാദോ) വിട്ടു കൊടുത്തു. പേര്‍ഷ്യന്‍ മെത്രാന്മാരും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സിസ് മെനേസിസിന്റെ നേതൃത്വത്തില്‍ ഉദയംപേരൂരില്‍ 1599-ല്‍ ഒരു പള്ളിപ്രതിപുരുഷയോഗം (സൂനഹദോസ്) വിളിച്ചുകൂട്ടി. ആ യോഗ ത്തില്‍വെച്ച് കേരളസഭയുടെ തലവന്‍ റോമിലെ പോപ്പാണെന്ന് പ്രഖ്യാപിച്ചു. പേര്‍ഷ്യന്‍ മെത്രാന്മാരെ കേരളസഭ സ്വീകരിക്കരുതെന്ന് കല്പനയായി. അങ്ങനെ പേര്‍ഷ്യന്‍ മെത്രാന്മാരില്‍ നിന്നും കേരള സഭ രക്ഷപെട്ടു. തുടര്‍ന്ന് പോര്‍ട്ടുഗലില്‍നിന്നും മെത്രാന്മാരേയും പുരോഹിതരേയും നിയമിച്ച് അവര്‍ പള്ളികള്‍ പിടിച്ചടക്കി. അവര്‍ ഏകാധിപത്യസ്വഭാവത്തോടുകൂടി കേരള ക്രിസ്ത്യാനികളെ ഭരിക്കാന്‍ ആരംഭിച്ചു. ഇതിനെ പ്രതിഷേധിച്ച്  ജാതിക്കുകര്‍ത്തവ്യനായ തോമ്മായുടെ നേതൃത്വത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരിയില്‍ (1563) കൂടിച്ചേര്‍ന്ന് തങ്ങളും തങ്ങളുടെ ഭാവിതലമുറകള്‍ ഉള്ളിടത്തോളംകാലം പോര്‍ട്ടുഗീസ് മെത്രാന്മാരുടെ കീഴില്‍ ഇരിക്കുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു. കൂനന്‍ കുരിശുസത്യം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ പ്രഖ്യാപനമായിരുന്നു വിദേശീയര്‍ക്കെതിരെ ഇന്ത്യക്കാര്‍ നടത്തിയ ആദ്യത്തെ സമരം. ഇതോടുകൂടി പോര്‍ട്ടുഗീസുകാര്‍ക്ക് കേരളം വിടേണ്ടിവന്നു.
പോര്‍ട്ടുഗീസ് മിഷനറിമാര്‍ നേരത്തെതന്നെ കേരള തീരത്തെത്തി മുക്കുവരെ മാനസാന്തരപ്പെടുത്തിയിരുന്നു. അവരെ സുറിയാനി ക്രിസ്ത്യാനികളില്‍നിന്നും വേര്‍തിരിച്ച് അവര്‍ക്ക് പ്രത്യേക ആരാധനാ സമ്പ്രദായവും ഭരണരീതിയും ഏര്‍പ്പെടുത്തി. മെത്രാന്മാരെയും നിയമിച്ചു.  അങ്ങനെ ഭാരതത്തില്‍ ലത്തീന്‍ റീത്തിന് പ്രാരംഭമിട്ടു. അങ്ങനെ രണ്ടു വിദേശ സഭകള്‍ കേരളസഭയുടെ ചരിത്രത്തില്‍ ഇടപെട്ടു. ഒന്ന്. പേര്‍ഷ്യന്‍ സഭ. 2. റോമന്‍ സഭ. റോമന്‍ സഭയ്ക്ക് അധികകാലം കേരളസഭയില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും റോമന്‍ സഭ കേരളസഭയുടെമേല്‍ ആധിപത്യം വച്ചുപുലര്‍ത്തി. റോമന്‍സഭ ശക്തിപ്പെട്ടതോടുകൂടി പേര്‍ഷ്യന്‍സഭ കേരളത്തില്‍നിന്നും പൂര്‍ണമായും യാത്രചൊല്ലി. കേരളത്തില്‍ രണ്ടു റീത്തുകാരായ ക്രിസ്ത്യാനികള്‍ അപ്പോള്‍ ഉണ്ടായിരുന്നു.  ഒന്ന് സുറിയാനിയില്‍ പ്രാര്‍ഥനാക്രമങ്ങള്‍ സ്വീകരിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍. രണ്ട് ലത്തീന്‍ ആരാധനാക്രമം അംഗീകരിച്ചിരുന്ന ലത്തീന്‍ റീത്തുകാര്‍. അവരില്‍ ബഹുഭൂരിപക്ഷവും പോര്‍ട്ടുഗീസ് മിഷനറിമാര്‍ മാനസാന്തരപ്പെടുത്തിയവരായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ആദ്യമെല്ലാം ലത്തീന്‍ റീത്ത് സ്വീകരിച്ചിരുന്ന മെത്രാന്മാരായിരുന്നു കേരള സഭയെ ഭരിച്ചിരുന്നത്. റോമായുടെ (പ്രൊപ്പഗാന്റാ) ഭരണത്തിനെതിരെ ഏതദ്ദേശീയ ക്രിസ്ത്യാനികള്‍ പല സമരങ്ങളും നടത്തി. 19-ാം നൂറ്റാണ്ടില്‍ സ്വയംഭരണാധികാരത്തിനുവേണ്ടിയുള്ള ഈ സമരം അവസാനിക്കുകയും ഇന്ത്യയ്ക്ക് സുറിയാനി റീത്ത് റോം അനുവദിക്കുകയും ചെയ്തു. അവര്‍ക്കായി ഏതദ്ദേശീയ മെത്രാന്മാരെയും നിയമിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വരെ ഈ സമ്പ്രദായം തുടര്‍ന്നു. ഇന്നു കേരളത്തില്‍ റോമന്‍ മാര്‍പാപ്പായുടെ കീഴില്‍ മൂന്ന് റീത്ത് ക്രിസ്ത്യാനികളുണ്ട്. 1. സീറോ മലബാര്‍ റീത്ത്, 2. ലത്തീന്‍ റീത്ത്, 3. മലങ്കര സുറിയാനി റീത്ത്. ഈ മൂന്നു റീത്തുകളും കാലത്തിന്റേയും വ്യക്തികളുടേയും ഇടപെടല്‍മൂലം കേരളസഭയുടെ തനിമ നശിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖയില്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനം സ്വീകരിച്ചുകൊണ്ട് കേരളസഭയെ  ഒരു പൗരസ്ത്യ സഭയായി അംഗീകരിച്ച് അവരുടെ തനിമയിലേയ്ക്ക് കൊണ്ടുപോകാനുളള പരിശ്രമം ആരംഭിച്ചു.
ഇതിനിടെ പൗരസ്ത്യ സഭകള്‍ക്കായി മാര്‍പാപ്പായുടെ അധ്യക്ഷതയില്‍ റോമില്‍ ഒരു സമിതി രൂപവത്ക്കരിക്കപ്പെട്ടു. പൗരസ്ത്യതിരുസംഘം എന്നായിരുന്നു ഈ സംഘത്തിന്റെ പേര്. പൗരസ്ത്യസഭകളുടെ ഭരണകാര്യങ്ങളില്‍ ഈ സമിതിയാണ് തീരുമാനമെടുത്തിരുന്നത്. കേരളസഭയെ പൗരസ്ത്യസഭയായി കണക്കാക്കി പൗരസ്ത്യസംഘത്തിന്റെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. ഇതിനിടെ കേരളസഭ പൗരസ്ത്യസഭയല്ലെന്നുള്ള വാദം കേള്‍ക്കുന്നതിന് റോമ തയ്യാറായില്ല. പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന സഭകളെയാണ് പൗരസ്ത്യ സഭകള്‍ എന്നു വിളിച്ചിരുന്നത്. ഭാരതസഭ പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.
സീറോമലബാര്‍ സഭയ്ക്ക് പൗരസ്ത്യകാനോന്‍ നിയമം ബാധകമാക്കിക്കൊണ്ട് മാര്‍പാപ്പാ എഴുതിയ പ്രസ്താവനയില്‍ ഇങ്ങനെ കാണുന്നു: 'In such a wondrous variety of rites, that is, in the liturgical, theological, spiritual and disciplinary patrimony of the individual Churches, which from venerable traditions take their origin from Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons deservedly are considered to be clearly a conspicuous part of this same patrimony, which constitutes a single and common foundation of canons for ordering all of the Churches. Nearly every Eastern collection of disciplinary norms specifically referred to and invoked the sacred canons as the principle sources of law. They already numbered more than five hundred before the Council of Chalcedon, and they were determined or recognized by higher authority as primary law of the Church. It was always clear to the individual Churches that any ordering of ecclesiastical discipline had strength in those norms, which flowed from traditions acknowledged by the supreme authority of the Church or were contained in canons promulgated by the same authority, and that the rules of particular law have force if in accord with the higher law; however, to be null if departing from it.
'Fidelity to this sacred patrimony of ecclesiastical discipline brings it about that, among so many and so great vexations and adversities which the Eastern Churches have suffered, whether in antiquity or more recent times, neverthless the proper countenance of the East is to be observed in its entirety, and this indeed happened to take place not without great benefit to souls'' (AAS 66 [1974] 245). The clear words of Paul VI of blessed memory delivered in the Sistine Chapel before the first Plenary Assembly of the members of the Commission for the Revision of the Code of Eastern Canon Law echo those of the Second Vatican Council concerning 'the greatest fidelity' which decreed that the same disciplinary patrimony be observed by all of the Churches, requiring also that 'thety take pains to return to the ancestral traditions,' if in certain ones 'because of circumstances if times or personages they have improperly fallen away from them' (OE 6).
Distinctly there is placed in a clear light by Second Vatican Council that especially a religious fidelity to the ancient traditions along with 'prayers, example of life, mutual and better knowledge, collaboration and fraternal esteem for objects and attitudes,' bring it about that the Eastern Churches having full communion with the Apostolic Roman See, fulfill 'a special task of fostering the unity of all Christians, especially Eastern Christians' (OE 24), according to the principles of the decree on ecumenism.'' (Code of Canons of the Eastern Churches, Page xi, xii)
പൗരസ്ത്യ കാനോന്‍ നിയമം ഏതെല്ലാം സഭകള്‍ക്കാണ് ബാധകമായിരിക്കുന്നതെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ മാര്‍പാപ്പാ ഈ മുഖവുരയുടെ ആദ്യ ഭാഗത്തുതന്നെ പ്രഖ്യാപിക്കുന്നുണ്ട്. അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളുടെ പാരമ്പര്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള സഭകള്‍ മാത്രമാണ് പൗരസ്ത്യസഭകള്‍ എന്നാണ് കാനോന്‍ നിയമം കണക്കാക്കുന്നത്. ഇവിടെ മാര്‍പാപ്പാ പരാമര്‍ശിച്ചിട്ടുള്ള ഒരു സഭയുടെയും പാരമ്പര്യം ഭാരതസഭയ്ക്കില്ല. പേര്‍ഷ്യന്‍ സഭയുമായി മൂന്നാം നൂറ്റാണ്ടുമുതല്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ആ സഭയുടെ പാരമ്പര്യവും ഭാരതസഭയ്ക്കില്ല. തോമസ് അപ്പോസ്തലനാല്‍ സ്ഥാപിക്കപെട്ട അപ്പോസ്തലിക സഭയാണ് ഭാരതസഭ. റോമാ സഭയുടെയും പൗരസ്ത്യസഭയുടേയും പാരമ്പര്യങ്ങളൊന്നും ഭാരതസഭയുടേതല്ല. കല്‍ദായ കുര്‍ബാനക്രമവും റോമന്‍ കുര്‍ബാനക്രമവും ഭാരതസഭയുടെ പാരമ്പര്യത്തില്‍പെട്ടതല്ല. പേര്‍ഷ്യന്‍ സഭാ പാരമ്പര്യം അനുസരിച്ച് മെത്രാന്മാര്‍ക്കു മാത്രമേ കുര്‍ബാന ചൊല്ലാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. കേരളസഭയിലെ പുരോഹിതര്‍ക്കോ ആര്‍ച്ചു ഡീക്കനോപോലും കുര്‍ബാന ചൊല്ലുന്നതിന് അധികാരമുണ്ടായിരുന്നില്ല. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യയിലെ കത്തനാരന്മാര്‍ കല്‍ദായ ക്രമത്തില്‍ കുര്‍ബാന ചൊല്ലിയിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. കാലത്തിന്റെയും വ്യക്തികളുടെയും ഇടപെടല്‍ മൂലമാണ് കല്‍ദായ കുര്‍ ബാനക്രമവും ലത്തീന്‍ കുര്‍ബാനക്രമവും ഇന്ത്യന്‍ സഭയില്‍ ബലമായി സ്ഥാപിക്കപ്പെട്ടത്. അങ്ങനെവരുമ്പോള്‍ ഭാരതസഭ ഒരു പൗരസ്ത്യസഭയല്ല. റോമിനോടൊപ്പം പാരമ്പര്യമുള്ള ഒരു അപ്പോസ്തലിക സഭയാണ്. നിര്‍ഭാഗ്യവശാല്‍ ഭാരതസഭയ്ക്ക് കല്‍ദായ സഭാപാരമ്പര്യമാണെന്ന് വാദിച്ചുകൊണ്ടാണ് കല്‍ദായ കുര്‍ബാനക്രമം ഭാരതസഭയുടെമേല്‍ പൗരസ്ത്യതിരുസംഘം അടിച്ചേല്‍പിച്ചത്. കല്‍ദായസഭ എന്ന് അറിയപ്പെടുന്ന പേര്‍ഷ്യന്‍ സഭയുടെ ഒരു വിഭാഗം 15-ാം നൂറ്റാണ്ടോടുകൂടിയാണ് റോമന്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടത്. അങ്ങനെ പുനരൈക്യപ്പെട്ട സഭയ്ക്ക് ഭാരതസഭയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഭാരതസഭയ്ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ബന്ധം നെസ്‌തോറിയന്‍ സഭ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന പേര്‍ഷ്യന്‍ സഭയോടായിരുന്നു. പേര്‍ഷ്യന്‍ സഭാപാരമ്പര്യവും  മാര്‍പാപ്പായുടെ പാരമ്പര്യനിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല. പിന്നെയെങ്ങനെയാണ് നെസ്‌തോറിയന്‍ കുര്‍ബാനക്രമം (കല്‍ദായകുര്‍ബാനക്രമം) കേരളസഭയുടെ പാരമ്പര്യമായത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭാ സ്വാതന്ത്ര്യത്തിലേയ്ക്ക് തുറന്നുവച്ച വാതായനത്തിലൂടെ പേര്‍ഷ്യന്‍ സഭയെ ഭാരതസഭയുടെ പാരമ്പര്യത്തിലേയ്ക്ക് കടത്തിവിടുകയാണ് പൗരസ്ത്യതിരുസംഘം ചെയ്തത്. അതിന് നമ്മുടെ കുറെ മെത്രാന്മാര്‍ കൂട്ടുനില്‍ക്കുകയുണ്ടായി. ചരിത്രം പഠിച്ച് സത്യം കണ്ടുപിടിച്ച് തിരുത്തേണ്ടതാണ്. വിദേശസഭകള്‍ ഭാരതസഭയുടെമേല്‍ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇങ്ങനെ വിവരിക്കുന്നു.: ''അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ..... നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ.''
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പൗരസ്ത്യ സഭകള്‍ക്കു നല്‍കിയ സ്വാതന്ത്ര്യത്തില്‍ പ്രധാനപ്പെട്ടവയാണ് ആരാധനാക്രമങ്ങളും ശിക്ഷണക്രമങ്ങളും. ഇവയില്‍ ആരാധനാക്രമം മാത്രമാണ് പ്രത്യേകമെന്നു കരുതി ഭാരതസഭയുടെമേല്‍ കല്‍ദായകുര്‍ബാനക്രമം അടിച്ചേല്പിക്കുകയാണുണ്ടായത്. ശിക്ഷണക്രമം വരുമ്പോള്‍ അവിടെ ഭാരതസഭയ്ക്കു കിട്ടിയത് പൗരസ്ത്യ കാനോന്‍ നിയമമാണ്. ഭാരതസഭയുടെ പുരാതന പാരമ്പര്യത്തിനും ആധുനിക പാരമ്പര്യത്തിനും ഇടവകയോഗത്തിന് അതിപ്രധാനമായ സ്ഥാനം ഉണ്ടായിരുന്നു.
ഇടവകഭരണത്തെക്കുറിച്ച് ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശീയവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാനുള്ള അധികാരവും പള്ളിയോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കിയിരുന്നു. വിദേശമിഷനറിമാര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ പള്ളിയോഗത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ നസ്രാണിപാരമ്പര്യത്തെ അവഗണിച്ചുകൊണ്ടാണ് അവര്‍ പാശ്ചാത്യരീതിയില്‍ ഭരിച്ചിരുന്നത്.'' (ഭാരത സഭാചരിത്രം, വിപുലീകരിച്ച നാലാം പതിപ്പ്, ഫാ. സേവ്യര്‍ കൂടപ്പുഴ, പേജ് 294)
(ഫാ. കൂടപ്പുഴ മാത്രമല്ല ഫാ. പ്ലാസിഡ് തുടങ്ങിയ സഭാചരിത്രകാരന്മാരെല്ലാവരും ഭാരതസഭയുടെ ഈ പ്രത്യേകശിക്ഷണക്രമത്തെക്കുറിച്ച് പറയുന്നുണ്ട്)
കാല്‍ഡിയന്‍ ആരാധനാക്രമം ഭാരതസഭയുടെ പാരമ്പര്യമാണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കാല്‍ഡിയന്‍ കുര്‍ബാനക്രമം ഭാരതസഭയുടെ മേല്‍ കെട്ടിവെച്ച റോമായും അതിനുകൂട്ടുനിന്ന ഭാരതമെത്രാന്മാരും ഈ പ്രത്യേക ശിക്ഷണക്രമത്തെകണ്ടില്ലെന്നു നടിക്കുന്നു. മാത്രമല്ല പൗരസ്ത്യ കാനോന്‍ നിയമം എന്ന പേരില്‍ ഒരു കാനോന്‍ നിയമം ഭാരതസഭയ്ക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ഈ കാനോന്‍ നിയമം ഭാരതസഭയുടെ പാരമ്പര്യത്തെ ഒട്ടുംതന്നെ കണക്കിലെടുക്കുന്നുമില്ല. മറ്റെല്ലാ സഭയില്‍നിന്നും വ്യത്യസ്തമായ ഒരു ആരാധനാക്രമമായിരുന്നു ഭാരതസഭയ്ക്കുണ്ടായിരുന്നത്. ദൈവജനമാണ് സഭ എന്ന കാഴ്ചപ്പാടാണ് ഭാരതസഭയുടെ പാരമ്പര്യത്തില്‍ അതിപ്രധാനം. ഈ പൂര്‍വപാരമ്പര്യം പുനസ്ഥാപിക്കുന്നതിനുവേണ്ടിയാണ് ചര്‍ച്ച് ആക്ട് വേണമെന്ന് സഭാമക്കള്‍ വാദിക്കുന്നത്. പൗരസ്ത്യകാനോന്‍ നിയമം നസ്രാണി ക്രിസ്ത്യാനികളുടെ നിയമമായി ഭാരത ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. മാത്രമല്ല ക്രിസ്ത്യാനികളുടെ പള്ളിഭരണത്തില്‍ ഒരു പ്രത്യേക നിയമം ആവശ്യമാണെന്ന് ഗവണ്‍മെന്റ് മനസ്സിലാക്കുകയും അതിനായി ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായി പ്രഗത്ഭരായ വക്കീലന്മാരും ജഡ്ജിമാരും ഉള്‍പ്പെടുന്ന കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ആ കമ്മീഷന്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ പൂര്‍വ പാരമ്പര്യത്തെ കണക്കിലെടുത്ത് ഒരു നിയമം വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ നിയമത്തിന്റെ കരടുപതിപ്പ് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.  ഇതു കണ്ടെന്നു നടിക്കാതെയാണ് കഴിഞ്ഞ രണ്ടു ഗവണ്‍മെന്റും കേരളത്തില്‍ ഭരിച്ചത്. കേരളത്തിലെ വിവിധ സഭകള്‍ക്കെല്ലാംകൂടി ഒരു ഭരണനിയമമാണ് ആവശ്യം. മൂന്നു റീത്തുകള്‍ തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളല്ല വേണ്ടത്.  ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മറ്റി ക്രോഡീകരിച്ച കരടുനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാനാണ് കേരള ഗവണ്‍മെന്റ് തയ്യാറാകേണ്ടത്. ഇതിനു സഹായകമായ നിലപാടാണ് കേരള നസ്രാണി സഭയും ലത്തീന്‍ സഭയും സ്വീകരിക്കേണ്ടത്.

Wednesday, March 14, 2018

കത്തോലിക്കാ സഭയിലെ വൈദികരുടെ പേരിലുള്ള ട്രസ്റ്റുകളെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണം. ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.സീറോ മലബാർ സഭ : പ്രവാസികൾ പിരിവെടുത്ത് ഉണ്ടാക്കിയ സ്വത്തുക്കൾ സഭയുടെ കൈയ്യിൽ ഇല്ല, എല്ലാം 7വൈദീകരുടെ ട്രസ്റ്റിനു സ്വന്തംകോട്ടയം: മലയാളി പ്രവാസി വിശ്വാസികൾ വിയർത്തുണ്ടാക്കി ദൈവത്തിനായി സമ്മർപ്പിക്കുന്ന പണം എത്തുന്നത് വൈദീകർ ഉണ്ടാക്കിയ ട്രസ്റ്റിൽ. ഏതൊരു വിശ്വാസിയേയും അമ്പരപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ച്ച് ഓസ്ട്രേലിയൻ പ്രവാസികൾ പ്രവാസി ശബ്ദത്തോട്. കൊടുത്ത പണവും വാങ്ങികൂട്ടിയ ഭൂമിയും, സ്വത്തുക്കളും ഒന്നും സഭയുടെ കൈകളിൽ ഇല്ല. വിശ്വാസികൾക്കും ഒരു റോളും ഇല്ല. കർദിനാൾക്കും മാർപ്പാപ്പ്ക്ക് പോലും റോളില്ല. എല്ലാം വൈദീകർക്ക് സ്വന്തം. ഇത് ശരിയാണോ? വിശ്വാസികൾ ചോദിക്കുന്ന ചോദ്യം തികച്ചും ന്യായം.100ലധികം കോടി രൂപയാണ്‌ ഇത്തരത്തിൽ സഭക്ക് നല്കിയ പണവും സ്വത്തും വൈദീകരുടെ ട്രസ്റ്റിൽ എത്തിയത് എന്നതും ഞെട്ടിക്കുന്നു- വിശദമായി വായിക്കുക/  വാർത്തയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ രേഖകളാണ്‌ ഇതോപ്പം കൊടുക്കുന്നത്. താഴെ കാണുന്ന ബോസ്കോ പുത്തൂർ മെത്രാനും മറ്റ് 6 വൈദീകരുമാണ്‌ ട്രസ്റ്റിന്റെ മെംബർ മാർ. എല്ലാവരും മലയാളികൾ

സീറോ മലബാർ സഭയുടെ മലയാളി പ്രവാസികളിൽ നിന്നും പിരിക്കുന്ന വൻ തുകയും, വാങ്ങിയ സ്വത്തുക്കളും ഓസ്ട്രേലിയയിൽ സഭയുടെ പക്കൽ ഇല്ല. കാനോൻ നിയമം പ്രകാരം മെത്രാന്റെ ഉടമസ്ഥതയിലും അധികാരത്തിലും ആയിരിക്കണം അതാത് രൂപതകളിലേ എല്ലാ സ്വത്തുക്കളും. ഓസ്ട്രേലിയയിൽ സീറോമലബാർ സഭക്ക് മെല്ബണിൽ രൂപതയുണ്ട്. പ്രവാസികളായ മലയാളികൾക്കായി കേരളത്തിൽ നിന്നും വന്ന സീറോ മലബാർ വൈദീകരാണ്‌ ഇത് സ്ഥാപിച്ചത്. എന്നാൽ ഓസ്ട്രേലിയയിൽ പള്ളികൾക്കായി പ്രത്യേക സർക്കാർ നിയമം നിലവിൽ ഉണ്ട്. ഈ നിയമം അനുസരിച്ചാകണം സഭയുടെ പണവും, സ്വത്തുക്കളും, പിരിവുകളും എല്ലാം നിയന്ത്രിക്കപ്പെടുക./ടോം ലൂക്കോസ് / പ്രവാസി ശബ്ദം എക്സ്ക്ളൂസീവ്

എന്നാൽ സീറോ മലബാർ സഭ ഓസ്ട്രേലിയയിലെ നിയമത്തിൽ നിന്നും ഒഴിവാകാൻ ട്രസ്റ്റ് ഉണ്ടാക്കി. ആ ട്രസ്റ്റിൽ 7 ഓളം വൈദീകർ മാത്രം. എല്ലാ സ്വത്തുക്കളും വില്ക്കാനും വാങ്ങാനും അധികാരം ആ ട്രസ്റ്റിനു സ്വന്തം. അതായത് സഭയുടെ നിയമവും, ഓസ്ട്രേലിയൻ ചർച്ച് നിയമത്തിൽ നിന്നും മനപൂർവ്വം ഒഴിവായി. 7 വ്യക്തികൾ അടങ്ങിയ ട്രസ്റ്റിന്റെ സ്വകാര്യ സ്വത്താണ്‌ ഓസ്ട്രേലിയയിലേ സീറോ മലബാർ പള്ളികളുടെ മുഴുവൻ സ്വത്തുക്കളും.
ഒരു ശരാശരി മലയാളി സീറോ മലബാർ കുടുംബം ഒരു പള്ളിക്ക് സ്ഥലം വാങ്ങാനും പള്ളി പണിയാനും 15000 ഡോളർ മുതൽ 30000 ഡോളർ വരെ നല്കുന്നുണ്ട്. അതായത് 7 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ. കൂടാതെ മാസം മിക്കവാറും കുടുംബങ്ങൾ പള്ളിക്ക് 50-100 ഡോളർ ബാങ്കിൽ നിന്നും നേരിട്ട് ഡയറക്ട് ഡബിറ്റ് നല്കുന്നു. എല്ലാ മാസവും പള്ളിയുടെ ഫണ്ടിലേക്ക് വിശ്വാസികളുടെ അക്കൗണ്ടിൽ നിന്നും 100 ഡോളർ വരെ പോകുന്നു.
മെല്ബണിൽ ഇതിനകം 3ഓളം വസ്തുക്കൾ വാങ്ങി. അവസാനം വാങ്ങിയ ഭൂമിയുടെ വില 2.11മില്യൺ ഡോളർ ആണ്‌. (10 കോടിയോളം രൂപ) ഇവിടെ മലയാളിയായ ബിഷപ്പിനു ആസ്ഥാന മന്ദിരം പണിയാൻ 15കോടി രൂപയുടെ പദ്ധതിയാണ്‌ മലയാളി വിശ്വാസ സമൂഹത്തിന്റെ തലയിൽ ഇട്ട് വച്ചിരിക്കുന്നത്.

ബ്രിസ്ബയിൻ, സിഡ്നി, പെർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സഭക്ക് മില്യൺ കണക്കിന്‌ ഡോളറിന്റെ ആസ്തികളും പദ്ധതികളും ആണുള്ളത്. എന്നാൽ ഇതെല്ലാം പടുത്തുയർത്തുന്നത് വിശ്വാസികളും. അവർ നല്കുന്ന എല്ലാ പിരിവും വാങ്ങുന്ന സ്വത്തുക്കളും സീറോ മലബാർ സഭയുടെ ആസ്തിയായല്ല മാറുന്നത്. വൈദീകർ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ്‌ പോകുന്നത്. സഭക്ക് യാതൊരു നിയന്ത്രണവും നിയമപരമായി ഈ ട്രസ്റ്റിൽ ഇല്ല. ബിഷപ്പും 7 വൈദീകരും മാത്രമാണിതിൽ ഉള്ളത്. ഇക്കണ്ട സ്വത്തുക്കളും പണവും മുഴുവൻ നല്കുന്ന ഒരുറ്റ വിശ്വാസി പോലും ഈ ട്രസ്റ്റിൽ ഇല്ല. സഭയുടെ നിയമം വയ്ച്ചും, കാനോൻ നിയമം വയ്ച്ചും, ഓസ്ട്രേലിയൻ ചർച്ച് നിയമം വയ്ച്ചും ഒരു വിശ്വാസിക്കും നാളെ ചോദ്യം ചെയ്യാൻ ആകില്ല. എല്ലാ തീരുമാനവും ട്രസ്റ്റിലെ ആളുകളിൽ മാത്രം ഒതുങ്ങും.
സീറോ മലബാർ ഓസ്ട്രേലിയ പ്രവർത്തനം നിയമ നടപടികൾ പൂർത്തീകരിക്കാതെ.
ഓസ്ട്രേലിയയിൽ മലയാളികൾ പോയതിനു പിന്നാലെ മലയാളി വൈദീകരും പിന്നാലെ ചെന്നു. അവിടെ മലയാളികൾക്കായി ആദ്യം ഇടവക ഉണ്ടാക്കി. പിന്നെ രൂപത ഉണ്ടാക്കി. എന്നാൽ ഓസ്ട്രേലിയയിൽ പ്രവർത്തിക്കാനുള്ള അനുമതിക്കായി വുളൂങ്ങൊങ് എന്ന ഓസ്ട്രേലിയ രൂപതാ ബിഷപ്പിനേ ചെന്നു കണ്ട് സഹായം അപേക്ഷിച്ചു. തുടർന്ന് വുളൂങ്ങൊങ് ബിഷപ്പ് അവരുടെ രൂപതയോട് ചേർന്ന് കിടക്കുന്ന കുറച്ചു ഭൂപ്രദേശത്ത് പ്രവർത്തിക്കാൻ അനുമതി നല്കി. ഇതൊരു കാട് പ്രദേശമാണ്‌. ജനവാസവും ഇല്ല. സിറോ-മലബാർ ബിഷപ്പും വുളൂങ്ങൊങ് ബിഷപ്പും സംയുക്തമായി ഇറക്കിയ സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം വുളൂങ്ങൊങ് രൂപതയുടെ സ്ഥലത് ആണ് സിറോ-മലബാർ രൂപത പ്രവർത്തിക്കേണ്ടത് . 
എന്നാൽ ഇതിന്റെ മറവിൽ ഈ രൂപതാ പേർ ഉപയോഗിച്ച് ഇപ്പോൾ ഓസ്ട്രേലിയ മുഴുവൻ മലയാളികളിൽ പ്രവർത്തനം നടത്തുന്നു. 23 ട്രസ്റ്റുകൾ ആണ്‌ ഓസ്ട്രേലിയയിൽ സീറോ മലബാർ പള്ളിക്ക് ഉള്ളത്. ഈ ട്രസ്റ്റുകൾ വഴിയാണ്‌ ഫണ്ട് ശേഖരണവും പിരിവും. ഈ 23 ട്രസ്റ്റുകളും മെല്ബണിലേ പ്രധാന ട്രസ്റ്റിനു കീഴിലാണ്‌.
അതായത് എല്ലാ പ്രവർത്തനവും, സ്വത്തുക്കളും മെല്ബണിലേ ബിഷപ്പിന്റെ നേതൃത്വത്തിൽ 7 വൈദീകർ അടങ്ങിയ ട്രസിന്റെ മാത്രം കീഴിൽ. കൂടാതെ വിശ്വാസികളുടെ പണം, സ്വത്തുക്കൾ കൈകാര്യം ചെയുന്നത് വൈദീകർ സ്വന്തം ട്രസ്റ്റുകൾ എന്ന പേരിൽ നിലയിൽ. സഭാ നിയമവും , കാനോൻ നിയമവും ഓസ്ട്രേലിയൻ ചർച്ച നിയമവും കാറ്റിൽ പറത്തി. (https://gazette.legislation.nsw.gov.au/so/ds/view_results.w3p?query=bosco&dateFrom=&dateTo=&results=# )
ചുരുക്കത്തിൽ “പിരിവ് കൊടുക്കുന്ന ഓസ്ട്രേലിയൻ പ്രവാസി മലയാളികൾ അറിയുന്നില്ല ഈ സത്യങ്ങൾ. വിശ്വാസികൾ കൊടുക്കുന്ന പണവും വാങ്ങി കൂട്ടുന്ന സ്വത്തുക്കളും സഭയുടെ പേരിലും അല്ല, കാനോൻ നിയമ പ്രകാരവുമല്ല. കത്തോലിക്കാ സഭക്ക് സ്വത്തുക്കളിൽ യാതോരു അധികാരവും ഉള്ളതും അല്ല. ഇതുമായി ബന്ധപ്പെട്ട് വിശ്വാസികൾ തന്നെ വാട്‌സാപ്പ്‌ മെസേജുകൾ പ്രചരിപ്പിക്കുന്നു. ചതിയിൽ വീഴാതെ വിശ്വാസികൾ കാര്യങ്ങൾ മനസിലാകാനും സന്ദേശം പറയുന്നു. പള്ളിക്ക് കൊടുക്കുന്നത് സീറോ മലബാർ സഭയിൽ എത്തുന്നില്ല എന്നതിനാൽ എന്തിനു പിരിവുകൾ നല്കണം എന്നാണ്‌ ഉയരുന്ന ചോദ്യം.
മലയാളി പ്രവാസികൾ നല്കുന്ന പണം സഭക്കോ വിശ്വാസികൾക്കോ അവകാശം ലഭിക്കുന്നതുവരെ സിറോ-മലബാർ ഓസ്‌ട്രേലിയൻ സമൂഹം പിരിവ് കൊടുക്കുന്നത് നിറുത്തി വെച്ച് പ്രതിഷേധിക്കണം എന്നും വാട്‌സാപ്പ്‌സന്ദേശം കേരളത്തിലെ വിശ്വാസികളുടെ ഗ്രൂപ്പുകളിൽ ആകമാനം പ്രചരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ സ്വത്തുക്കൾ നാളെ വിശ്വാസികൾ അറിയാതെ വൈദീകർ വിൽക്കും എന്നും സഭക്കും വിശ്വാസികൾക്കും ചോദ്യം ചെയ്യാനാകില്ലെന്നും മുന്നറിയിപ്പ് നല്കുന്നു. എല്ലാ പിരിവുകളും നിർത്തി വയ്ക്കുന്നതായിരിക്കും ഒരു വിശ്വാസിക്ക് ഈ നോമ്പ് കാലത്ത് സഭയോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ എന്നും സന്ദേശം പറയുന്നു.